ന്യൂദൽഹി: ചൈന അരുണാചലിൽ പുതിയ ഗ്രാമം ഉണ്ടാക്കിയെന്ന് വ്യക്തമാകുന്ന സാറ്റ്ലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. 101 വീടുകളോളം ഉണ്ടാക്കിയെന്നാണ് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യൻ അതിർത്തിക്കുള്ളിലാണ് ചൈന നിർമ്മാണം നടത്തിയിരിക്കുന്നത് എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നതെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. 4.5 കിലോമീറ്ററോളം സ്ഥലം കയ്യേറിയിട്ടുണ്ട് എന്നാണ് സാറ്റ്ലൈറ്റ് ഇമേജ് വ്യക്തമാക്കുന്നത്.
സാരി ചു നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രാമം സുബാൻസിരി ജില്ലയിലാണ്. ഇന്ത്യയും ചൈനയും തമ്മിൽ ഏറെക്കാലമായി തർക്കത്തിലായിരുന്നു ഈ ഭൂമിയുടെ വിഷയത്തിൽ. ഹിമാലയത്തിന്റെ കിഴക്കൻ നിരയിലാണ് ഗ്രാമം നിർമ്മിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഗാൾവാനിലുണ്ടായ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
2020 നവംബർ ഒന്നിനെടുത്ത ചിത്രമാണ് ഇപ്പോൾ എൻ.ഡി.ടി.വി പുറത്തുവിട്ടിരിക്കുന്നത്. ഇതേസ്ഥലത്ത് 2019 ആഗസ്തിൽ എടുത്ത ചിത്രത്തിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ വർഷമാണ് നിർമ്മാണം നടത്തിയത് എന്നാണ് അനുമാനം.
ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന് ചിത്രം അയച്ചുകൊടുത്തെങ്കിലും കൂടുതൽ പ്രതികരണം നൽകുകയോ ചിത്രം തെറ്റാണെന്ന് പറയുകയോ ചെയ്തില്ലെന്ന് എൻ.ഡി.ടി.വി റിപ്പോർട്ടു ചെയ്യുന്നു. ചൈന അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
നവംബറിൽ ഈ ചിത്രമെടുത്തതിന് പിന്നാലെ അരുണാചലിൽ നിന്നുള്ള ബി.ജെ.പി എം.പി ചൈന കയ്യേറ്റം നടത്തുന്ന വിവരം ലോക്സഭയിൽ അറിയിച്ചിരുന്നു. ഗ്രാമ നിർമ്മിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ധാരണയുടെ അടിസ്ഥാനത്തിലാണോ എന്ന് വിദേശകാര്യ മന്ത്രാലയത്തോട് ആരാഞ്ഞെങ്കിലും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: