മാലിദ്വീപിലെ ചെറുദ്വീപുകള്‍ ചൈന സ്വന്തമാക്കി; ലക്ഷ്യം ഇന്ത്യ
Daily News
മാലിദ്വീപിലെ ചെറുദ്വീപുകള്‍ ചൈന സ്വന്തമാക്കി; ലക്ഷ്യം ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th June 2015, 9:14 am

Maldivesതിരുവനന്തപുരം: ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തി ചൈന മാലിദ്വീപിലും ആധിപത്യമുറപ്പിക്കുന്നു. വ്യാവസായിക സാമ്പത്തിക ആവശ്യങ്ങള്‍ക്കെന്ന പേരില്‍  മാലിദ്വീപിലെ മുപ്പതോളം ആള്‍പ്പാര്‍പ്പില്ലാത്ത ചെറുദ്വീപുകളാണ് ചൈന പാട്ടത്തിന് സ്വന്തമാക്കിയിരിക്കുന്നത്. ഇവിടെ നിര്‍മ്മാണ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ ഈ നീക്ക്ം ഏറെ ജാഗ്രതയോടെ യാണ് ഇന്ത്യന്‍ അധികാരികള്‍ വീക്ഷിക്കുന്നത്.

നേരത്തെ  മഹിന്ദ രാജപക്‌സെ അധികാരത്തിലിരുന്ന കാലത്ത് ശ്രീലങ്കയില്‍ തങ്ങളുടെ സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ ചൈന നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൈത്രിപാല സിരിസേനയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ അനുകൂല സര്‍ക്കാര്‍ നിലവില്‍ വന്നതോടെ ഈ നീക്കത്തിന് മങ്ങലേല്‍ക്കുകയായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാലി ദ്വീപിലേക്ക് ചൈന നീങ്ങിയിരിക്കുന്നത്.

പാക്കിസ്ഥാനുമൊന്നിച്ച് നേരത്തെതന്നെ ഇന്ത്യയ്‌ക്കെതിരെയുള്ള നീക്കങ്ങള്‍ ചൈന ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. മുസ്ലീം രാജ്യമായ മാലിദ്വീപില്‍ ഇരുരാജ്യങ്ങളും സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ചൈനയ്ക്കും ഇന്ത്യയ്ക്കും ഒരുപോലെ തന്ത്രപ്രധാനമായ സ്ഥലത്താണ് മാലിദ്വീപ് സ്ഥിതി ചെയ്യുന്നത്. എന്നതുകൊണ്ട് തന്നെ മാലിയിലെ ഒരു ദ്വീപില്‍ സൈനികത്താവളം നിര്‍മിക്കാന്‍ അമേരിക്കയും ശ്രമം നടത്തുന്നുണ്ട്.

എന്നാല്‍ ചൈന ഇതിന് എതിരാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോഗാര്‍ഷ്യ ദ്വീപില്‍ ഇപ്പോള്‍ത്തന്നെ അമേരിക്കയുടെ ഒരു സൈനികത്താവളം പ്രവര്‍ത്തിക്കുന്നുണ്ട്. മാലിക്ക് പുറമെ ഇന്ത്യയുമായി സാമീപ്യമുള്ള ശ്രീലങ്ക, സീഷെല്‍സ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലെ അടിസ്ഥാനവികസനത്തിനുള്ള പദ്ധതികള്‍ക്കായി ചൈന കോടിക്കണക്കിന് ഡോളറാണ് വിനിയോഗിക്കുന്നത്.