ബീജിങ്: അമേരിക്കയുടെ ഹൗസ് ഓഫ് റപ്രസെന്റേറ്റീവ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശന വിഷയത്തില്‍ മുന്നറിയിപ്പുമായി ചൈന. പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളിന്മേലാണ് ചൈന പ്രതികരിച്ചത്.
യു.എസ് സ്പീക്കറുടെ തായ്‌വാന്‍ സന്ദര്‍ശന തീരുമാനം അപകടകരമാണെന്നും അത് സംഭവിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ അമേരിക്ക നേരിടേണ്ടി വരുമെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
”സ്പീക്കര്‍ നാന്‍സി പെലോസിയുടെ ചൈനീസ് സന്ദര്‍ശനത്തെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. ചൈനയെ വെല്ലുവിളിച്ച് തീരുമാനവുമായി യു.എസ് മുന്നോട്ട് പോവുകയാണെങ്കില്‍, അതിന്റെ എല്ലാ പ്രത്യാഘാതങ്ങളും യു.എസ് നേരിടേണ്ടി വരും,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് സാവൊ ലിജ്യാന്‍ പറഞ്ഞു.
യു.എസ് പ്രതിനിധിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തെ നേരിടാന്‍ ചൈന സ്വയം തയാറെടുക്കുകയാണെന്നും സാവൊ ലിജ്യാന്‍ കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് മാസത്തില്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. യു.എസിന്റെ അടുത്ത പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ സാധ്യത കല്‍പിക്കപ്പെടുന്ന നേതാവ് കൂടിയാണ് പെലോസി.
അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം സംബന്ധിച്ച് പെലോസിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും യു.എസ് പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ ഈയാഴ്ച ടെലിഫോണ്‍ സംഭാഷണം നടത്തുമെന്ന് ബൈഡന്‍ പ്രതികരിച്ചതിന് പിന്നാലെയാണ് തായ്‌വാന്‍ വിഷയത്തിലെ ചൈനയുടെ പ്രതികരണം പുറത്തുവന്നതെന്നതും ശ്രദ്ധേയമാണ്.
നേരത്തെയും തായ്‌വാന്‍ വിഷയത്തിലുള്ള അമേരിക്കയുടെ പ്രതികരണങ്ങള്‍ക്കും ഇടപെടലുകള്‍ക്കും ചൈന ശക്തമായ താക്കീതും മുന്നറിയിപ്പും നല്‍കിയിരുന്നു.
നിലവിലെ തായ്‌വാനിലെ ജനാധിപത്യ സ്വയം ഭരണ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുക്കുമെന്ന തരത്തില്‍ ചൈനയുടെ ഭാഗത്ത് നിന്നും അധിനിവേശ ഭീഷണിയും മുമ്പ് വന്നിട്ടുണ്ട്.
തായ്‌വാനെ ചൈനീസ് പ്രവിശ്യയായാണ് ബീജിങ് ഭരണകൂടം നോക്കിക്കാണുന്നത്.
Content Highlight: China gives warning to US ahead of Speaker Nancy Pelosi’s Taiwan Visit