| Tuesday, 3rd August 2021, 9:03 am

റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ മൂന്നിരട്ടിയുടെ വര്‍ധന; നടുങ്ങി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിംഗ്: കഴിഞ്ഞ മാസം ചൈനയിലുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 302 ആയി. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് മരിച്ചവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത്.

നേരത്തെ സ്ഥിരീകരിച്ചിരുന്നതിനേക്കാള്‍ മൂന്നിരട്ടിയിലേറെ മരണങ്ങളാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയുമുയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രളയബാധിത പ്രദേശങ്ങളില്‍ നിന്നും നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

ചൈനയിലെ ജെന്‍ജൗ പ്രവിശ്യയിലായിരുന്നു പേമാരിയും പ്രളയവും ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയിരിക്കുന്നതും. 297 പേരാണ് ഇവിടെ മരിച്ചത്. 47ഓളം പേരെ കാണാതായിട്ടുണ്ട്.

ഒരു കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന മേഖലയാണ് ജെന്‍ജൗ. മഞ്ഞനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നഗരങ്ങളിലെല്ലാം വെള്ളം കുതിച്ചൊഴുകുകയായിരുന്നു. ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് സെങ്‌ഴുവില്‍ ജൂലൈ 17-19 വരെയുള്ള മൂന്ന് ദിവസങ്ങളിലായി മാത്രം പെയ്തത്.

ആയിരം വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കൂടിയ തോതിലുള്ള മഴയായിരുന്നു ചൈനയിലുണ്ടായത്. ഇതോടുകൂടി മണ്ണിടിച്ചിലും പ്രളയവും ഉരുള്‍പൊട്ടലുമെല്ലാം വിവിധ പ്രദേശങ്ങളില്‍ സംഭവിച്ചിരുന്നു.

സബ്‌വേകളിലും റോഡുകളിലും വെള്ളം നിറഞ്ഞതോടെ ഈ പ്രദേശങ്ങളില്‍ ഗതാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിരുന്നു.

ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ചൈന കടന്നുപോകുന്നതെന്നായിരുന്നു അന്ന് പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രതികരിച്ചിരുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപ്രതീക്ഷിതമായിയുണ്ടാകുന്ന പ്രളയത്തിനും വരള്‍ച്ചക്കും പിന്നില്‍ കാലാവസ്ഥ വ്യതിയാനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: China Flood death toll rises to 302

We use cookies to give you the best possible experience. Learn more