| Friday, 12th November 2021, 4:34 pm

'സിംഗിള്‍സ് ഡേ' വിപണി; കുട്ടികളുടെ വസ്ത്രത്തിലൂടെ കൊവിഡ് പടരുമെന്ന പേടിയില്‍ ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: കൊവിഡ് വീണ്ടും വിവിധ രാജ്യങ്ങളില്‍ അതിന്റെ പുതിയ തരംഗത്തിലേയ്ക്ക് കടക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. ജര്‍മനി, ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയുമെല്ലാം കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ചൈനയിലെ ബീജിങ്ങില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളിലൂടെ കൊവിഡ് പടരുന്നുണ്ട് എന്ന സംശയത്തിലാണ് ചൈന.

രാജ്യത്തെ ഏറ്റവും വലിയ വാര്‍ഷിക ഷോപ്പിങ്ങ് ഫെസ്റ്റിവലായ ‘സിംഗിള്‍സ് ഡേ’ അടുത്തിരിക്കെ സാധനങ്ങളുടെ പാര്‍സലുകള്‍ വഴി വൈറസ് പടരുമോ എന്നാണ് ചൈന ഭയക്കുന്നത്.

വടക്കുകിഴക്കന്‍ പ്രദേശമായ ഹെബെയ്‌യില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയായ ഹാഒഹ്വി ഇകൊമേഴ്‌സില്‍ മൂന്ന് തൊഴിലാളികള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ, കമ്പനിയില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങിയ ആളുകളോട് കൊവിഡ് ടെസ്റ്റ് നടത്താന്‍ അധികാരികള്‍ നിര്‍ദേശിച്ചിരുന്നു.

ബീജിങ്ങിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമാണ് ഹെബെയ്. കമ്പനിയില്‍ നിന്നും നിരവധി പാക്കേജുകള്‍ വിറ്റ് പോയിട്ടുണ്ട് എന്നത് കൊണ്ടുതന്നെ ഇത് വൈറസ് വലിയ രീതിയില്‍ പടരാന്‍ ഇടയാക്കുമോ എന്ന ഭയത്തിലാണ് അധികാരികള്‍.

ഈ സാഹചര്യത്തിലാണ് സിംഗിള്‍സ് ഡേ ആഘോഷങ്ങളും അടുത്ത് വരുന്നത് എന്നത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയാണ്.

രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ അടക്കമുള്ളവയില്‍ വ്യാപക പരിശോധനയാണ് ചൈന നടത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: China doubts kid’s clothing are spreading covid

We use cookies to give you the best possible experience. Learn more