ബീജിങ്: കൊവിഡ് വീണ്ടും വിവിധ രാജ്യങ്ങളില്‍ അതിന്റെ പുതിയ തരംഗത്തിലേയ്ക്ക് കടക്കുന്ന സാഹചര്യമാണ് ഇപ്പോള്‍. ജര്‍മനി, ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയുമെല്ലാം കൊവിഡ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ 17 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ ചൈനയിലെ ബീജിങ്ങില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനിടെ കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളിലൂടെ കൊവിഡ് പടരുന്നുണ്ട് എന്ന സംശയത്തിലാണ് ചൈന.
രാജ്യത്തെ ഏറ്റവും വലിയ വാര്‍ഷിക ഷോപ്പിങ്ങ് ഫെസ്റ്റിവലായ ‘സിംഗിള്‍സ് ഡേ’ അടുത്തിരിക്കെ സാധനങ്ങളുടെ പാര്‍സലുകള്‍ വഴി വൈറസ് പടരുമോ എന്നാണ് ചൈന ഭയക്കുന്നത്.
വടക്കുകിഴക്കന്‍ പ്രദേശമായ ഹെബെയ്‌യില്‍ കുട്ടികളുടെ വസ്ത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു കമ്പനിയായ ഹാഒഹ്വി ഇകൊമേഴ്‌സില്‍ മൂന്ന് തൊഴിലാളികള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ, കമ്പനിയില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങിയ ആളുകളോട് കൊവിഡ് ടെസ്റ്റ് നടത്താന്‍ അധികാരികള്‍ നിര്‍ദേശിച്ചിരുന്നു.