| Friday, 1st December 2023, 6:59 pm

ദക്ഷിണാഫ്രിക്കയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ 450 പെട്രോള്‍ ജനറേറ്ററുകള്‍ നല്‍കി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേപ്പ് ടൗണ്‍: രാജ്യത്തെ കടുത്ത വൈദ്യുതി ക്ഷാമം കുറയ്ക്കുന്നതിനായി 450 പെട്രോള്‍ ജനറേറ്ററുകള്‍ ചൈന ദക്ഷിണാഫ്രിക്കയില്‍ എത്തിച്ചതായി പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ഏതാനും ദിവസങ്ങള്‍ക്കുളില്‍ 100 ജനറേറ്ററുകള്‍ കൂടി ചൈന രാജ്യത്ത് എത്തിക്കുമെന്ന് അറിയിച്ചതായി ദക്ഷിണാഫ്രിക്കന്‍ വൈദ്യുതി മന്ത്രി കെഗോസിയന്‍ഷോ റാമോക്ഗോപ പറഞ്ഞു.

ജോഹന്നാസ്ബര്‍ഗില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ ചൈനയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഒപ്പുവച്ച കരാറുകളുടെ ഭാഗമായാണ് ചൈനയുടെ സഹായം. 8.9 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന പവര്‍ ജനറേറ്ററിങ് ഉപകരണങ്ങളുടെ സംഭാവനയോടൊപ്പം ദക്ഷിണാഫ്രിക്കയിലെ പവര്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്ക് നവീകരിക്കാനായി 26.8 മില്യണ്‍ ഡോളറിന്റെ ഗ്രാന്റും കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വൈദ്യുതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ലഭിച്ച ഉപകരണങ്ങളെല്ലാം രാജ്യത്തെ പൊതു സ്ഥാപനങ്ങളില്‍ വിതരണം ചെയ്യുമെന്ന് റാമോക്ഗോപ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിലെ ക്ലിനിക്കുകള്‍, സ്‌കൂളുകള്‍, കോടതികള്‍ എന്നിവിടങ്ങളിലെ സേവനങ്ങള്‍ കൃത്യമായി നടക്കുന്നതിനായി ഈ ജനറേറ്ററുകള്‍ ഒരു ബാക്കപ്പായി ഉപയോഗിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടാതെ ലോഡ് ഷെഡിങ് നിര്‍ത്തലാക്കി സുസ്ഥിര ഊര്‍ജ്ജ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പ്രത്യേക ഊര്‍ജ്ജ കര്‍മ്മ പദ്ധതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായും റാമോക്ഗോപ പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ വൈദ്യുതി പ്രശ്‌നം പരിഹരിക്കുന്നതിനായി സഹായം നല്‍കുന്നതിനായി ചൈനക്ക് ഗൂഢലക്ഷ്യം ഉണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള സഹകരണത്തില്‍ ചൈനക്ക് ബിസിനസ്സ് താത്പര്യമുണ്ടെന്നും ഭരണകൂടം ആ താത്പര്യം വിപുലീകരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഊര്‍ജ്ജ ഗവേഷകന്‍ ക്രിസ് യെല്ലണ്ട് ദക്ഷിണാഫ്രിക്കയിലെ 702 റേഡിയോ സ്റ്റേഷനോട് പറഞ്ഞു.

Content Highlight: China donates 450 petrol generators to South Africa to solve power shortage

We use cookies to give you the best possible experience. Learn more