| Sunday, 16th January 2022, 11:38 am

ചൈന ആധുനിക രീതിയിലുള്ള സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്നു; വിവാദങ്ങള്‍ക്ക് മറുപടിയുമായി കോടിയേരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചൈന ആധുനിക രീതിയിലുള്ള പുതിയ സോഷ്യലിസ്റ്റ് ക്രമം രൂപപ്പെടുത്തുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐ.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ ചൈന അനുകൂല നിലപാടിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് കോടിയേരിയുടെ പ്രസ്താവന.

ചൈന ആഗോളവത്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്ന രാജ്യമാണെന്ന് കോടിയേരി പറഞ്ഞു. ‘ആധുനിക രീതിയിലെ സോഷ്യലിസ്റ്റ് ക്രമമാണ് ചൈനയിലേത്. 2021ല്‍ ചൈനയ്ക്ക് ദാരിദ്ര്യ നിര്‍മാര്‍ജനം കൈവരിക്കാന്‍ കഴിഞ്ഞു. താലിബനോട് ചൈനയുടെ നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടത്,’ അദ്ദേഹം പറഞ്ഞു.

ചൈനയെ വളയാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനില്‍ക്കുന്നുണ്ടെന്നും എന്നാല്‍ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയാണ് ഇതിനെ പ്രതിരോധിക്കുന്നതെന്നുമാണ് പി.ബി അംഗം എസ്. രാമചന്ദ്രന്‍ പിള്ള നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍ ചൈനാ നിലപാടില്‍ എസ്. രാമചന്ദ്രന്‍ പിള്ളയോട് വിയോജിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്കെതിരേ ശരിയായ നിലപാട് സ്വീകരിക്കാന്‍ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞിരുന്നു.

ഇന്ത്യയിലെ ചൈനാവിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയെ ലക്ഷ്യമിട്ടാണെന്ന എസ്.ആര്‍.പിയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

അതേസമയം, രാജ്യ താല്‍പര്യത്തേക്കാള്‍ കൂടുതല്‍ ചൈനയുടെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനുള്ള സി.പി.ഐ.എമ്മിന്റെ നീക്കം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞിരുന്നു.

നമ്മുടെ രാജ്യത്തിനെതിരെ സദാ ഭീഷണി സൃഷ്ടിക്കുകയും തരം കിട്ടുമ്പോഴൊക്കെ കടന്നു കയറ്റം നടത്തുകയും ചെയ്യുന്ന ചൈനയെ പ്രശംസിക്കുകയും ഇന്ത്യയെ തള്ളിപ്പറയുകയും ചെയ്യുന്ന സി.പി.ഐ.എം നേതാക്കളുടെ രീതി ശരിയല്ലെന്ന് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: China developing a socialist system; kodiyeri Balakrishnan

We use cookies to give you the best possible experience. Learn more