| Sunday, 2nd June 2019, 11:46 am

അമേരിക്കയുമായുള്ള ഒരു യുദ്ധം ലോകത്തില്‍ നാശം വിതയ്ക്കും; തായ്‌വാനിലെ യു.സ് സാന്നിധ്യത്തിനെതിരെ മുന്നറിയിപ്പുമായി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: തായ്‌വാനുമായി വീണ്ടും ഒന്നാവുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈനയുടെ പ്രതിരോധ മന്ത്രി വെയ് ഫെന്‍ഗെ. ഏഷ്യയിലെ വര്‍ധിച്ചു വരുന്ന യു.എസ് സൈനിക സാന്നിധ്യത്തെ വിമര്‍ശിച്ച ഫെന്‍ഗെ അമേരിക്കയുമായുള്ള ഒരു യുദ്ധം ലോകത്തിന് നാശം വിതയ്ക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

സ്വയം ഭരണം ജനാധിപത്യ രാജ്യമായ തായ്‌വാന് അമേരിക്ക നല്‍കിപ്പോന്നിരുന്ന സൈനിക, നയതന്ത്ര പിന്തുണ ട്രംപ് ഭരണകൂടം വര്‍ധിപ്പിച്ചതാണ് ചൈനയെ ചൊടിപ്പിച്ചത്. ദ്വീപ് രാജ്യമായ തായ്‌വാന്റെയും ചൈനയുടേയും ഇടയില്‍ യു.എസ് പടക്കപ്പലുകള്‍ റോന്തു ചുറ്റുന്നതും ചൈനയെ ആശങ്കപ്പെടുത്തുന്നുണ്ട്.

‘ചൈനയെ വിഭജിക്കാനുള്ള ഒരു ശ്രമവും വിജയിക്കില്ല. തായ്‌വാന്റെ കാര്യത്തില്‍ എന്തിടപെടലും നാശത്തിലേ കലാശിക്കൂ’- സിംഗപൂരില്‍ നടന്ന ശാങ്ക്രി-ലാ ഡയലോഗില്‍ വെയ് പറഞ്ഞു.

പവിത്രമായ ഭൂപ്രദേശമായി ചൈന നോക്കിക്കാണുന്ന തായ്‌വാനെ ആവശ്യമെങ്കില്‍ ബലം പ്രയോഗിച്ചും കീഴടക്കാന്‍ അവര്‍ തയ്യാറാണ്. എന്നാല്‍ തായ് വാന്‍ ഒരിക്കലും ചൈനീസ് ഭരണത്തിന് കീഴില്‍ വന്നിരുന്നില്ലെന്ന് തായ്‌വാന്‍ സ്വാതന്ത്രത്തിന് വേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ വീണ്ടും ഒന്നാവല്‍ എന്ന ചൈനയുടെ പ്രയോഗം തെറ്റാണെന്നും ഇവര്‍ പറയുന്നു. വെയ് ഉപയോഗിച്ച ചൈനീസ് പദമായ ടൊഗ് യിക്ക് ‘വീണ്ടും ഒന്നാവല്‍’ എന്നും ‘ഏകീകരണം’ എന്നും അര്‍ത്ഥമുണ്ട്.

ജനുവരിയില്‍ തായ് വാനില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബീജിങ് തായ്‌വാന്റെ സ്വാതന്ത്ര്യത്തെ നിരന്തരം അവമതിക്കുന്നതായി തായ് വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍ പറഞ്ഞിരുന്നു.

അതേസമയം, അമേരിക്കയും ചൈനയയും തമ്മിലെ വ്യാപാര യുദ്ധം കൂടുതല്‍ വഷളായിട്ടുണ്ട്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഭീമമായ നികുതി ഏര്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിക്ക് മറുപടിയായി റെയര്‍ എര്‍ത്ത് മിനറലുകളുടെ ഉത്പാദത്തില്‍ ആഗോളതലത്തില്‍ ചൈനയ്ക്കുള്ള മേല്‍ക്കൈ ഉപയോഗിച്ച് അമേരിക്കയെ പ്രതിരോധിക്കുമെന്ന് ചൈന സൂചന നല്‍കിയിരുന്നു.

‘ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ലെന്ന് പിന്നീട് പറയരുത്’ എന്ന് ചൈന അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിയറ്റ്‌നാമുമായും ഇന്ത്യയുമായും യുദ്ധത്തിലേര്‍പ്പെടുന്നതിന് മുമ്പും ചൈന ഇതേ പ്രയോഗം മുമ്പ് ഉപയോഗിച്ചിരുന്നു. ചൈനയുടെ നയതന്ത്ര ഭാഷാപ്രയോഗത്തില്‍ വളരെ വിരളമായും ഗൗരവമായും മാത്രം ഉപയോഗിച്ചിട്ടുള്ള പ്രയോഗമായിരുന്നിത്.

ഈ മാസം 10 മുതല്‍ 200 ബില്യണ്‍ ഡോളര്‍മൂല്യം വരുന്ന ചൈനീസ് ഇറക്കുമതി സാമഗ്രികള്‍ക്ക് 25 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ അമേരിക്ക തീരുമാനച്ചിരുന്നു. അതേസമയം 60 ബില്യണ്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കാനുള്ള ചൈനയും തീരുമാനിച്ചിരുന്നു.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള സ്റ്റോക്ക് വിപണികളില്‍ കനത്ത ഇടിവുണ്ടാക്കിയിരുന്നു. ഇതോടെ മുന്നറിയിപ്പുമായി ഐ.എം.എഫും രംഗത്തെത്തിയിരുന്നു. ചൈനീസ് ടെലികോം കമ്പനി വാവെയെ അമേരിക്കയില്‍ നിന്നും പുറത്താക്കിയ നടപടി ഗൗരത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കണ്ടത്.

We use cookies to give you the best possible experience. Learn more