ബീജിങ്: ചൈനയുടെ തെക്കന്‍ പ്രവിശ്യയായ ഷിന്‍ജിയാങില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ട് തള്ളി ചൈന. യു.എസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും രാഷ്ട്രീയ ഉപകരണമായി യു.എന്‍ മാറിയെന്നും, ഈ റിപ്പോര്‍ട്ട് അതിന്റെ ഭാഗമായി നിര്‍മിച്ചെടുത്തതാണെന്നും ചൈന ആരോപിച്ചു.
‘ യു.എന്‍ ഹൈക്കമ്മീഷണര്‍(OHCHR) തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ കടമക്ക് നിരക്കാത്തതും, അബദ്ധങ്ങള്‍ നിറഞ്ഞതുമാണ്’ ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍(Wang Wenbin) വ്യക്തമാക്കി.
ചൈനയുടെ വികസനത്തെയും സ്ഥിരതയെയും തടയാനാണ് ഈ നീക്കത്തിലൂടെ തീര്‍ച്ചയായും ലക്ഷ്യമിടുന്നതെന്ന് ചൈനയുടെ യു.എന്‍ അംബാസിഡര്‍ ഴാങ് ജുന്‍ (Zhang Jun) പറഞ്ഞു.
അതേസമയം, യു.എന്‍ റിപ്പോര്‍ട്ടിനെ ജപ്പാന്‍ പിന്തുണച്ചു. ചൈനയും മറ്റു രാജ്യങ്ങളും തമ്മിലുള്ള വടംവലിയില്‍ യു.എന്‍ അകപ്പെട്ടതുകൊണ്ടാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയതെന്നും ജപ്പാന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ചൈനയുടെ തെക്കന്‍ പ്രവിശ്യയായ ഷിന്‍ജിയാങില്‍ നിന്നുള്ള മനുഷ്യാവകാശ ലംഘന ആരോപണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഐക്യരാഷ്ട്രസഭ പുറത്തുവിട്ടത്.
ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗ്വര്‍ മുസ്ലിങ്ങളും മറ്റ് മുസ്‌ലിം എത്നിക് ഗ്രൂപ്പുകളും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
യു.എന്നിന്റെ മനുഷ്യാവകാശ ഓഫീസ് മേധാവി മിഷേല്‍ ബഷേലെറ്റ് (Michelle Bachelet)ആണ് ബുധനാഴ്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഏറെക്കാലമായി ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ചൈനയുടെ ഭാഗത്ത് നിന്നും വലിയ എതിര്‍പ്പും നിലനിന്നിരുന്നു.
റിപ്പോര്‍ട്ട് മാസങ്ങളായി തയാറായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ മാത്രമാണ് പുറത്തുവിടാന്‍ സാധിച്ചതെന്നും മിഷേല്‍ ബഷേലെറ്റ് പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
യു.എന്നിന്റെ മനുഷ്യാവകാശ ഓഫീസ് മേധാവി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പായാണ് മിഷേല്‍ ബഷേലെറ്റിന്റെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് എന്ന പ്രത്യേകതയുമുണ്ട്.
ഷിന്‍ജിയാങില്‍ ഉയിഗ്വര്‍ മുസ്ലിങ്ങളെയും മറ്റ് മുസ്‌ലിം എത്നിക് ഗ്രൂപ്പുകളെയും ചൈനീസ് ഭരണകൂടം തടവിലിട്ട് പീഡിപ്പിക്കുകയാണെന്നും ഇത് മനുഷ്യരാശിക്ക് തന്നെ എതിരായ കുറ്റകൃത്യമാണെന്നും യു.എന്നിന്റെ ഹ്യൂമന്‍ റൈറ്റ്സ് ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണങ്ങളുമാണ് ഉയിഗ്വറുകള്‍ക്കെതിരെ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.