ചന്ദ്രനിൽ പുതു വിപ്ലവം സൃഷ്ടിച്ച് ചൈന
Worldnews
ചന്ദ്രനിൽ പുതു വിപ്ലവം സൃഷ്ടിച്ച് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th June 2024, 9:19 am

ബെയ്ജിങ്: ചാന്ദ്ര പര്യവേഷണത്തിൽ നിർണായക ചുവടുവെപ്പുമായി പുതു വിപ്ലവം സൃഷ്ടിച്ച് ചൈന. ചൈനയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ ചൈന നാഷണൽ സ്പേസ് അഡ്മിനിസ്‌ട്രേഷന്റെ ചാന്ദ്ര ദൗത്യമായ ചാങ് ഇ-6 ചന്ദ്രനിൽ നിന്ന് രണ്ട് കിലോയോളം കല്ലും മണ്ണും കഴിഞ്ഞ ദിവസം ഭൂമിയിലെത്തിച്ചു.

ഭൂമിയിൽ നിന്ന് കാണാൻ കഴിയാത്ത ചന്ദ്രന്റെ വിദൂരവശത്തെ സാമ്പിളുകൾ ഇതാദ്യമായാണ് ഭൂമിയിലെത്തുന്നത്. സാമ്പിളുകളുമായി പോയ പേടകം ഇന്ത്യൻ സമയം 11 :30ഓടെ ഇന്നർ മംഗോളിയ മേഖലയിൽ ഇറങ്ങുകയായിരുന്നു. സാമ്പിളുകൾ ചൈനീസ് ശാസ്ത്രജ്ഞർ പഠനം നടത്തിയ ശേഷം മറ്റ് രാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്കും അവസരം നൽകും.

ഇതാദ്യമായാണ് ഒരു രാജ്യം ഭൂമിയിൽ നിന്ന് കാണാൻ സാധിക്കാത്ത ചന്ദ്രോപരിതലത്തിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്നത്. മെയ് ആദ്യവാരമാണ് ചാങ് ഇ-6 പേലോഡുകളുമായി ചന്ദ്രനിലേക്ക് കുതിച്ചത്. ജൂൺ രണ്ടിനാണ് സാമ്പിളുകൾ ശേഖരിച്ചത്. ജൂൺ നാലിന് അവയുമായി ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് തിരിച്ചു. തുടർന്ന് അവിടെ കാത്തിരുന്ന ഓർബിറ്റുമായി വിജയകരമായി പേടകത്തെ ബന്ധിപ്പിച്ചു.

Also Read: എന്താ ജയ് ശ്രീരാം വിളിക്കുന്നില്ലേ? അയോധ്യയിലെ എസ്.പി, എം.പി അവധേഷ്‌ പ്രസാദിന്റെ സത്യപ്രതിജ്ഞക്കിടയിൽ നാടകീയ രംഗങ്ങൾ

13 ദിവസം ചാന്ദ്ര ഭ്രമണപഥത്തിൽ ചെലവഴിച്ച ശേഷമാണ് പേടകം വിജയകരമായി ഭൂമിയിലെത്തിയത്.

ഓർബിറ്റർ, ലാൻഡർ,റിട്ടേൺ, അസന്ദർ എന്നിങ്ങനെ നാല് ഭാഗങ്ങളടങ്ങിയതാണ് ചാങ് ഇ-6 ധൗത്യം. ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയ ശേഷം ലാൻഡർ-അസാൻഡർ ഭാഗങ്ങൾ ചന്ദ്രനിൽ ഇറങ്ങി. ഓർബിറ്റർ റിട്ടേൺ ഭാഗങ്ങൾ ഭ്രമണപഥത്തിൽ തന്നെ നിന്നു. താഴെയിറങ്ങിയ ലാൻഡർ സാമ്പിളുകൾ ശേഖരിച്ച് അസാൻഡറിൽ നിറച്ചു. പിന്നീട് ഭ്രമണപഥത്തിൽ എത്തിയ അസാൻഡർ ഓർബിറ്റുമായി കൂടിച്ചേർന്ന് ഭൂമിയെ ലക്ഷ്യമാക്കി യാത്ര തുടങ്ങി.

ചന്ദ്രന്റെ വിദൂര വശത്ത് ഇറങ്ങുന്ന ഒരേയൊരു രാജ്യം ചൈനയാണ്. 2019ൽ ചാങ് ഇ ദൗത്യത്തിലൂടെയാണ് ഇത് ആദ്യം സാധിച്ചത്. കഴിഞ്ഞ വർഷം ചാങ്-5 ഇത് പോലെ ചന്ദ്രന്റെ ഭൂമിയോടഭിമുഖീകരിച്ച് നിൽക്കുന്ന ഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചിരുന്നു.

 

Content Highlight: China created history by collecting samples from moon