ബീജിങ്: ചൈനയില്‍ കൊറോണ വൈറസ്ബാധ മൂലമുള്ള മരണം തുടരുന്നു. വൈറസ് ബാധമൂലം മരണപ്പെട്ടവരുടെ എണ്ണം 304 ആയി ഉയര്‍ന്നു. സെന്റട്രല്‍ ഹുബൈ പ്രവിശ്യയിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്.
ശനിയാഴ്ച അര്‍ദ്ധരാത്രിക്കുള്ളില്‍ പുതുതായി 2590 പേര്‍ക്ക് കൂടി അണുബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 14380 ആയി ഉയര്‍ന്നു. 45 പേരാണ് ഇന്നലെ മാത്രം മരിച്ചത്.
വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ശനിയാഴ്ച ഉച്ചയ്ക്ക് ചൈനയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഇന്ത്യക്കാരുമായി ദല്‍ഹിയിലേക്ക് യാത്ര തിരിച്ചു.
വിദ്യാര്‍ത്ഥികളടക്കം 300 പേരാണ് വിമാനത്തിലുള്ളത്. തിരിച്ചെത്തുന്ന സംഘത്തെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റും.
ശനിയാഴ്ച രാവിലെ ചൈനയില്‍ക്കുടുങ്ങിക്കിടക്കുന്ന 324 ഇന്ത്യക്കാരെ വ്യോമമാര്‍ഗം തിരിച്ചെത്തിച്ചിരുന്നു. എന്നാല്‍കടുത്ത പനിയുള്ള ആറുപേര്‍ക്ക് ചൈനയില്‍ നിന്ന് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ചൈനയില്‍ കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുന്നുകൊണ്ടിരിക്കുകയാണ്. ചൈനകൂടാതെ മറ്റ് 22 രാജ്യങ്ങളില്‍ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് റഷ്യ, ജപ്പാന്‍, പാകിസ്താന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ചൈനയൊഴികെയുള്ള രാജ്യങ്ങളില്‍ ഇതു വരെ കൊറോണ മൂലം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യ, ജര്‍മ്മനി, ജപ്പാന്‍, തായ്‌ലാന്‍ഡ്, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ, വിയറ്റ്‌നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ് എന്നീ രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കൊറോണ വൈറസ് വിവിധ രാജ്യങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.