| Tuesday, 19th March 2024, 9:06 am

പുടിനെ അഭിനന്ദിച്ച് ചൈന; വിജയത്തിന് പിന്നില്‍ റഷ്യന്‍ ജനതയുടെ പിന്തുണയെന്ന് ഷി ജിന്‍ പിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: അഞ്ചാം തവണയും റഷ്യന്‍ പ്രസിഡന്റായി സ്ഥാനമേറ്റ പുടിനെ അഭിനന്ദിച്ച് ചൈന. പുടിന്റെ വിജയം റഷ്യന്‍ ജനതയുടെ പിന്തുണ പൂര്‍ണമായി പ്രതിഫലിപ്പിക്കുന്നുവെന്നും മോസ്‌കോയോടുള്ള തന്ത്രപരമായ ബന്ധം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ബെയ്ജിങ് തയ്യാറാണെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് പറഞ്ഞു.

വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പുടിന് റഷ്യയുടെ രാഷ്ട്രീയ അജണ്ട പൂര്‍ത്തിയാക്കാനാകുമെന്നും ഷി അഭിപ്രായപ്പെട്ടു. അതിനായി റഷ്യക്ക് തുടര്‍ന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്നും അറിയിച്ചു.

സമീപ വര്‍ഷങ്ങളില്‍ റഷ്യന്‍ ജനത ഒറ്റക്കെട്ടായി വെല്ലുവിളികളെ അതിജീവിച്ച് ദേശീയ വികസനത്തിലേക്കും പുനരുജ്ജീവനത്തിലേക്കും സുസ്ഥിരമായ പുരോഗതി കൈവരിച്ചത് പുടിന്റെ പിന്തുണയോടെയാണെന്നും തന്റെ അഭിനന്ദന സന്ദേശത്തില്‍ ഷി പറഞ്ഞു.

ചൈന – റഷ്യ ബന്ധത്തിന് ബെയ്ജിങ് വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നും സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തത്തിന്റെ സുസ്ഥിരവും ആഴത്തിലുള്ളതുമായ വികസനം പ്രോത്സാഹിപ്പിക്കാന്‍ റഷ്യയുമായി ആശയവിനിമയ നിലനിര്‍ത്താന്‍ ചൈന തയ്യാറാണെന്നും ഷി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും അവരുടെ ജനങ്ങള്‍ക്കും പ്രയോജനം ചെയ്യുന്ന ഒരു പുതിയ യുഗം ആയിരിക്കും നിലവില്‍ വരികയെന്നും ഷി കൂട്ടിച്ചേര്‍ത്തു.

87.97 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്‍ വീണ്ടും അധികാരമുറപ്പിച്ചത്. ആറ് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയാല്‍, 200 വര്‍ഷത്തിനിടെ റഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം സേവിക്കുന്ന നേതാവായി അദ്ദേഹം മാറും.

2012ല്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ (സി.പി.സി) നേതൃത്വം ഏറ്റെടുത്തത് മുതല്‍ ഷി പുടിനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഉക്രൈന് എതിരെ റഷ്യ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇരുനേതാക്കളും ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിച്ചിരുന്നു.

Content Highlight: China Congratulates Vladimir Putin For His Victory

We use cookies to give you the best possible experience. Learn more