കൊമ്പുകോര്‍ക്കല്‍ നിര്‍ത്താതെ ചൈന; ആസിയാന്‍ രാജ്യങ്ങള്‍ക്കിടയില്‍ അസംതൃപ്തി, പരാതിയുമായി വിയറ്റ്‌നാം
World News
കൊമ്പുകോര്‍ക്കല്‍ നിര്‍ത്താതെ ചൈന; ആസിയാന്‍ രാജ്യങ്ങള്‍ക്കിടയില്‍ അസംതൃപ്തി, പരാതിയുമായി വിയറ്റ്‌നാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd July 2020, 7:34 pm

ഹനോയ്: ഇന്ത്യയുമായുള്ള സൈനിക തര്‍ക്കങ്ങള്‍ നിലനില്‍ക്കെ മറ്റ് അയല്‍രാജ്യങ്ങളുമായി ഇടഞ്ഞ് ചൈന. വിയറ്റ്‌നാമാണ് ചൈനയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ദക്ഷിണ ചൈന കടലില്‍ സൈനികാഭ്യാസം നടത്തുന്നതിനെതിരെയാണ് വിയറ്റ്‌നാം പ്രതിഷേധം അറിയിച്ചത്.

സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ചൈനയുടെ ബന്ധത്തിന് ഇത് ഹാനികരമാണെന്നാണ് വിയറ്റ്‌നാം വിദേശ കാര്യമന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.

വ്യാഴാഴ്ചയാണ് വിയറ്റ്‌നാം അവകാശമുന്നയിക്കുന്ന പരസെല്‍ ദ്വീപിനു സമീപം ചൈന സൈനികാഭ്യാസം നടത്തിയത്. ചൈനയുടെ നടപടി വിയറ്റ്‌നാം പരമാധികാരത്തെ ലംഘിക്കലാണെന്ന് വിയറ്റ്‌നാം വിദേശ കാര്യ മന്ത്രാലയ പ്രതിനിധി അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ചൈന സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ വളര്‍ന്നു വരുന്ന സുരക്ഷിതത്വമില്ലായമയെക്കുറിച്ച് പ്രാദേശിക ഉച്ചകോടിയില്‍ ഫിലിപ്പീന്‍സും വിയറ്റ്‌നാമും മുന്നറിയിപ്പ് നല്‍കിയിരുന്നു.

രണ്ടു മാസം മുമ്പ് ചൈനീസ് കപ്പലുകള്‍ മലേഷ്യയിലെയും വിയറ്റ്നാമിലെയും കടല്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചിരുന്നു. ദക്ഷിണ ചൈനാ കടലിലെ തര്‍ക്ക മേഖലയില്‍ മലേഷ്യയുടെ സ്റ്റേറ്റ് ഓയില്‍ കമ്പനിയായ പെട്രോനാസിലെ കപ്പലിനെ ചൈനയുടെ കപ്പല്‍ പിന്തുടര്‍ന്നിരുന്നു.

മെയ് എട്ടിന് രണ്ട് ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ സെന്‍കാക്കു ദ്വീപുകളുടെ അതിര്‍ത്തി കടന്ന് ഒരു ജപ്പാനീസ് ഫിഷിംഗ് ബോട്ടിനെ പിന്തുടര്‍ന്നു. സമീപത്ത് പെട്രോളിംഗ് നടത്തുന്ന നിരവധി ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ ചൈനീസ് കോസ്റ്റ് ഗാര്‍ഡ് കപ്പലിനുമുന്നറയിപ്പ് നല്‍കുകയും ബോട്ടിനെ സംരക്ഷിക്കാന്‍ നടപടിയെടുക്കുകയും ചെയ്തു. ഇത് മേഖലയില്‍ സംഘര്‍ഷ ഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു.

ഏപ്രില്‍ 16 ന് ഗല്‍വാന്‍ താഴ്വരയില്‍ നടന്ന നടന്ന ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തെ പറ്റി വാര്‍ത്ത പുറത്തു വന്ന അന്ന് തന്നെ തായ്വാന്‍ വ്യോമ പ്രതിരോധ മേഖലയില്‍ ചൈനീസ് വിമാനം പ്രവേശിച്ചിരുന്നു. ഈ വിമാനത്തെ തുരത്താന്‍ തായ്വാന്‍ സേന ശ്രമിക്കുകയും ചെയ്തു. ഒരാഴ്ചക്കുള്ളില്‍ തായ്വാന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ നടക്കുന്ന മൂന്നാമത്തെ കടന്നു കയറ്റമാണിത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ