| Monday, 15th July 2013, 1:54 pm

ജനകീയ പ്രതിഷേധം: ആണവപ്ലാന്റിന്റെ നിര്‍മാണം ചൈന റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബെയ്ജിങ്: ജനകീയ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ ചൈനയുടെ തെക്കന്‍ മേഖലയില്‍ സ്ഥാപിക്കാനൊരുങ്ങിയ ഏറ്റവും വലിയ ആണവപ്ലാന്റിന്റെ നിര്‍മാണം ചൈന നിര്‍ത്തലാക്കി. []

ഇന്ത്യയിയില്‍ ജയ്താപൂര്‍ ആണവ നിലയത്തിനെതിരേയും കൂടംകുളം ആണവ നിലയത്തിനെതിരേയും നടത്തുന്ന ജനകീയ പ്രക്ഷോഭത്തെ മാനിക്കാത്ത ഇന്ത്യന്‍ സര്‍ക്കാര്‍ മാതൃകയാക്കേണ്ട ഒന്നാണ് ഇത്.

കോടികള്‍ ചിലവഴിച്ചു കഴിഞ്ഞെന്ന കാരണം പറഞ്ഞ് ആണവപദ്ധതിയില്‍ നിന്നും പിന്നോട്ട് പോകാന്‍ തയ്യാറാകാത്ത ഇന്ത്യന്‍ സര്‍ക്കാര്‍ കണ്ടുപഠിക്കേണ്ടിയിരുന്നു ഈ ചൈനീസ് മാതൃക.

ആണവപ്ലാന്റിന്റെ നിര്‍മാണം നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളായിരുന്നു പ്രതിഷേധവുമായി ചൈനയിലെ തെരുവുകളില്‍ ഇറങ്ങിയത്.

ചൈനയുടെ പേള്‍ റിവര്‍ മേഖലയിലെ 230 ഹെക്ടര്‍ സ്ഥലത്തായിരുന്നു ആറ് ലക്ഷം കോടി യു.എസ് ഡോളര്‍ ചിലവില്‍ ആണവപ്ലാന്റ് നിര്‍മിക്കാന്‍ ഒരുങ്ങിയത്. ഹോംകോങ് മെക്കോ രാജ്യങ്ങളുടേയും സമീപ പ്രദേശമായ ഗോംഡോങ്ങിലായിരുന്നു പ്ലാന്റിന്റെ നിര്‍മാണം തുടങ്ങാനിരുന്നത്.

ജനങ്ങളുടെ പ്രതിഷേധത്തെ മാനിക്കുന്നെന്നും അതുകൊണ്ട് തന്നെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഹെഷാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഹെഷാന്‍ സിറ്റി ഗവണ്‍മെന്റ് സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെ അറിയിച്ചു.

ചൈനയുടെ നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പറേഷനും ചൈന ഗോണ്ടോങ് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനും സംയുക്തമായായിരുന്നു പദ്ധതി ആരംഭിക്കാനിരുന്നത്.

എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്‍മാറിയതുമായി ബന്ധപ്പെട്ട് ഇവര്‍ ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ല.

ആയിരം ടണ്‍ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റ് 2020 ഓടെ പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. എന്നാല്‍ ജനകീയ പ്രതിഷേധം മാത്രമാണോ പദ്ധതിയില്‍ നിന്നും പിന്നോക്കാന്‍ പോകാന്‍ കാരണമെന്ന് വ്യക്തമല്ലെന്ന് ബെയ്ജിങ്ങിലെ ആണവോര്‍ജ്ജ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മറ്റ് ആണവോര്‍ജ്ജ പദ്ധതികളേക്കാളും യുറേനിയം ഉത്പാദനം അത്ര കണ്ട് ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നും ഇതിന്റെ ഉത്പാദനഘട്ടത്തില്‍ ജനങ്ങള്‍ക്കോ പ്രകൃതിക്കോ ദോഷകരമായ ഒന്നും സംഭവിക്കില്ലെന്നും പദ്ധതിയുമായി അടുത്ത ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. തന്റെ പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെയാണ് അദ്ദേഹം ഇത് പറഞ്ഞത്.

പദ്ധതി ഉപേക്ഷിക്കാന്‍ ഭരണകൂടം തയ്യാറായില്ലെങ്കില്‍ കൂടുതല്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കാനായിരുന്നു ജനങ്ങളുടെ നീക്കം. പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സിറ്റി ഓഫീസുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളായി നൂറ് കണക്കിന് പ്രക്ഷോഭകരായിരുന്നു റാലി നടത്തിയത്

ജനങ്ങളേയും പ്രകൃതിയേയും ബാധിക്കുന്ന വിഷയങ്ങളിലെ പ്രതിഷേധങ്ങളോട് മൃദുവായ സമീപനം തന്നെയാണ് അടുത്ത കാലത്തായി സര്‍ക്കാര്‍ സ്വീകരിച്ച് പോന്നത്. ആദ്യമായാണ് ഒരു വന്‍ ആണവോര്‍ജ്ജ പദ്ധതിയില്‍ നിന്നും ചൈന പിന്നോട്ട് പോകുന്നത്.

നിലവിലുള്ള ന്യൂക്ലിയര്‍ പവര്‍ കപ്പാസിറ്റി 60-70 ജിഗാവാട്ട്‌സിനും മുകളിലേക്ക് പോയിട്ടുണ്ട്. ചൈനയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന സിച്വാന്‍ പ്രവിശ്യയില്‍ നിന്നും 800 ടണ്‍ യുറേനിയം ഇന്ധനമാണ് നിലവില്‍ ചൈന ഉത്പാദിപ്പിക്കുന്നത്.

ഇത് ആഭ്യന്തര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും കസാഖിസ്ഥാന്‍, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകള്‍ ഏറ്റവും കൂടുതലുള്ള ഒരു പ്രദേശം കൂടിയാണ് ചൈനയിലെ ഗോണ്ടോങ്. 5 ന്യൂക്ലിയര്‍ റിയാക്ടറും ഫ്രഞ്ച്, അറേവ, വെസ്റ്റിങ്ഹൗസ്, ജപ്പാനിലെ തോഷിബ കോര്‍പ്പറേഷന്‍ തുടങ്ങിയവയുടെ ഇന്‍കോര്‍പ്പറേറ്റിങ് ടെക്‌നോളജീസും ഇവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നുണ്ട്.

We use cookies to give you the best possible experience. Learn more