ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിനെ ഏകാധിപതിയെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത് നിരുത്തരവാദിത്തപരമെന്നും തെറ്റാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം.
യു.എസിലെ സാൻഫ്രാൻസിസ്കോയിൽ ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയതിന് മണിക്കൂറുകൾക്കു ശേഷമായിരുന്നു യു.എസ് പ്രസിഡന്റിന്റെ വിശേഷണം.
ജൂണിൽ ഷി ജിൻ പിങ്ങിനെ ഏകാധിപതി എന്ന് വിശേഷിപ്പിച്ച ബൈഡൻ ഇപ്പോഴും ആ നിലപാട് തുടരുമോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു.
‘നോക്കൂ. അദ്ദേഹം ഏകാധിപതി തന്നെയാണ്. അദ്ദേഹം ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാണ്. നമ്മുടേതിൽ നിന്ന് വളരെ വ്യത്യസ്തമായ ഗവണ്മെന്റ് രൂപമാണ് അവരുടേത്,’ ബൈഡൻ പറഞ്ഞു.
ബൈഡന്റെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ തീർത്തും തെറ്റാണെന്നും നിരുത്തരവാദിത്തപരമാണെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് മാവോ ജിങ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇരു രാജ്യങ്ങൾക്കുമിടയിലെ ഭിന്നത വളർത്താനുള്ള ശ്രമങ്ങളെ അപലപിക്കുന്നതായും അവർ അറിയിച്ചു. ഉഭയകക്ഷി ബന്ധം സ്ഥാപിക്കുന്നതിന് പരസ്പര ബഹുമാനം വളരെ പ്രധാനമാണെന്നും മാവോ ജിങ് പറഞ്ഞു.
എല്ലാ രാജ്യങ്ങൾക്കും ചില പ്രശ്നങ്ങൾ ഉണ്ടാകുമെന്നും സ്വന്തം യു.എസിന് സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാനും സ്വന്തം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും സാധിക്കട്ടെ എന്നും അവർ പറഞ്ഞു.
Content Highlight: China brands Biden ‘irresponsible’ for describing Xi Jinping as a dictator