| Monday, 22nd June 2020, 8:18 am

'ബോയ്‌ക്കോട്ട് ചൈന' അത്ര എളുപ്പമാകില്ല: ഒഴിവാക്കല്‍ പെട്ടെന്ന് സാധ്യമാകില്ലെന്ന് സ്‌പോര്‍ട്‌സ് മാര്‍ക്കറ്റുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്ത്യയില്‍ ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്

ചൈനീസ് ഉല്പന്നങ്ങളും ഉപകരണങ്ങളും ആപ്പുകളുമൊക്കെ ഇന്ത്യയില്‍ വിലക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം. കേന്ദ്രസര്‍ക്കാറിന്റെ കിഴിലുള്ള ബി.എസ്.എന്‍.എല്ലിനോട് 4ജി നവീകരണത്തിന് ചൈനീസ് ഉപകരണങ്ങളൊന്നും ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 52 ഓളം ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന് ഇന്റലിജെന്‍സ് ഏജന്‍സികളും നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ പറയുന്നതുപോലെ അത്ര എളുപ്പമാകില്ല ചൈനീസ് ഉല്പന്നങ്ങളെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഒഴിവാക്കാന്‍. പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് മാര്‍ക്കറ്റുകളില്‍ നിന്ന്.

ഇന്ത്യയിലെ സ്‌പോര്‍ടസ് വിപണികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ചൈന. വ്യവസായ വകുപ്പിന്റെ 2018ലെ കണക്കുകള്‍പ്രകാരം പകുതിയിലധികം സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്.

ടേബിള്‍ ടെന്നീസ് ബോള്‍, ഷട്ടില്‍കോക്കുകള്‍, ബാഡ്മിന്റണ്‍, ടെന്നീസ് റാക്കറ്റുകള്‍, ഗുസ്തി മാറ്റുകള്‍, ജാവലിന്‍, ഹൈജമ്പ് ബാറുകള്‍, ഹോക്കി സ്റ്റിക്കുകള്‍, ബോക്‌സിംഗ് ഹെഡ്ഗാര്‍ഡുകള്‍, മൗണ്ടന്‍ ക്ലൈംബിംഗ് ആക്‌സസറീസ്, ജിം ഉപകരണങ്ങള്‍, സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍ തുടങ്ങിയ ഒട്ടുമിക്ക സ്‌പോര്‍ട് ഉപകരണങ്ങളും ചൈനയില്‍ നിന്നുമാണ്.

‘അവര്‍ക്ക് കായിക വിപണിയില്‍ 50 ശതമാനത്തിലധികം പങ്കുണ്ട്,” ഇന്ത്യയിലെ പ്രമുഖ കമ്പനിയായ വാട്സ് സ്‌പോര്‍ട്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ലോകേഷ് വാട്സ് പറയുന്നു. ”വോക്കല്‍ ഫോര്‍ ലോക്കല്‍” എന്ന് പറയുന്നു, പക്ഷേ പതിറ്റാണ്ടുകളായി സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങള്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണികളില്‍ മേല്‍ക്കോയ്മ ഉണ്ടാക്കാന്‍ സഹായിച്ചതായാണ് ഇവര്‍ പറയുന്നത്.

റാക്കറ്റുകളെയും ടേബിളുകളെയും സംബന്ധിച്ചിടത്തോളം ഇന്ത്യ സ്വാശ്രയമാണെങ്കിലും ബോളുകള്‍ നിര്‍മ്മിക്കുന്നതില്‍ ചൈന ഒരു കുത്തകയായി തുടരുകയാണെന്ന് ടേബിള്‍ ടെന്നീസ് താരം സത്യന്‍ ജ്ഞാനശേഖരന്‍ പറയുന്നു,

ഇന്ത്യന്‍ ബോക്സര്‍മാരുടെ ജനപ്രിയ ബ്രാന്‍ഡുകളില്‍ ഒന്നാണ് ഓസ്ട്രേലിയയുടെ സ്റ്റിംഗ് എന്നും എന്നാല്‍ ഇവ നിര്‍മ്മിക്കുന്നത് ചൈനയിലാണെന്നുമാണ് ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ജേ കൗലി പറയുന്നത്.

20181-19 ലെ ഏകദേശം 3 കോടി രൂപയുടെ ബോക്‌സിംഗ് ഉപകരണങ്ങള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തിട്ടുണ്ട് ഇതില്‍ ചൈനയില്‍ നിന്ന് ഉറക്കുമതി ചെയ്തത് 1.38 കോടി രൂപയ്ക്കാണ്.

സ്‌പോര്‍ട്‌സ് വിപണികള്‍ വലിയോതോതില്‍ തന്നെ ചൈനയെ ആശ്രയിക്കുന്നത് കൊണ്ട് പറയുന്നപോലെ അത്ര എളുപ്പമാകില്ല ചൈനീസ് ഉല്പന്നങ്ങളും ഉപകരണങ്ങളും വിലക്കാനുള്ള തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more