| Sunday, 12th July 2020, 12:58 pm

'പാകിസ്താനല്ല, ചൈനയാണ് ഇന്ത്യയ്ക്ക് ഭീഷണി'; കെട്ടിപ്പിടിച്ചും കൈകൊടുത്തും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീരില്ലെന്ന് ശരദ് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അതിര്‍ത്തിയിലെ ആശങ്കകള്‍ തുടരവെ ചൈനയ്‌ക്കെതിരെ തിരിഞ്ഞ് എന്‍.സി.പി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍. ഇന്ത്യയ്ക്ക് ചൈന പാകിസ്താനേക്കാള്‍ വലിയ ഭീഷണിയാണ് എന്നാണ് പവാര്‍ പറഞ്ഞത്.

ചൈനയുടെ സൈനിക ശക്തി ഇന്ത്യയേക്കാള്‍ പത്തിരട്ടി വലുതാണ്. അയല്‍ രാജ്യം എന്ന പരിഗണനയില്‍നിന്നും ചൈന ഇന്ത്യയെ മാറ്റിനിര്‍ത്തിയിരിക്കുകയാണെന്നും മുന്‍ പ്രതിരോധ മന്ത്രി കൂടിയായ പവാര്‍ മുന്നറിയിപ്പ് നല്‍കി.

‘ശത്രുവിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം നമ്മുടെ മനസിലേക്ക് ഓടി വരിക പാകിസ്താന്റെ പേരാണ്. പക്ഷേ, പാകിസ്താനെച്ചൊല്ലി നമ്മള്‍ ഭയപ്പെടേണ്ടതില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍, ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാനുള്ള ശക്തിയും കാഴ്ചപ്പാടും ചൈന നേടിയിട്ടുണ്ട്. ചൈന ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്’, പവാര്‍ പറഞ്ഞു.

‘സഹവര്‍ത്തിത്വത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ മാത്രം രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ല’, ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആലിംഗനം ചെയ്തതിന്റെയും ഹസ്തദാനം നല്‍കിയതിന്റെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഉന്നം വെച്ച് പവാര്‍ പറഞ്ഞു.

ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും ചൈനയ്ക്കുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്താന്‍ കേന്ദ്രം ശ്രമിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക ശക്തിയായി മാറിയ ചൈനയാണ് ഇന്ത്യയുടെ യഥാര്‍ത്ഥ ഭീഷണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more