| Thursday, 5th November 2020, 11:52 pm

ഇന്ത്യക്കാര്‍ക്ക് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ചൈനയില്‍ തിരിച്ചെത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ചൈന അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വെച്ചു.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യയും ചൈനയും തമ്മിലുള്ള വിമാന സര്‍വീസുകള്‍ ഇതുവരെ പുനരാരംഭിച്ചില്ലെങ്കിലും വന്ദേഭാരത് മിഷന്റെ ഭാഗമായി എയര്‍ഇന്ത്യ വിമാനങ്ങള്‍ ചൈനയിലേക്ക് സര്‍വീസ് നടത്തിയിരുന്നു. നവംബര്‍ 13 നും ഡിസംബര്‍ നാലിനു ഇടയിലായി എയര്‍ഇന്ത്യയുടെ നാലു വിമാനങ്ങളാണ് ചൈനയിലെത്തേണ്ടിയിരുന്നത്.

വന്ദേഭാരത് മിഷന്‍ വഴി കഴിഞ്ഞ വെള്ളിയാഴ്ച ചൈനയിലെത്തുന്ന ഇന്ത്യക്കാരില്‍ 23 പേര്‍ കൊവിഡ് പോസിറ്റീവ് ആയിരുന്നു. ഇവരില്‍ 19 പേര്‍ക്ക് ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. വന്ദേഭാരത് മിഷനിലൂടെ 1500 ഇന്ത്യക്കാര്‍ മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി ബീജിങ്ങിലുള്ള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചൈനയുടെ പുതിയ തീരുമാനം ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഇന്ത്യക്കൊപ്പം ബെല്‍ജിയം, യു.കെ. ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും ചൈന താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ചൈനീസ് നയതന്ത്ര, സേവന, സി വിസകള്‍ കൈവശമുള്ളവര്‍ക്ക് ഇത് ബാധകമല്ലെന്നും ചൈന വ്യക്തമാക്കിയിയിട്ടുണ്ട്. അടിയന്തര ആരോഗ്യപരമായ ആവശ്യങ്ങള്‍ക്കായി ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസക്കായി ഇന്ത്യയിലെ ചൈനീസ് എംബസിയിലേക്കോ കോണ്‍സുലേറ്റുകളിലോ അപേക്ഷ സമര്‍പ്പിക്കാനാവും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more