ബെയ്ജിങ്: ശൈത്യകാല അവധി ദിനങ്ങളില്‍ മുസ്‌ലിം കുട്ടികള്‍ മതപരിപാടികളില്‍ പങ്കെടുക്കുന്നത് വിലക്കി ചൈനീസ് സര്‍ക്കാര്‍. വിദ്യാഭ്യാസ ബ്യൂറോ വെബ്‌സൈറ്റിലൂടെ പുറത്തിവിട്ട നോട്ടിഫിക്കേഷനിലാണ് ഇക്കാര്യം പറയുന്നത്.
മുസ്‌ലിം ഗോത്രന്യൂനപക്ഷമായ ഹ്യൂയി വിഭാഗത്തിലുള്ളവര്‍ കൂടുതലായുള്ള ഗാന്‍സു പ്രവിശ്യയില ലിന്‍ക്‌സിയയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മതപരമായ കെട്ടിടങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിക്കുകയും ചെയ്തതായി ജില്ലാ എഡ്യുക്കേഷന്‍ ബ്യൂറോ നോട്ടിഫിക്കേഷനില്‍ പറയുന്നു.
മതസ്ഥാപനങ്ങളിലെ ചുവരെഴുത്തുകളും മറ്റും വായിക്കരുതെന്ന് കുട്ടികള്‍ക്ക് നിര്‍ദേശമുണ്ട്. രാഷ്ട്രീയ ആശയവും പ്രചരണവും ശക്തമാക്കാന്‍ എല്ലാ വിദ്യാര്‍ഥികളും അധ്യാപകരും ഈ നോട്ടീസ് ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസ ബ്യൂറോ പറയുന്നു.
നോട്ടീസിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ലിന്‍ക്‌സിയ എഡ്യുക്കേഷന്‍ ബ്യൂറോയും തയ്യാറായിട്ടില്ല.
ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സിലെ മാര്‍ക്‌സിസ്റ്റ് പണ്ഡിതയായ ഷി വ്യൂയി നടപടിയെ സ്വാഗതം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസത്തെയും മതത്തേയും വേര്‍തിരിക്കാനുള്ള ശക്തമായ നടപടിയാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വേനല്‍ക്കാലത്ത് ക്രിസ്റ്റ്യന്‍ ഭൂരിപക്ഷ മേഖലയും ചൈനയിലെ ജറുസലേം എന്നറിയപ്പെടുകയും ചെയ്യുന്ന വെന്‍ഹ്യു നഗരത്തില്‍ സണ്‍ഡേ സ്‌കൂളുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിലക്കു ബാധിക്കാതെ തങ്ങളുടെ കുട്ടികള്‍ക്ക് മതവിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ ക്രിസ്ത്യന്‍ രക്ഷിതാക്കള്‍ക്കു മറ്റുവഴികള്‍ കണ്ടെത്തിയിരുന്നു.
നിയമപ്രകാരം ചൈന എല്ലാവര്‍ക്കും മതസ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ വിദ്യാഭ്യാസ കാര്യങ്ങളിലും പ്രായപൂര്‍ത്തിയാവാത്തവരുടെ കാര്യത്തിലും നിയന്ത്രണങ്ങളുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തെ മതം തടസപ്പെടുത്തരുതെന്ന് പറഞ്ഞാണ് ഇത്തരം നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.