| Friday, 31st December 2021, 7:15 pm

ഫുട്‌ബോള്‍ കളിക്കണോ ടാറ്റു അടിക്കരുത്, അടിച്ച ടാറ്റു ഒഴിവാക്കിയ ശേഷം മാത്രം മൈതാനത്തിലിറങ്ങിയാല്‍ മതി; കര്‍ശന നിര്‍ദേശവുമായി അന്താരാഷ്ട്ര ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ശരീരത്തില്‍ ടാറ്റു പതിപ്പിച്ച കളിക്കാരെ ദേശീയ ടീമിലെടുക്കേണ്ടന്ന തീരുമാനവുമായി ചൈന. ഇതിന് മുമ്പേ താരങ്ങളുടെ ശരീരത്തില്‍ പതിപ്പിച്ച ടാറ്റു നീക്കം ചെയ്യാനും ചൈനീസ് സ്‌പോര്‍ട് അഡ്മിനിസ്‌ട്രേഷന്‍ ബോഡി തീരുമാനിച്ചു.

ദേശീയ തലത്തിലും യൂത്ത് സ്‌ക്വാഡുകളിലും ടാറ്റൂ പതിച്ച പുതിയ കളിക്കാരെ റിക്രൂട്ട് ചെയ്യുന്നത് ‘കര്‍ശനമായി നിരോധിച്ചിരിക്കുന്നു’ എന്നാണ് സ്‌പോര്‍ട് അഡ്മിനിസ്‌ട്രേഷന്‍ ബോഡി പുറത്തുവിട്ട പുതിയ നിര്‍ദേശത്തിലുള്ളത്.

ഇത്തരത്തില്‍ ടാറ്റു നീക്കം ചെയ്യുന്നത് സമൂഹത്തിന് നല്ല മാതൃക സൃഷ്ടിക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.

ചൈനീസ് ദേശീയ ടീമിന്റെ സ്റ്റാര്‍ ഡിഫന്‍ഡര്‍ ഷാന്‍ ലിംന്‍പെംഗ് അടക്കമുള്ള നിരവധി താരങ്ങള്‍ ശരീരത്തില്‍ ടാറ്റു അടിച്ചവരാണ്. ചൈനീസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്ന വാദമുയര്‍ത്തിയാണ് സര്‍ക്കാര്‍ പുതിയ വിലക്കുമായി എത്തിയത്.

ഇതിന് പുറമെ താരങ്ങളില്‍ ദേശസ്‌നേഹം വളര്‍ത്താന്‍ പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വിദ്യാഭ്യാസം നല്‍കാനും ഭരണകൂടത്തിന്റെ നിര്‍ദേശമുണ്ട്.

ചൈനയുടെ ഡിഫന്‍ഡര്‍ ഷാങ് ലിന്‍പെംഗ് ഉള്‍പ്പെടെയുള്ള ചില ദേശീയ താരങ്ങളോട് അവരുടെ ശരീരത്തുള്ള ടാറ്റൂകള്‍ മറയ്ക്കാന്‍ മുമ്പുതന്നെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

2018 മുതല്‍ ആളുകള്‍ ശരീരത്തില്‍ ടാറ്റു ചെയ്യുന്നത് തടയാനായി സര്‍ക്കാരിന്റെ നിയന്ത്രണത്തിന്റെ ഭാഗമായിട്ടായിരുന്നു ലിന്‍പെംഗിനോട് ടാറ്റു കവര്‍ ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ഇതിന് പിന്നാലെ താരങ്ങള്‍ തങ്ങളുടെ ടാറ്റു മറയ്ക്കുന്നതിന്റെ ഭാഗമായി ഫുള്‍സ്ലീവ് ജേഴ്‌സി ധരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content highlight: China bans football players getting tattoo

We use cookies to give you the best possible experience. Learn more