ലണ്ടന്‍: ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി വേള്‍ഡ് ന്യൂസിനെ നിരോധിച്ച ചൈനയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍. ചൈനീസ് സര്‍ക്കാര്‍ ഉയിഗര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളെ കുറിച്ചുള്ള വിവാദമായ ബി.ബി.സി റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മാധ്യമത്തെ രാജ്യത്ത് നിരോധിച്ചത്.
ബി.ബി.സിയെ നിരോധിച്ചത് മാധ്യമസ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രതികരിച്ചു.
‘മാധ്യമ-ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന്മേല്‍ ഏറ്റവും കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഈ പുതിയ നടപടി ലോകത്തിനു മുന്‍പിലെ ചൈനയുടെ സ്ഥാനത്തിന് കോട്ടമുണ്ടാക്കുകയേയുള്ളു,’ ഡൊമിനിക് റാബ് ട്വീറ്റ് ചെയ്തു.
സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിനാണ് ബി.ബി.സിയെ നിരോധിച്ചതെന്നാണ് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചത്. പ്രക്ഷേപണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ബി.ബി.സി ലംഘിച്ചുവെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ റേഡിയോ-ടെലിവിഷന്‍ വിഭാഗം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.
ബി.ബി.സി വേള്‍ഡ് ന്യൂസ് രാജ്യതാല്‍പര്യങ്ങളെയും ദേശീയ ഐക്യത്തെയും ദോഷകരമായി ബാധിക്കുന്ന വാര്‍ത്തകള്‍ നല്‍കിയെന്നും വാര്‍ത്തകള്‍ സത്യസന്ധവും ശരിയായതുമായിരിക്കണമെന്നും പ്രസ്താവനയില്‍ പറയുന്നു. സംപ്രേക്ഷണത്തിന് അനുമതി നിഷേധിച്ച ചൈന പ്രക്ഷേപണ കാലാവധി പുതുക്കില്ലെന്നും അറിയിച്ചു.
ചൈനയിലെ മിക്കവാറും ടി.വി ചാനല്‍ പാക്കേജുകളിലും ബി.ബി.സി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഹോട്ടലുകളിലും റെസിഡന്‍സ് ഏരിയകളിലും ബി.ബി.സി ലഭ്യമായിരുന്നു. ഇതടക്കം ഇപ്പോള്‍ നിരോധിച്ചിരിക്കുകയാണ്.
ചൈനയുടെ നടപടി നിരാശാജനകമാണെന്നായിരുന്നു ബി.ബി.സിയുടെ പ്രതികരണം. ചൈനയുടെ നടപടിയെ അപലപിച്ച് അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക