ചാരവൃത്തി ആരോപിച്ച് ആസ്‌ട്രേലിയന്‍ എഴുത്തുകാരനെ ചൈന അറസ്റ്റു ചെയ്തു
World News
ചാരവൃത്തി ആരോപിച്ച് ആസ്‌ട്രേലിയന്‍ എഴുത്തുകാരനെ ചൈന അറസ്റ്റു ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 11:52 pm

ബെയ്ജിങ്: ആസ്‌ട്രേലിയയിലെ പ്രശസ്ത എഴുത്തുകാരനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ഡോ. യാങ് ഹെങ്ജൂനിനെ ചൈന അറസ്റ്റു ചെയ്തു. ചാരവൃത്തി ആരോപിച്ചാണ് ഹെങ്ജൂനിനെ അറസ്റ്റു ചെയ്തിരിക്കുന്നത്.

രാജ്യത്തിന്റെ ദേശീയ സുരക്ഷക്ക് വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ആഗ്സ്റ്റ് 23നാണ് യാങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് ചൈന സ്ഥിരീകരിച്ചിട്ടുണ്ട്.

ഇദ്ദേഹത്തെ വിട്ടുകിട്ടാന്‍ ശ്രമം തുടരുകയാണെന്ന് ആസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി മാരിസ് പിയാനെ പറഞ്ഞു. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രഫസറായ യാങ് കുടുംബത്തോടൊപ്പം ന്യൂയോര്‍ക്കില്‍ താമസിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് ഭാര്യക്കും കുട്ടിക്കുമൊപ്പം അദ്ദേഹം ചൈനയിലേക്ക് പോയത്. ഷാങ്ഹായ് വിമാനത്താവളത്തില്‍ വെച്ചാണ് അദ്ദേഹത്തെ പിടികൂടിയത്.

ചൈനയില്‍ ചാരവൃത്തി ചുരുങ്ങിയത് മൂന്നുവര്‍ഷത്തെ തടവ് മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.