രണ്ട് മാസമായി അപ്രത്യക്ഷനായ പ്രതിരോധമന്ത്രിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കി ചൈന; ഈ വർഷം കാണാതാകുന്ന രണ്ടാമത്തെ മന്ത്രി
തായ്പെയ്: രണ്ട് മാസമായി പൊതു മധ്യത്തിൽ നിന്ന് അപ്രത്യക്ഷനായ ചൈനീസ് പ്രതിരോധമന്ത്രി ജനറൽ ലി ഷാങ്ഫുവിനെ വിശദീകരണം നൽകാതെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്.
പൊതുമധ്യത്തിൽ നിന്ന് അപ്രത്യക്ഷമാകുകയും പിന്നീട് ചുമതലയിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്ന രണ്ടാമത്തെ മന്ത്രിയാണ് ലി ഷാങ്ഫു. വിദേശകാര്യമന്ത്രിയായിരുന്ന ക്വിൻ ഗാങ്ങിനെ ഈ വർഷം ജൂലൈയിൽ വിശദീകരണം നൽകാതെ ചൈന പുറത്താക്കിയിരുന്നു.
മാർച്ചിലെ മന്ത്രിസഭാ പുനസംഘടനയെ തുടർന്ന് പ്രതിരോധമന്ത്രിയായ ലിയെ ഓഗസ്റ്റ് 29ന് ശേഷം കാണാനില്ലായിരുന്നു. ചൈനയുടെ വിദേശകാര്യ, പ്രതിരോധ നയങ്ങളിലെ മാറ്റമാണോ ലിയുടെയും ക്വിനിന്റെയും തിരോധാനം സൂചിപ്പിക്കുന്നത് എന്ന് വ്യക്തമല്ല. ചൈനീസ് പ്രസിഡന്റും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായ ഷി ജിൻ പിങ്ങിന്റെ അധികാര വൃത്തങ്ങളെ ചോദ്യം ചെയ്തിരുന്നവരാണ് ഇരുവരുമെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
വിശ്വസ്തതയെ ഏറ്റവും കൂടുതൽ വിലമതിക്കുകയും പൊതു, സ്വകാര്യ മേഖലകളിലെ അഴിമതിക്ക് നേരെ കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഷിയുടെ രീതികളെ, രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുന്നുവെന്ന് വിമർശനം ഉയരാറുണ്ട്.
റഷ്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങിയതിന് ലിക്ക് മേൽ ഉപരോധം ഏർപ്പെടുത്തിയ യു.എസ് രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്നും അദ്ദേഹത്തെ വിലക്കിയിരുന്നു. തുടർന്ന് യു.എസ് സേനയുമായുള്ള ബന്ധം ചൈന വിച്ഛേദിച്ചിരുന്നു. തായ്‌വാന് യു.എസ് ആയുധങ്ങൾ വിൽക്കുന്നതിൽ പ്രതിഷേധിച്ചും ലിക്ക് മേലുള്ള ഉപരോധം നീക്കണമെന്നും ആവശ്യപ്പെട്ടുമായിരുന്നു ചൈനീസ് നടപടി.
ചൈനീസ് ദേശീയ മാധ്യമമായ സി.സി.ടി.വിയാണ് ലിയെ ചൈനീസ് മന്ത്രിസഭയിൽ നിന്നും സ്റ്റേറ്റ് കൗൺസിലിൽ നിന്നും സർക്കാർ അധികാരത്തിൽ നിന്നും പുറത്താക്കുന്നതായി അറിയിച്ചത്.
Content highlight: China announces removal of defence minister missing from public view for almost two months