ബെയ്ജിംഗ്: ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബ ഗ്രൂപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ചൈന. ബിസിനസ് രംഗത്തെ കമ്പനിയുടെ കുത്തക പ്രവര്‍ത്തങ്ങള്‍ക്കെതിരെയാണ് ചൈനീസ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ആലിബാബ വ്യാപാരികളുമായി വെക്കുന്ന പ്രത്യേക കരാറുകള്‍ക്കെതിരെ മുന്നറിയിപ്പുമായി നേരത്തെ തന്നെ വിവിധ നിയന്ത്രണ ബോര്‍ഡുകള്‍ രംഗത്തെത്തിയിരുന്നു. ആലിബാബ പ്ലാറ്റ്‌ഫോമില്‍ വ്യാപാരം നടത്തുന്നവര്‍ക്ക് ആലിബാബയുടെ എതിരാളികളായ പ്ലാറ്റ്‌ഫോമുകളില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാനാവില്ലെന്ന കരാറിനെതിരെയാണ് ബോര്‍ഡുകള്‍ രംഗത്തെത്തിയത്.
കമ്പനിയുടെ ഈ ബിസിനസ് രീതി ഇ-കൊമേഴ്‌സ് മേഖലയില്‍ കുത്തക സ്ഥാപിക്കാനുള്ളതാണെന്നും ഇത് അനുവദിച്ചു നല്‍കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ചൈനീസ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ‘ഒന്നുകില്‍ ഞങ്ങല്‍ അല്ലെങ്കില്‍ അവര്‍, രണ്ടില്‍ ഏതെങ്കിലും ഒന്നു തെരഞ്ഞെടുക്കുക’ എന്ന ആലിബാബയുടെ രീതി അംഗീകരിക്കാനാവില്ലെന്ന് ബോര്‍ഡുകള്‍ അറിയിച്ചു.
ആലിബാബയുടെ ബിസിനസ് രീതികളില്‍ അന്വേഷണം ആരംഭിക്കുകയാണെന്ന് സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഫോര്‍ മാര്‍ക്കറ്റ് റെഗുലേഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ആലിബാബയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈനയാണ് ഇതു സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. ആലിബാബയുടെ സഹോദര സ്ഥാപനമായ ആന്റ് ഗ്രൂപ്പിനെതിരെയും അന്വേഷണമുണ്ടാകും.
ചൈനയിലെ ധനികരായവരുടെ പട്ടികയില്‍ ഒന്നാമനായ ജാക്ക് മായാണ് ആലിബാബയുടെ സഹ സ്ഥാപകന്‍. ചൈനയിലെ ഓണ്‍ലൈന്‍ വ്യാപാര മേഖലയില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയാണ് ജാക്ക് മാ. ചൈനയിലെ വിവിധ റെഗുലേറ്ററി ബോര്‍ഡുകള്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ ജാക്ക് മാ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ആലിബാബക്കെതിരെ ശക്തമായ നടപടികളുമായി ചൈന രംഗത്തെത്തിയിരിക്കുന്നത്.
വ്യാഴാഴ്ച വിവിധ ബോര്‍ഡുകള്‍ ആലിബാബയുടെ പ്രതിനിധികളുമായി കൂടികാഴ്ച നടത്തും. ആലിബാബ ഇതുവരെയും വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അതേസമയം വിഷയങ്ങള്‍ കൃത്യമായി പഠിക്കുമെന്നും എല്ലാ നിയമങ്ങളും അനുസരിച്ച് തന്നെ മുന്നോട്ടു പോകുമെന്നും ആന്റ് ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.
നേരത്തെ ഫേസ്ബുക്കിന്റെ കുത്തകവ്യവസ്ഥകള്‍ക്കെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ആരോഗ്യകരമല്ലാത്ത മത്സരത്തിലൂടെ ഫേസ്ബുക്ക് കുത്തക നിലനിര്‍ത്തുന്നതിനെതിരെ നടപടി ആവശ്യപ്പെട്ടാണ് അമേരിക്കയില്‍ ഹരജിയെത്തിയത്.
കുത്തക നിലനിര്‍ത്താനുള്ള ഫേസ്ബുക്കിന്റെ നീക്കങ്ങള്‍ ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുപ്പിനുള്ള അവസരം നിഷേധിക്കുന്നതാണെന്നാണ് എഫ്.ടി.സിയുടെ ബ്യൂറോ ഓഫ് കോമ്പറ്റീഷന്‍ ഡയറക്ടര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.
ഇന്‍സ്റ്റാഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ കമ്പനികളെ ഫേസ്ബുക്ക് ഏറ്റെടുത്ത നടപടി ശരിയായ രീതിയില്‍ അല്ലാത്തതിനാല്‍ ഇത്തരത്തിലുള്ള ഫേസ്ബുക്കിന്റെ ബിസിനസ് ഇടപാടുകള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഇത്തരത്തില്‍ ഫേസ്ബുക്ക് നടത്തിയ ഇടപാടുകള്‍ പൂര്‍ണമായി റദ്ദു ചെയ്യണമെന്നും ഫെഡറല്‍ ഗവണ്‍മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
മത്സരങ്ങള്‍ അനുവദിക്കാത്ത ഫേസ്ബുക്കിന്റെ ഏകാധിപത്യ സ്വഭാവം അവസാനിപ്പിക്കാനും ബിസിനസ് മേഖലയില്‍ ആരോഗ്യകരമായ മത്സരം പുനഃസ്ഥാപിക്കാനുമാണ് തങ്ങളുടെ ശ്രമം എന്നാണ് എഫ്.ടി.സി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക