| Thursday, 13th December 2018, 2:56 pm

ചൈനയിലും തുര്‍ക്കിയിലും മാധ്യമ സ്വാതന്ത്രമില്ല; ചൈനയിലെ ഷിന്‍ ജാങ് മാധ്യമ പ്രവര്‍ത്തകരുടെ ദുരിത മേഖല; സി.പി.ജെ.റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചൈനയില്‍ ഒരു മില്യണിലധികം ഉയിഗൂര്‍ മുസ്‌ലിങ്ങള്‍ അകാരണമായി ചൈനീസ് കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളില്‍ കഴിയുന്നുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പുരസ്‌കാര ജേതാവായ ഫോട്ടോ ജേണലിസ്റ്റ് ലു ഗുവാങ് ചൈനയില്‍ അറസ്റ്റിലാകുന്നത്. തുര്‍ക്കിയില്‍ രാജ്യ വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകന്‍ മാക്‌സ് സിന്‍ഗാസ്റ്റ് അറസ്റ്റ് ചെയ്യപ്പെട്ടു.

മ്യാന്‍മറില്‍ രണ്ട് റോയട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരടക്കം എട്ടോളം പേര്‍ ജയിലിലാണ്. റോഹിങ്ക്യ വിഷയത്തില്‍ ഇടപെട്ടതിനായിരുന്നു റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ വാ ലോനിനേയും ക്യാവ് സൂ ഊവിനേയും അറസ്റ്റ് ചെയ്യുന്നത്. സി.എന്‍.എന്നിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് മാധ്യമപ്രവര്‍ത്തനമെന്നത് ദുസ്സഹമായൊരു കടമ്പയായി മാറിയിരിക്കുകയാണ്.

ലോകത്ത് മാധ്യമ സ്വാതന്ത്രത്തിനുമേലുള്ള കടന്ന് കയറ്റമാണ് നടക്കുന്നതെന്ന് സി.എന്‍.എന്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത് 251 മാധ്യമപ്രവര്‍ത്തകര്‍ ലോകത്താകമാനം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ചാണ് സി.എന്‍.എന്നിന്റെ റിപ്പോര്‍ട്ട്.

അറസ്റ്റ് ചെയ്യപ്പെട്ട 251 പേരില്‍ എഴുപത് ശതമാനം ആളുകളിലും ദേശവിരുദ്ധക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തീവ്രസ്വഭാവമുള്ള സംഘടനകളെ സഹായിച്ചുവെന്ന് ആരോപിച്ചും നിരവധി മാധ്യമപ്രവര്‍ത്തകര്‍ മൂന്ന് വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ALSO READ: സൗദിയുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളിലും അടുത്ത കൊല്ലം വാദം കേള്‍ക്കുമെന്ന് യു.എസ്. പ്രതിനിധിസഭ;തീരുമാനം സി.ഐ.എ മേധാവിയുമായുള്ള രഹസ്യ ചര്‍ച്ചയ്ക്ക് ശേഷം

മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത് ലോകത്ത് സ്ഥിരം സംഭവമായി മാറിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.വിമര്‍ശാനത്മക വാര്‍ത്തകളെ അറസ്റ്റിലൂടെ തകര്‍ക്കാന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

2004 ന് ശേഷം ഇതുവരെ ഒരു മാധ്യമപ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്യാത്ത രാജ്യം എത്യോപ്യയാണെന്ന് സി.എന്‍.എന്‍ പറയുന്നു. ഞങ്ങള്‍ക്ക് ലഭിച്ച കണക്കുകളുടെ അടിസ്ഥാനത്തില്‍ എത്യോപ്യയില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും അറസ്റ്റിലായിട്ടില്ല ബെയ്‌സര്‍ സി.എന്‍.എന്നിനോട് പറഞ്ഞു.

2018ല്‍ 47 മാധ്യമപ്രവര്‍ത്തകരാണ് തുര്‍ക്കിയില്‍ അറസ്റ്റിലായത്. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്റെ ഇന്റേണല്‍ കമ്മിറ്റി അന്വേഷണം നടത്തുന്നുണ്ട്. പത്ര സ്വാതന്ത്രത്തിന് വിലക്ക് നേരിടുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് എര്‍ദോഗാന്റെ തുര്‍ക്കി.

ജമാല്‍ ഖഷോഗ്ജിയുടെ മരണത്തെ ശക്തമായി എതിര്‍ക്കുന്ന ആളാണ് എര്‍ദോഗാന്‍. എന്നാല്‍ ലോകത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഏറ്റവും വലിയ വെല്ലുവിളിയുള്ള രാജ്യമാണ് തുര്‍ക്കിയെന്ന് റിപ്പോര്‍ട്ടര്‍ പറയുന്നു.

രണ്ട് വര്‍ഷത്തിനിടെ തെറ്റായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് 28 മാധ്യമപ്രവര്‍ത്തകര്‍ ലോകത്താകമാനം അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഈജിപ്തില്‍ 19 പേരെയും കാമറൂണില്‍ നാല് പേരെയും റുവാണ്ടയില്‍ മൂന്നുപേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഡിസംബര്‍ ഒന്ന് വരെയുള്ള കണക്കുപ്രകാരം ചൈനയും തുര്‍ക്കിയുമാണ് മാധ്യമ പ്രവര്‍ത്തകരുടെ നരകങ്ങള്‍. ഇരു രാജ്യങ്ങളിലും 47 പേരാണ് ജയിലില്‍ കഴിയുന്നത്. ഈജിപ്തില്‍ 25ഉം സൗദി അറേബ്യയില്‍ 16ഉം വിയറ്റ്‌നാമില്‍ 11ഉം മാധ്യമപ്രവര്‍ത്തകര്‍ ജയിലിലാണ്. ഈ കണക്കില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടും.

ചൈനയിലെ ഷിന്‍ജാങ് മേഖലയാണ് മാധ്യമപ്രവര്‍ത്തകരുടെ ദുരിതകേന്ദ്രം. ഉയിഗൂര്‍ വിഷയം ഉന്നയിച്ച പ്രദേശത്തെ പത്ത് മാധ്യമപ്രവര്‍ത്തകരാണ് പ്രദേശത്ത് നിന്ന് കാണാതായത്. ഇവരെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ലോകത്തില്‍ തന്നെ മാധ്യമ സ്വാതന്ത്രത്തിന് വെല്ലുവിളിയാകുന്ന പ്രധാന പ്രദേശമായി ഷിന്‍ ജാങിനെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

റിപ്പോര്‍ട്ട് പ്രകാരം 98 ശതമാനം മാധ്യമപ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തിരിക്കുന്നത് സ്വന്തം സര്‍ക്കാരാണ്. ഇതില്‍ 13 ശതമാനവും വനിതാ മാധ്യമപ്രവര്‍ത്തകരാണ്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരില്‍ മുപ്പത് ശതമാനവും ജയിലിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

We use cookies to give you the best possible experience. Learn more