| Saturday, 5th August 2023, 10:33 am

സാമ്പത്തിക ബന്ധം ശക്തമാക്കാനൊരുങ്ങി ചൈനയും സൗദിയും; ഓഹരി വിപണിയില്‍ മാറ്റത്തിന് സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയിലെയും ചൈനയിലെയും മുന്‍നിര സ്റ്റോക്ക് മാര്‍ക്കറ്റ് ഓപ്പറേറ്റര്‍മാര്‍ എക്‌സ്‌ചേഞ്ച് ട്രേഡ്‌സ് ഫണ്ടുകളുടെ (E.T.S) ക്രോസ് ലിസ്റ്റിങ് (ഒരു സ്ഥാപനം ആഭ്യന്തര വിനിമയത്തിന് പുറമേ ഒന്നോ അതിലധികമോ വിദേശ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ അതിന്റെ ഇക്വിറ്റി ഷെയറുകള്‍ ലിസ്റ്റ് ചെയ്യുന്നത്) വിവരങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതിനെ സംബന്ധിച്ച് ഷെന്‍ഷെന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും സൗദി സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഓപ്പറേറ്ററായ തദാവുള്‍ ഗ്രൂപ്പും തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഓഹരി വിവരങ്ങള്‍ കൈമാറുന്നതിലൂടെ ഇരു രാജ്യങ്ങള്‍ക്കും പ്രധാന സാമ്പത്തിക ബന്ധം അടയാളപ്പെടുത്താന്‍ സാധിക്കും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൈനയിലെ വലിയ ഇ.ടി.എഫ് ഓപ്പറേറ്റര്‍മാര്‍ സൗദി അറേബ്യയുമായി ക്രോസ് ലിസ്റ്റിങ് കരാറിനുള്ള സാധ്യതയെക്കുറിച്ച് ആലോചിച്ചിരുന്നു എന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്.

ഊര്‍ജ നയത്തിലും മനുഷ്യാവകാശ പ്രശ്‌നങ്ങളിലും വാഷിങ്ടണുമായുള്ള രാജ്യത്തിന്റെ ബന്ധം വഷളായ ഘട്ടത്തിലാണ് ചൈന സൗദിയുമായി ജിയോപൊളിറ്റിക്കല്‍ ബന്ധത്തിലേക്ക് പ്രവേശിക്കുന്നത്.

ഡിസംബറില്‍ ചൈനയുടെ പ്രസിഡന്റ് ഷി ജിന്‍പിങ്ങ് സൗദി സന്ദര്‍ശിച്ചിരുന്നു. സൗദിയില്‍ നിന്നും ക്രൂഡ് കയറ്റുമതിയുടെ നാലിലൊന്നും ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്. അതോടൊപ്പം ഹുവായ് സാങ്കേതിക വിദ്യ ചൈന റിയാദിലേക്ക് വില്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത് അമേരിക്കയെ പ്രകോപിച്ചിരുന്നു. മാര്‍ച്ചില്‍ ഇറാനും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം പുസ്ഥാപിക്കുന്നതിന് ചൈന ഇടനില നിന്നതും അമേരിക്കക്ക് നേരിട്ട ഏറ്റവും വലിയ നയതന്ത്ര അട്ടിമറിയായിരുന്നു. സി.ഐ.എ ഡയറക്ടര്‍ ബില്‍ ബര്‍ണ്‌സ് ഈ കരാര്‍ അമേരിക്കയ്ക്ക് പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്ന് സൗദിയോട് സൂചിപ്പിച്ചിരുന്നു.

സൗദിയുടെയും ചൈനയുടെയും വളരുന്ന രാഷ്ട്രീയ ബന്ധം സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ കുതിച്ച് ചാട്ടം കൂടിയാണ് കാണിക്കുന്നത്.

അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ചൈന ഗ്ലോബല്‍ ഇന്‍വെസ്റ്റ്മെന്റ് ട്രാക്കര്‍ പ്രകാരം സൗദി അറേബ്യ ഇതിനോടകം തന്നെ ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സംരംഭത്തിന്റെ കേന്ദ്ര ഭാഗമാണ്.

ജൂണില്‍ റിയാദില്‍ വെച്ച് നടന്ന ബിസിനസ് കോണ്‍ഫറന്‍സില്‍ ചൈനയും അറബ് ലോകവുമായുള്ള ബില്യണ്‍ ഡോളര്‍ നിക്ഷേപ ഇടപാടുകള്‍ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. സൗദി നിക്ഷേപ മന്ത്രാലയവും, ഇലക്ട്രിക്-സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ ചൈനീസ് നിര്‍മാതാക്കളായ ഹ്യൂമന്‍ ഹൊറൈസണ്‍സും തമ്മിലുള്ള 5.6 ബില്യണ്‍ ഡോളറിന്റെ ധാരണാപത്രവും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

സൗദി അറേബ്യയിലെ ചൈനീസ് ബിസിനസുകാര്‍ക്ക് രണ്ട് രാജ്യങ്ങളുടെയും വളര്‍ന്നുവരുന്ന രാഷ്ട്രീയ ബന്ധം ബിസിനസ്സ് ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പാശ്ചാത്യ ലോകത്തെ അപേക്ഷിച്ച് എണ്ണ സമ്പന്നമായ രാജ്യത്ത് പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ സൗകര്യമാകുമെന്നും നേരത്തെ മിഡില്‍ ഈസ്റ്റ് ഐയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ വാഹനങ്ങള്‍ സൗദിയില്‍ വില്‍ക്കാന്‍ സാധിക്കുന്നുവെന്ന് ജിയാങ്ക്‌ളിന്‍ മോട്ടേര്‍സിന്റെ മാനേജര്‍ ചാള്‍സ് ലിയും അഭിപ്രായപ്പെട്ടു.

ബെയ്ജിങും റിയാദും പരസ്പരം ഓഹരി വിപണിയില്‍ ഇ.ടി.എഫുകള്‍ ക്രോസ്-ലിസ്റ്റ് ചെയ്യാന്‍ ധാരണയിലെത്തുകയാണെങ്കില്‍, വിദഗ്ധരും നയതന്ത്രജ്ഞരും സൂക്ഷ്മമായി ഈ ഇടപാടുകളെ നിരീക്ഷിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ചൈനയുമായി യുവാനില്‍ പണമിടപാട് നടത്താനാണ് സൗദിയുടെ തീരുമാനം. അത് 80 ശതമാനം വില്‍പ്പനയും ഡോളറില്‍ നടക്കുന്ന എണ്ണ വിപണിയില്‍ വലിയ മാറ്റമുണ്ടാക്കും. സൗദി അറേബ്യയുടെ എല്ലാ ഇടപാടും ഡോളറിലാണ് നടക്കുന്നത്. എന്നാല്‍ അത് യുവാനിലേക്ക് മാറ്റുന്നതും ഈ ബന്ധത്തിന്റെ ഭാഗമാണ്.

content highlights: China and Saudi Arabia ready to strengthen economic relations; Chances of change in the stock market

We use cookies to give you the best possible experience. Learn more