ബെയ്ജിംഗ്: ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതിനു പിന്നാലെ പ്രതികരിച്ച് ചൈന. ബഹിരാകാശത്ത് ലോകരാജ്യങ്ങൾ സമാധാനം നിലനിർത്തണമെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടത്. ബഹിരാകാശം മനുഷ്യരാശിയുടെ മുഴുവൻ പൊതുഇടമാണെന്നും ബഹിരാകാശത്തെ സൈനിക വത്കരിക്കുന്ന പ്രവണതകൾക്ക് തടയിടണമെന്ന് പാക്കിസ്ഥാനും പ്രതികരിച്ചു.
ഇന്ത്യയുടെ മിസൈൽ പരീക്ഷണവുമായി ബന്ധപ്പെട്ട് ചൈനയേയും പാക്കിസ്ഥാനെയും കൂടാതെ മറ്റു ലോകരാജ്യങ്ങളൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2007ലാണ് ചൈന ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചത്. ചൈനയെ കൂടാതെ റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളും ഈ നേട്ടം കൈവരിച്ചു.
ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്ന് ഇന്നുച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തതിനു പിന്നാലെ നടത്തിയ അഭിസംബോധനയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ‘മിഷന്‍ ശക്തി’ എന്നാണ് ഈ പദ്ധതിയുടെ പേര്.
Also Read മോദിയ്ക്ക് ലോക നാടകദിന ആശംസകള്‍: പ്രധാനമന്ത്രിയെ ട്രോളി രാഹുലിന്റെ ട്വീറ്റ്
പദ്ധതി മൂന്ന് മിനുട്ടിള്ളില്‍ ലക്ഷ്യം കണ്ടുവെന്നും ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി അവകാശപ്പെട്ടിരുന്നു. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ഈ നേട്ടം കൈവരിച്ചതെന്നും ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യയിപ്പോള്‍ മാറിയിരിക്കുകയാണെന്നും മോദി പ്രഖ്യാപനം നടത്തിയിരുന്നു.