കൊവിഡ് 19, ചൈനയെ കല്ലെറിയും മുമ്പ് ഇതുകൂടി വായിക്കണം
COVID-19
കൊവിഡ് 19, ചൈനയെ കല്ലെറിയും മുമ്പ് ഇതുകൂടി വായിക്കണം
അശോകകുമാര്‍. വി
Monday, 6th April 2020, 6:49 pm

ലോകമെങ്ങുമുള്ള മനുഷ്യജീവിതത്തിലേക്ക് കൊറോണ വൈറസ് കടന്നു കയറി നമ്മുടെ ഉല്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും വിനോദവിശ്രമങ്ങളുടെയും വ്യവസ്ഥകളെയത്രയും നിശ്ചലമാക്കി നിര്‍ത്തിയിരിക്കുന്ന അപൂര്‍വ്വ ചരിത്രസന്ദര്‍ഭത്തില്‍ ഇന്ത്യയുടെ ചേരിചേരാ നയത്തെ നാം മറക്കരുത്.

കാരണം എല്ലാ രാഷ്ട്രങ്ങളിലുമായി കഴിയുന്ന ജനങ്ങള്‍ ലോകമെന്ന ഈ വലിയ ഗ്രാമത്തിലെ നിവാസികളാണെന്ന് ഈ പകര്‍ച്ചരോഗം നമ്മെ ബോധ്യപ്പെടുത്തിക്കഴിഞ്ഞല്ലോ. അയല്‍പക്കത്തെ അസുഖവിവരങ്ങള്‍ പറയുന്നതുപോലെയാണ് നമ്മളിന്ന് ചൈനയെപ്പറ്റിയും ഇറ്റലിയെപ്പറ്റിയും അമേരിക്കയെപ്പറ്റിയുമൊക്കെ പറയുന്നത്. ആ വിദൂരഭൂമികളെല്ലാം അത്രമേല്‍ നമുക്ക് നാലുപുറങ്ങളായി മാറിക്കഴിഞ്ഞു. ഈ വൈറസ് മഹാമാരിയെ നേരിടാന്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ ഒരു ഗ്രാമത്തിലെന്ന പോലെ കൈകോര്‍ക്കുകയാണിപ്പോള്‍… അതേ, കോവിഡ്- 19 എന്ന പകര്‍ച്ചപ്പനി നമ്മെ വിശ്വ പൗരന്മാരാക്കിയിരിക്കുന്നു.

ലോകമാകുന്ന ഈ തറവാട്ടിലെ അംഗങ്ങളൊന്നാകെ പിണക്കങ്ങളത്രയും മാറ്റി ഒരു മനസ്സോടെ സഹായ സഹകരണങ്ങള്‍ ഉറപ്പക്കേണ്ട ഒരു മുഹൂര്‍ത്തില്‍ ഈ വിശ്വസാഹോദര്യത്തിന് തടസ്സം വരുത്തുന്ന വാര്‍ത്തകളും ചിലമാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്നുണ്ട്. ഇവിടെയാണ് ലോകം എന്നും പ്രകീര്‍ത്തിച്ച ഇന്ത്യയുടെ സംഭാവനയായ ചേരിചേരാ നയത്തിന്റെ പ്രസക്തി.

ആഗോള ശക്തികളുടെ വ്യാപാര യുദ്ധം

കൊറോണ മുഖ്യ വാര്‍ത്തയാകുന്നതിനു മുമ്പ് ലോകത്തെ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്ത ലോകവാര്‍ത്ത അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരത്തര്‍ക്കങ്ങളെപ്പറ്റിയായിരുന്നു. ഇരു രാജ്യങ്ങളും സന്ധിയിലെത്താതെ അന്യോന്യം മത്സരിച്ച് ഏര്‍പ്പാടാക്കിയ ഇറക്കുമതി തീരുവകളെപ്പറ്റിയും അതുവഴി അവര്‍ക്കു മാത്രമല്ല ലോകത്തിനാകെ വരുന്ന സാമ്പത്തിക പ്രയാസങ്ങളെപ്പറ്റിയും അന്ന് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു. അങ്ങനെ ഇരു ശക്തികളുടെയും വ്യാപാര യുദ്ധം ആരുമാരും ജയിക്കാതെ വടംവലിയായി തുടരുന്ന ഘട്ടത്തിലാണ് അമേരിക്കയുടെയും ചൈനയുടെയുമെന്നല്ല ലോകത്തിന്റെ മുഴുവന്‍ വ്യാപാരവും ദൈനംദിന വ്യവഹാരവും വരെ സ്തംഭിപ്പിച്ചു കൊണ്ട് കൊടുങ്കാറ്റ് പോലെ കോവിസ് 19 മഹാമാരി എങ്ങും വീശിയടിക്കുന്നത്.

തുടര്‍ന്ന്, രോഗത്തിന്റെ തുടക്കം ചൈനയില്‍ നിന്നായതു കൊണ്ട് ആ രാജ്യത്തെ പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ള വിചാരണകളും വന്നു കൊണ്ടിരിക്കുന്നു. അമേരിക്കയും ചൈനയും തമ്മിലുള്ള കച്ചവട യുദ്ധത്തിന്റെ ഒളിയമ്പുകള്‍ ഈ വാര്‍ത്തകളിലും കയറിക്കൂടിയിട്ടുണ്ട്.

അങ്ങ് അമേരിക്കയിലുള്ള വാള്‍സ്ട്രീറ്റ് ജേര്‍ണലും നൂയോര്‍ക്ക് ടൈംസും സി.എന്‍.എന്നും തുടങ്ങിയ പത്രമാധ്യമങ്ങള്‍ മുതല്‍ ഇങ്ങ് കേരളത്തിലുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വരെ ചൈനയെ കിട്ടാവുന്ന വടിയെല്ലാം വെട്ടിയെടുത്ത് തല്ലുന്ന തിരക്കിലാണ്. ഈ ആജന്മ കമ്മ്യണിസ്റ്റ് വിരോധികളായ ചില മത വര്‍ഗ്ഗീയ ശക്തികള്‍ക്കൊപ്പം അവസരം ഒട്ടും കളായാതെ പല യുക്തിവാദ വിദഗ്ധരും അണിചേര്‍ന്നിട്ടുണ്ട്.

കണ്ടതൊക്കെ തിന്ന് വൈറസ് രോഗം പരത്തിയ സാമദ്രോഹികള്‍ എന്നു ചൈനക്കാരെ ചിലര്‍ തലയില്‍ കൈ വെച്ച് പ്രാകുന്നു. മറ്റുചിലര്‍ക്കാകട്ടെ, ചൈന ഈ മഹാപാപമൊക്കെ ചെയ്ത് ലോകരെ മുഴുവന്‍ വട്ടംകറക്കുന്നത് മറ്റൊന്നിനുമല്ല, മാസ്‌ക് വിറ്റ് കോടികള്‍ അടിച്ചുമാറ്റാനും ലോകത്തിന്റെ സര്‍വ്വാധിപതി പോലീസ് പട്ടം കരസ്ഥമാക്കാനുമാണ്.

എന്നാല്‍ ഇതൊന്നുമല്ല യുക്തി വിദ്വാന്മാരെ അരിശം കൊള്ളിക്കുന്നത്. അവര്‍ക്ക് കമ്മൂണിസ്റ്റ് ഏകാധിപത്യമാണ് എല്ലാത്തിനും ഒരൊറ്റ കാരണം. ഇതിങ്ങനെ വിളയാന്‍ വിട്ടാല്‍ ലോകം തന്നെ ഇല്ലാതാകുമെന്നും അവര്‍ ഉച്ചത്തില്‍ മുഴക്കുന്നു. ചൈന ഈ പകര്‍ച്ചവ്യാധിയെ ആദ്യഘട്ടത്തില്‍ പുറം ലോകത്തെ അറിയിക്കാതെ തനി കമ്മ്യുണിസ്റ്റ് ഭീകര രീതിയില്‍ അതീവ രഹസ്യമാക്കി വെച്ചതിനാലാണ് രോഗം ലോകമാകെ പടര്‍ന്നതെന്നാണ് നവയുക്തിക്കാരിലൊരാള്‍ ആരോപിക്കുന്നത്. മാത്രമല്ല രോഗ വ്യാപനത്തെപ്പറ്റി ആദ്യമേ വിവരം കൊടുത്ത ഒരു ഡോക്ടറെ ചൈനീസ് ഏകാധിപത്യ പോലീസ് പിടികൂടി കേസെടുക്കുകയും ചെയ്തുവത്രേ.

മാധ്യമധര്‍മ്മത്തിന്റെ ശത്രുക്കള്‍

2020 ജനു.24 നാണ് ചൈനയെ അടിക്കാനുള്ള ആദ്യത്തെ വടി അമേരിക്കന്‍ മാധ്യമമായ സി.എന്‍.എന്‍. വെട്ടി കൊടുക്കുന്നത്. പത്രപ്രവര്‍ത്തനത്തിന്റെ സാമന്യ മര്യാദയും ആരോഗ്യ ശാസത്രത്തിന്റെ യുക്തിയും കാറ്റില്‍ പറത്തി കൊണ്ട് സി.എന്‍.എന്‍. വാര്‍ത്തയില്‍ കൊറോണ വൈറസിന് ആദ്യമായി ‘വുഹാന്‍ വൈറസ്’എന്ന് പേരിട്ടു. അങ്ങനെ വംശീയമായ വെറിയും ഏഷ്യന്‍ വിദ്വേഷവും വാര്‍ത്തയില്‍ കുത്തിത്തിരുകുകയും, ചൈന രോഗ സംക്രമണം രഹസ്യമാക്കി വെച്ചു എന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.

അമേരിക്കന്‍ കുത്തക മാധ്യമങ്ങളെപ്പറ്റി ഹെര്‍ബര്‍ട്ട് ഐ.ഷില്ലര്‍ പറഞ്ഞത് (‘ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും അധികാര വിപുലീകരണത്തിന്റെയും സംരക്ഷകരാണ് അന്നും ഇന്നും അവിടുത്തെ മാധ്യമങ്ങള്‍ ‘ – Media and Imperialism) അക്ഷരംപ്രതി ചേരുന്ന മാധ്യമസാമ്രാജ്യമാണ് സി.എന്‍.എന്‍.എന്നോര്‍ക്കുക. ഇതേ പാത പിന്‍തുടര്‍ന്ന് ജനു 29 ന്’ ദെ ന്യൂയോര്‍ക് ടൈംസ് അതേറ്റു പിടിക്കുകയും ആയുധം ഒന്നുകൂടി രാകിക്കൊടുക്കുകയും ചെയ്തു.

‘Coronavirus spreads, and the world pays for China’s dictactorship’ എന്നായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്. പിറ്റേന്ന് ഇതേ വാര്‍ത്ത, തലക്കെട്ട് പോലും മാറ്റാതെ ചിക്കാഗോ ടൈംസ് തുടങ്ങി മറ്റ് അമേരിക്കന്‍ മാധ്യമങ്ങളും ഏറ്റുപാടി. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുമെന്ന വിവരം ചൈന മന:പൂര്‍വ്വം മറച്ചുവെച്ച് ലോകത്താകെ ദുരിതം വിതറിയെന്നും അതിനു കാരണം ചൈനയിലെ കമ്മ്യൂണിസ്റ്റ് ഏകാധിപത്യമാണെന്നും അവര്‍ ആവുംവിധം സംഘഗാനമാലപിച്ചു.’

ന്യൂയോര്‍ക് ടൈംസില്‍ ഈ കോളം എഴുതിയ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ നികോളാസ് ക്രിസ്റ്റോഫ് അമേരിക്കന്‍ മിലിറ്ററിയുടെ ഒരു കടുത്ത ആരാധകനുമാണ്. ചൈനീസ് പ്രസിഡന്റിനെ, ഏകപക്ഷീയമായി ഇയാള്‍ അമേരിക്കയടെ ഭാഗം ചേര്‍ന്ന് മേല്‍പ്പറഞ്ഞ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുമുണ്ട്. അമേരിക്കയുമായുള്ള ബന്ധം വഷളാക്കിയത് ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിംഗ് എന്നാണ് കണ്ണും പൂട്ടി ഇദ്ദേഹം തട്ടിവിടുന്നത്.

ലീ വെന്‍ ലിയാംഗ് എന്ന ഡോക്ടര്‍

സാര്‍സ് പോലെ ഒരു വൈറസ് രോഗം വന്നിരിക്കുന്നു എന്നു ചൈനയിലെ സാമൂഹ്യ മാധ്യമം ( We Chat) വഴി സുഹൃത്തക്കളെ അറിയിച്ചതിന് ലീ വെന്‍ ലിയാംഗ് എന്ന ഡോക്ടറെ പോലീസ് പിടിച്ചതും അദ്ദേഹത്തിന്റെ മുന്നറിയിപ്പിനെ തളളിക്കളഞ്ഞതുമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിടാതെ പിടിച്ചത്. യഥാര്‍ത്ഥത്തില്‍ രോഗവിവരം ഉത്തരവാദിത്വപ്പെട്ടവരെ അറിയിക്കുകയായിരുന്നു ഡോക്ടര്‍ ചെയ്യേണ്ടിയിരുന്നത്. പകരം സാമൂഹ്യ മാധ്യമങ്ങളില്‍ അത് പരക്കുമ്പോള്‍ അതിന്റെ വരുംവരായ്കകള്‍ നമുക്കറിയാവുന്നതാണ്. ഈയൊരു പിഴവിനാണ് ഡോക്ടറെ പോലീസ് ചോദ്യം ചെയ്തത്. നമ്മുടെ നാട്ടിലായാലും ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ അറിയിക്കേണ്ടതിനു പകരം, ഇതേപോലെ ചെയ്താല്‍ ഏതുഡോക്ടര്‍ക്കും തീര്‍ച്ചയായും സര്‍ക്കാരിനോട് വിശദീകരണം നല്‍കേണ്ടി വരില്ലേ?

ലീ വെന്‍ ലിയാംഗ്

ചൈന രഹസ്യമാക്കി വെച്ചോ?

2019 ഡിസം. 30 നാണ് ഡോ.ലീയുടെ രോഗ മുന്നറിയിപ്പ് പരക്കുന്നത്. വൈകാതെ പിറ്റേന്നു തന്നെ വുഹാന്‍ മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷന്‍, നഗരത്തിലെ ന്യൂമോണിയ പകര്‍ച്ചവ്യാധിയെപ്പറ്റി പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. ഒപ്പം ഈ വിവരം അന്നു തന്നെ ലോകാരോഗ്യ സംഘടനയെ ചൈന അറിയിക്കുകയും ചെയ്തു. അന്ന് രോഗകാരണം അജ്ഞാതമാണ്. ഈ രോഗത്താലുള്ള മരണം ആദ്യം സ്ഥിരീകരിക്കുന്നത് ജനു.9 നുമാണ്. ഈ കാലയളവിലൊന്നും രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്നതിനും ചികിത്സിച്ചവര്‍ക്ക് രോഗം വന്നതിനും തെളിവുകള്‍ കിട്ടിയിരുന്നില്ല. എന്നാല്‍ തുടര്‍ന്ന് 12 ഓളം മെഡിക്കല്‍ സ്റ്റാഫിന് ഒരൊറ്റ രോഗിയില്‍ നിന്നു തന്നെ രോഗം’ പിടിപെട്ടതോടെയാണ് രോഗവ്യാപനത്തിന്റെ സ്വഭാവം വ്യക്തമായത്. അപ്പോള്‍ തന്നെ ജനു. 23 ന് അവര്‍ വുഹാന്‍ ഉള്‍പ്പെടെ 15 നഗരങ്ങളില്‍, 57 ദശലക്ഷം ജനങ്ങള്‍ക്ക് ക്വാറന്റയിന്‍, ആദ്യഘട്ടത്തില്‍ നടപ്പിലാക്കുകയും ചെയ്തു.

രാഷ്ട്രീയം കളിക്കരുത്

അതിനാല്‍ രോഗവ്യാപനം തടയുന്നതില്‍ ചൈന കൈക്കൊണ്ട നടപടികളെ മുക്തകണ്ം പ്രശംസിച്ചത് മറ്റാരുമായിരുന്നില്ല ലോകാരോഗ്യ സംഘടനയുടെ തലവനായ ഡോ.ടെഡ്രൊസ് അധാനൊം ഗെബ്രിയെയ്‌സസ് തന്നെയാണ്. ജനു.9 ആദ്യ മരണം സ്ഥിരീകരിച്ചതിന്റെ പിറ്റേന്ന് ലോകാരോഗ്യ സംഘടന പറഞ്ഞത് ‘വൈറസിന്റെ പകരുന്ന രീതി വ്യക്തമായിട്ടില്ലെന്നും അതിനാല്‍ യാത്രയും വ്യാപാരവും ചൈനയില്‍ നിയന്ത്രിക്കേണ്ടതില്ലെന്നുമാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതിന്റെ തെളിവുകള്‍ ഒരു ആരോഗ്യ പ്രവര്‍ത്തകരിലും കാണുന്നില്ലെന്ന് ജനു.12 നും സംഘടന അറിയിച്ചു.

ജനു.20നാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് അസുഖം പകരുമെന്നത് ചൈന സ്ഥിരീകരിക്കുന്നത്. ഇതറിഞ്ഞതിനു ശേഷം ജനു.24 നും യാത്രാവിലക്കുകള്‍ ഒന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചതില്ല. എന്നാല്‍ ജനു.23 ന് തന്നെ ചൈന ക്വാറന്റയിന്‍ നടപ്പില്‍ വരുത്തി. ഇതിനെ പൊതുജനാരോഗ്യ ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നടപടിയെന്നാണ് ലോകാരോഗ്യ സംഘടനാ പ്രതിനിധിഗ ഗാഡന്‍ ഗലീയ വിശേഷിപ്പിച്ചത്. തുടര്‍ന്ന് ജനു. 27നാണ് രോഗത്തിന്റെ കടുപ്പം ലോകാരോഗ്യ സംഘടന വിലയിരുത്തുന്നതും ജനു. 30 ന് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതും.

രോഗനിയന്ത്രണത്തില്‍ ചൈന കാണിച്ച വേഗത, അളവ്, കാര്യക്ഷമത ഇതെല്ലാം ചൈനയുടെ ഭരണ സംവിധാനത്തിന്റെ മേന്മ തന്നെയാണെന്ന് ഡോ. ടെഡ്രൊസ് പ്രശംസിച്ചു. തുടര്‍ന്ന് ലോക രാഷ്ട്രങ്ങളും ചൈനയുടെ നടപടികളെ പുകഴ്ത്തി. ഇക്കൂട്ടത്തില്‍ ജനു.24 നു തന്നെ ഡൊണാള്‍ഡ് ട്രംപും ചൈനയെ സമ്മതിക്കുന്നുണ്ട്. ചൈനയെ ലോക സമക്ഷം കരിവാരിതേയ്ക്കുന്ന പാശ്ചാത്യ മാധ്യമങ്ങളെ പോലെ ചൈനയെ കുറ്റപ്പെടുത്തിയ ഫൈനാന്‍ഷ്യല്‍ ടൈംസ് ലോകാരോഗ്യ സംഘടനാ തലവനുമായി ഒരു കൂടിക്കാഴ്ച ഫെബ്രു. 9 ന് നടത്തുകയുണ്ടായി. (ചൈനയെ പുകഴ്ത്തിയതിന് ഈ മാധ്യമങ്ങള്‍ അദ്ദേഹത്തെയും വേട്ടയാടിയിരുന്നു.)

ഡോ.ടെഡ്രൊസ് അധാനൊം

ആ അഭിമുഖത്തിലും ടെഡ്രൊസ് പറഞ്ഞു. ‘ ചൈന രോഗവ്യാപനം രഹസ്യമാക്കിയെന്നതിന് തെളിവൊന്നുമില്ല. അങ്ങനെ അവര്‍ ചെയ്തിരുന്നെങ്കില്‍ വളരെ മുന്നേ തന്നെ രോഗം അടുത്ത രാജ്യങ്ങളിലേക്ക് പടര്‍ന്നേനെ. അതുകൊണ്ട് ചൈനക്കു മേലുള്ള ആരോപണം യുക്തിക്കു നിരക്കുന്നതല്ല. ഇത്തരം നിഗമനങ്ങളില്‍ എത്തുന്നത് തെറ്റാണ്. പകരം ചൈനയെ പ്രശംസിക്കുകയാണ് വേണ്ടത്. അവര്‍ വേഗത്തില്‍ രോഗകാരിയെ കണ്ടെത്തി അതിന്റെ സ്വീകന്‍സ്’ കൈമാറി. അതു കൊണ്ട് മറ്റു രാജ്യങ്ങള്‍ക്ക് വേഗം രോഗനിര്‍ണ്ണയം സാധ്യമായി. അവര്‍ വലിയ നഗരങ്ങള്‍ ഉടന്‍ കൊട്ടിയടച്ചു. ഇതിനെ പുകഴ്‌ത്തേണ്ടേ? രോഗ പ്രഭവകേന്ദ്രത്തെ തന്നെ അവര്‍ അമര്‍ച്ച ചെയ്തതിന് അവരോട് നന്ദി പറയണം. ലോകത്തെ ശരിക്കും അവര്‍ രക്ഷിക്കുകയാണ് ചെയ്തത്.’

ഇതു കൂടാതെ ഏകാധിപതിയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ അപലപിക്കുന്ന ഷി ജിന്‍പിംഗിനെപ്പറ്റി ടെ ഡ്രോസ് ഇങ്ങനെ പറഞ്ഞു. ‘അദ്ദേഹത്തിന്റെ വിജ്ഞാനത്തില്‍ ഞാന്‍ അന്തിച്ചു പോയി. അദ്ദേഹം വ്യക്തിപരമായി തന്നെ രോഗനിയന്ത്രണ കാര്യങ്ങളില്‍ മുഴുകിയിരുന്നു. അത് നല്ല നേതൃത്വം തന്നെ’. (ലോകാരോഗ്യ സംഘടനയും ചൈനയും സംയുക്തമായി ഫെബ്രുവരി അവസാനം ഇറക്കിയ കൊറോണ റിപ്പോര്‍ട്ടിലും ചൈനയുടെ ഉചിതമായ നടപടികളെ അഭിനന്ദിക്കുന്നുണ്ട്.) ലോകാരോഗ്യ സംഘടനയുടെ ഈ തലവന്‍ വെറും ഒരുദ്യോഗസ്ഥനായിരുന്നില്ല. ടെഡ്രോഡ് എത്യോപയുടെ മുന്‍ ആരോഗ്യ മന്ത്രിയായിരുന്നു. പകര്‍ച്ച രോഗങ്ങളുടെ തലസ്ഥാനമായ തന്റെ രാജ്യത്ത് ജനകീയമായ ആരോഗ്യ പ്രവര്‍ത്തനം നടത്തി വിജയം കണ്ട ആളാണ്. അറിയുന്നവര്‍ക്കെല്ലാം അദ്ദേഹത്തെപ്പറ്റി നല്ലതേ പറയാനുള്ളൂ. ‘വൈറസാണ് പൊതുശത്രു, ഇവിടെ നമ്മള്‍ രാഷ്ട്രീയം കളിക്കരു’ തെന്നാണ് ചൈനയെ കുരിശില്‍ തറയ്ക്കാനിറങ്ങിയ മാധ്യമങ്ങളോട് ലോകാരോഗ്യ സംഘടനയ്ക്ക് തലവനായി വന്ന ഈ ആദ്യ ആഫ്രിക്കക്കാരന്‍ പറഞ്ഞത്.

ജനാധിപത്യം ലോകാധിപത്യത്തിന് തുറുപ്പുചീട്ട്

എന്നാല്‍ ടെഡ്രൊസ് ചൈനയെ മനപൂര്‍വ്വം പിന്താങ്ങുകയാണെന്നു വരുത്തി കൊണ്ട് അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്ന് മാറ്റുന്നതിനായി ആഗോളതലത്തില്‍ ഒപ്പുശേഖരണത്തിന് ഈ മാധ്യമങ്ങള്‍ കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. ഇവര്‍ തന്നെയാണ് ചൈനീസ് വൈറസ് എന്നും വുഹാന്‍ വൈറസ് എന്നും വിളിച്ച് അധിക്ഷേപിക്കാന്‍ ട്രംപിന് വഴികാട്ടിയതും. ഈ ഗൂഢലക്ഷ്യമാധ്യമങ്ങളാല്‍ ലാളിക്കപ്പെടുന്ന അതേ അമേരിക്കയാണ് കോവിഡിനെ ചെറുക്കാന്‍ ഇറങ്ങിയ ക്യൂബയുടെ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് രാഷ്ട്രങ്ങളെ വിലക്കുന്നതും, ഇറാന്‍ കോവിഡിനാല്‍ വലയുമ്പോഴും ഇറാനു മേല്‍ ഉപരോധം കടുപ്പിച്ച് ജനങ്ങളെ നരകത്തിലാഴ്ത്തുന്നതും.

അഭിപ്രായ സ്വാതന്ത്യത്തിന്റെ അപ്പോസ്തലന്മാരുടെ ഈ നാട്ടിലാണ് ‘ഒക്യുപൈ വാള്‍സ്ട്രീറ്റ് ‘ സമരത്തെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തിയത്. ഇതേ മാധ്യമ പിന്തുണയോടെയാണ് ദശകങ്ങളായി, അന്യ രാഷ്ട്രങ്ങളിലെ ജനാധിപത്യ ഭരണക്രമങ്ങളെ അമേരിക്ക അട്ടിമറിക്കുന്നതും പകരം ഏകാധിപതികളെ അവരോധിച്ചു കൂട്ടക്കൊലകള്‍ക്ക് ചൂട്ടു പിടിക്കുന്നതും. ഇതേ രാജ്യമാണ് വയോക്‌സ് എന്ന മെഡിസിന്‍ ഹൃദയാഘാതമുണ്ടാക്കുന്നത് തിരിച്ചറിഞ്ഞിട്ടും, അത് മറച്ച് വെച്ച് വില്പന നടത്താന്‍ മരുന്നു കുത്തകക്ക് അവസരമുണ്ടാക്കിയതും കുരങ്ങുവൈറസ് കലര്‍ന്ന വാക്‌സിന്‍ പ്രയോഗിച്ച് ജനങ്ങളില്‍ തളര്‍വാതം വരുത്തി തീര്‍ത്തതും.

ജനാധിപത്യത്തിന്റെ ഈ ശ്രീകോവിലാണ് സ്വന്തം ജനതയെ കൊണ്ട് ജനിതകമാറ്റം വരുത്തിയ വിളകള്‍, അവ അപകടകരമാണെന്നതിന് തെളിവില്ലെന്നു ന്യായം കാട്ടി , നിര്‍ബാധം തീറ്റിക്കുന്നത്. അതേ ട്രംപ് തന്നെയാണ് പറഞ്ഞത് ഒരു ലക്ഷം പേര്‍ കോവിഡ് വന്ന് മരിച്ചോട്ടെയെന്ന്. അവിടെ തന്നെയാണ് രോഗനിര്‍ണ്ണയത്തിന് വേണ്ടി കാശ്‌കെട്ട് കാഴ്ചവെയ്‌ക്കേണ്ട ഗതികേട് ജനങ്ങള്‍ക്കുള്ളത്. അതേ ജനാധിപത്യക്രമമാണ് ചെറുപ്പക്കാര്‍ ജീവിക്കട്ടെ, വൃദ്ധജനങ്ങള്‍ മരിക്കട്ടെ എന്നു ചിന്തിക്കുന്ന അവനവന്‍ കാര്യം മാത്രം നോക്കുന്ന പൗരസമൂഹത്തെ വാര്‍ത്തെടുക്കുന്നത്. പണമുണ്ടാക്കുന്നതിന് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തെ ആളുകളെ രോഗത്തിലേക്കും മരണത്തിലേക്കും തള്ളിയിടുന്ന ഭരണക്രമമാണത്.

അതുകൊണ്ട് കോവിഡിനെ മറികടക്കാനുള്ള യത്നത്തില്‍ ചൈനയെ അടിക്കാനുള്ള വടി അമേരിക്കന്‍ മാധ്യമ കുത്തകകളില്‍ നിന്ന് വാങ്ങാതിരിക്കാം. ലോകത്തേറ്റവും കൂടുതല്‍ ജയില്‍വാസികളുള്ളതും വംശീയവെറി കൊടികുത്തി വാഴുന്നതും കോടിപതികള്‍ നയിക്കുന്നതുമായ അമേരിക്കയെ ജനാധിപത്യത്തിന്റെ മഹനീയ മാതൃകയാക്കി അവരോധിക്കാതിരിക്കാം. പെരുമന്തന്‍ ഉണ്ണി മന്തനെ അപഹസിക്കുന്ന കലാപരിപാടിയില്‍ നിന്ന് സാമൂഹ്യ അകലം പാലിക്കാം. പുതിയ മാധ്യമ ശക്തികളുടെ സാങ്കേതിക മേല്‍കോയ്മകള്‍ രഹസ്യമായും പരസ്യമായും മനുഷ്യന്റെ സ്വകാര്യതയും അഭിപ്രായ സ്വാതന്ത്ര്യവും അടിച്ചു മാറ്റുന്ന ഈ നവലോകത്ത് ഈവിധത്തിലുള്ള എല്ലാ മാധ്യമ സാമ്രാജ്യങ്ങളും ജനാധിപത്യത്തിന് ഭീഷണിയാകുന്നതെങ്ങനെയെന്ന് പഠിക്കാം.

അമേരിക്കയും ചൈനയും തമ്മില്‍ വ്യാപാര യുദ്ധത്തിലൂടെ ലോകാധിപത്യത്തിന് ശ്രമിച്ചാലും ഇല്ലെങ്കിലും നമുക്കു നല്ലത് അന്നും ഇന്നും നമ്മുടെ ചേരിചേരാ നയമാണ്. ഇരു ശക്തികളുടെയും ഗുണദോഷങ്ങളെ കൃത്യമായി തിരിച്ചറിയാനുള്ള നിഷ്പക്ഷ ബുദ്ധിയും വിവേകവും മനുഷ്യത്വവുമാണ് ഏത് ഇരുട്ടിലും നമുക്കാവശ്യം.

അശോകകുമാര്‍. വി
അധ്യാപകന്‍