World News
വിവേചനം വെച്ചുപൊറുപ്പിക്കില്ല; ചൈനീസ് കമ്പനികളുടെ ക്യാമറ നീക്കം ചെയ്യാന്‍ തീരുമാനിച്ച ഓസ്‌ട്രേലിയക്കെതിരെ ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 10, 01:54 pm
Friday, 10th February 2023, 7:24 pm

ബെയ്ജിങ്: പ്രതിരോധ മന്ത്രാലയത്തിന്റെ ഓഫീസുകളില്‍ നിന്നും ചൈനീസ് നിര്‍മിത ക്യാമറകള്‍ നീക്കം ചെയ്യാനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തോട് ശക്തമായി പ്രതികരിച്ച് ചൈന.

ചൈനീസ് കമ്പനികള്‍ക്കെതിരെയുള്ള വിവേചനപരമായ നടപടിയാണ് ഓസ്‌ട്രേലിയ നടത്തിയിരിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞു. സി.എന്‍.എന്നിന് നല്‍കിയ പ്രതികരണത്തിലാണ് ചൈന നിലപാട് വ്യക്തമാക്കിയത്.

ദേശീയ സുരക്ഷയുടെ പേരില്‍ ചൈനീസ് കമ്പനികളെ അടിച്ചമര്‍ത്തുന്ന നടപടികളെയും അധികാര ദുര്‍വിനിയോഗത്തെയും ചൈന എതിര്‍ക്കുന്നുവെന്നും വക്താവ് പറഞ്ഞു.

ക്യാമറകള്‍ ചൈന ചാരവൃത്തിക്കായി ഉപയോഗിക്കുന്നുണ്ടാവാമെന്ന് പ്രതിപക്ഷം ആശങ്ക ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ചൈനീസ് കമ്പനികളുടെ സര്‍വയലന്‍സ് ഉപകരണങ്ങള്‍ നീക്കം ചെയ്യുന്നതായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചത്.

പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നുള്ള സെനറ്റര്‍മാരാണ് ചൈനീസ് ക്യാമറകളില്‍ രാജ്യസുരക്ഷയെ ബാധിക്കുമെന്ന ആശങ്കയുമായി രംഗത്തുവന്നത്. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 913 ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി താന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞുവെന്ന് ലിബറല്‍ പാര്‍ട്ടി സെനറ്റര്‍ ജെയിംസ് പാറ്റേഴ്സണ്‍ പറഞ്ഞു.

ചൈനീസ് കമ്പനികളായ ഹിക്‌വിഷന്‍, ദാഹുവ എന്നീ കമ്പനികളുടെ ക്യാമറകള്‍, ആക്സസ് കണ്‍ട്രോള്‍ സിസ്റ്റം, ഇന്‍ര്‍കോം എന്നിവയാണ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതെന്നും, ഈ കമ്പനികള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവയാണെന്നും പാറ്റേഴ്സണ്‍ പറഞ്ഞു.

‘ഈ കമ്പനികള്‍ക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുണ്ട്. മാത്രമല്ല, ചൈനയുടെ ദേശീയ ഇന്റലിജന്‍സ് നിയമങ്ങള്‍ പാലിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. എല്ലാ ചൈനീസ് കമ്പനികളും വ്യക്തികളും ചൈനീസ് ഇന്റലിജന്‍സുമായി സഹകരിക്കണമെന്നാണ് ഈ നിയമത്തില്‍ പറയുന്നത്.

ഞാന്‍ സൂചിപ്പിച്ച ക്യാമറകളുടെ അപാകതകള്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മൂന്നാമതൊരാള്‍ക്ക് ഈ ക്യാമറകളുടെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുക്കാനും അവ അതുവരെ ശേഖരിച്ച ഓഡിയോയും വീഡിയോയും ഉപയോഗിക്കാനുമാകും,’ ഒരു റേഡിയോ അഭിമുഖത്തില്‍ പാറ്റേഴ്സണ്‍ പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ജെയിംസ് പാറ്റേഴ്സണ്‍

പാറ്റേഴ്സന്റെ ഈ പ്രസ്താവനകളോട് മറുപടി പറയവേയാണ് ചൈനീസ് നിര്‍മിത കമ്പനികളുടെ ക്യാമറകള്‍ നീക്കം ചെയ്യുമെന്ന കാര്യം പ്രതിരോധ മന്ത്രി അറിയിച്ചത്. പ്രതിരോധ വകുപ്പിന് കീഴില്‍ വരുന്ന എല്ലാ സര്‍വയലന്‍സ് ഉപകരണങ്ങളുടെയും കണക്കെടുക്കുന്നുണ്ടെന്നും എവിടെയാണോ ഇപ്പറഞ്ഞ കമ്പനികളുടെ ക്യാമറകളുള്ളത് അവ ഉടന്‍ തന്നെ നീക്കം ചെയ്യുമെന്നാണ് മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് അറിയിച്ചത്.

നടപടിയെ അപലപിച്ച് ഹിക്‌വിഷന്‍ രംഗത്തുവന്നിട്ടുണ്ട്. തങ്ങളെ ദേശസുരക്ഷ ഭീഷണിയായി അവതരിപ്പിക്കുന്നത് തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ഹിക്‌വിഷന്റെ വക്താവ് ബി.ബി.സിയോട് പറഞ്ഞു.

ഏതെങ്കിലും അംഗീകൃത സാങ്കേതികവിദ്യാ സ്ഥാപനമോ മറ്റ് അന്വേഷണങ്ങളോ കമ്പനി സുരക്ഷാഭീഷണി സൃഷ്ടിക്കുമെന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഹിക്‌വിഷന്‍ പറഞ്ഞു. ക്യാമറ ഉപയോഗിക്കുന്നവരുടെ വീഡിയോ ഡാറ്റ തങ്ങള്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിയില്ലെന്നും അതുകൊണ്ട് തന്നെ ഇത് മൂന്നാമതൊരു പാര്‍ട്ടിക്ക് കൈമാറുന്ന പ്രശ്‌നം ഉദിക്കുന്നേയില്ലെന്നും വക്താവ് പ്രതികരണത്തില്‍ പറഞ്ഞു.

റിച്ചാര്‍ഡ് മാര്‍ലെസ്

കഴിഞ്ഞ നവംബറില്‍ ഹിക്‌വിഷനും ദാഹുവയുമടക്കം നിരവധി ചൈനീസ് കമ്പനികളുടെ ടെലി കമ്മ്യൂണിക്കേഷന്‍സ്, വീഡിയോ സര്‍വയലന്‍സ് ഉപകരണങ്ങള്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. രാജ്യത്തിന്റെ ആശയവിനിമയ സംവിധാനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ് ഈ നടപടിയെന്നായിരുന്നു അമേരിക്ക അവകാശപ്പെട്ടിരുന്നത്. അതേ മാസം തന്നെ ബ്രിട്ടനും സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ നിന്നും ഹിക്‌വിഷന്‍റെ സെക്യൂരിറ്റി ക്യാമറകള്‍ നീക്കം ചെയ്തിരുന്നു.

ക്യാമറകള്‍ നീക്കം ചെയ്യാനുള്ള നടപടി ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധത്തെ ഏറെ ദോഷകരമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2018ല്‍ രാജ്യത്തെ 5ജി നെറ്റ്‌വര്‍ക്കില്‍ നിന്നും ചൈനീസ് കമ്പനിയായ ഹുവായിയെ ഓസ്‌ട്രേലിയ നിരോധിച്ചതിന് പിന്നാലെ ചൈന ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു.

വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും ഓസ്‌ട്രേലിയന്‍ ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ചുമായിരുന്നു ചൈന അന്ന് പ്രതികരിച്ചിരുന്നത്. പിന്നീട് കഴിഞ്ഞ വര്‍ഷം മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടു വന്നിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ വീണ്ടും സ്ഥിതി വഷളാക്കിയിരിക്കുന്നത്.

Content Highlight: China against Australia on Chinese company’s security camera removing controversy