ചൈനക്കെതിരെ അമേരിക്ക സൈബറാക്രമണങ്ങള്‍ നടത്തുന്നു, സെന്‍സിറ്റീവായ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു: സി.വി.ആര്‍.സി റിപ്പോര്‍ട്ട്
World News
ചൈനക്കെതിരെ അമേരിക്ക സൈബറാക്രമണങ്ങള്‍ നടത്തുന്നു, സെന്‍സിറ്റീവായ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നു: സി.വി.ആര്‍.സി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th September 2022, 4:31 pm

ബീജിങ്: അമേരിക്ക തങ്ങള്‍ക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നുണ്ടെന്ന ആരോപണവുമായി ചൈന.

ആയിരക്കണക്കിന് സൈബര്‍ അറ്റാക്കുകള്‍ ലോഞ്ച് ചെയ്തിരിക്കുകയാണെന്നും പബ്ലിക് റിസര്‍ച് യൂണിവേഴ്‌സിറ്റികളുടേതടക്കം സെന്‍സിറ്റീവായ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തതായുമാണ് ചൈന തിങ്കളാഴ്ച ആരോപിച്ചത്.

നാഷണല്‍ കമ്പ്യൂട്ടര്‍ വൈറസ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്റര്‍ (National Computer Virus Emergency Response Center- സി.വി.ആര്‍.സി) തിങ്കളാഴ്ച പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടിലാണ് യു.എസിന്റെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍.എസ്.എ) കഴിഞ്ഞ വര്‍ഷങ്ങളിലായി ചൈനയിലെ നെറ്റ്‌വര്‍ക്ക് ലക്ഷ്യമാക്കി പതിനായിരക്കണക്കിന് സൈബറാക്രമണങ്ങള്‍ നടത്തിയതായി ആരോപിക്കുന്നത്.

ചൈനയിലെ ഷിയാന്‍ (Xi’an) നഗരത്തിലെ നോര്‍ത്ത്‌വെസ്റ്റേണ്‍ പോളിടെക്നിക്കല്‍ യൂണിവേഴ്സിറ്റിയുടെ ഡാറ്റയിലേക്ക് നുഴഞ്ഞുകയറിയത് എന്‍.എസ്.എയുടെ ഓഫീസ് ഓഫ് ടെയ്ലേര്‍ഡ് ആക്സസ് ഓപ്പറേഷന്‍സ് (Office of Tailored Access Operations- ടി.എ.ഒ) ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് സര്‍ക്കാരിലെ വ്യവസായ, വിവരസാങ്കേതിക മന്ത്രാലയമാണ് നോര്‍ത്ത്‌വെസ്റ്റേണ്‍ പോളിടെക്നിക്കല്‍ യൂണിവേഴ്സിറ്റിക്ക് ധനസഹായം നല്‍കുന്നത്.

സര്‍വകലാശാലയുടെ നെറ്റ്‌വര്‍ക്കുകളിലേക്ക് ടി.എ.ഒ നുഴഞ്ഞുകയറുകയും സെര്‍വറുകള്‍, റൂട്ടറുകള്‍, നെറ്റ്‌വര്‍ക്ക് സ്വിച്ചുകള്‍ എന്നിവയുള്‍പ്പെടെ പതിനായിരക്കണക്കിന് ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തുവെന്നും സി.വി.ആര്‍.സിയുടെ റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

ഇത്തരം സൈബര്‍ ചാരപ്രവര്‍ത്തികള്‍ നടത്തുന്നതിന് ടി.എ.ഒക്ക് യൂറോപ്പിലെയും ദക്ഷിണേഷ്യയിലെയും ഗ്രൂപ്പുകളില്‍ നിന്ന് സഹായം ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചൈനയുടെ ദേശീയ സുരക്ഷയെയും ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ സുരക്ഷയെയും ഗുരുതരമായി അപകടപ്പെടുത്തുന്ന യു.എസില്‍ നിന്നുള്ള ഈ ആക്രമണങ്ങളെ ബീജിങ്ങിലെ വിദേശകാര്യ മന്ത്രാലയം അപലപിക്കുകയും ചെയ്തു.

”വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നും നിയമവിരുദ്ധമായ ഈ നീക്കം ഉടന്‍ അവസാനിപ്പിക്കണമെന്നും ഞങ്ങള്‍ യു.എസിനോട് ആവശ്യപ്പെടുന്നു,” ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചു.

എന്നാല്‍ യു.എസിന്റെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി വിഷയത്തോട് പ്രതികരിച്ചിട്ടില്ല.

അതേസമയം, അമേരിക്കന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുമെതിരെ ചൈന സൈബര്‍ ആക്രമണം നടത്തുന്നതായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അമേരിക്ക ആരോപിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങളെ ചൈന നിഷേധിച്ചിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നതിനും ഈ ആരോപണ പ്രത്യാരോപണങ്ങള്‍ കാരണമായിരുന്നു.

കഴിഞ്ഞ വര്‍ഷം, മൈക്രോസോഫ്റ്റിന്റെ ഇമെയില്‍ സോഫ്റ്റ്‌വെയറിനെതിരെ ചൈന സൈബറാക്രമണം നടത്തുന്നതായും യു.എസ് ആരോപിച്ചിരുന്നു.

എന്നാല്‍ അമേരിക്കയാണ് സൈബര്‍ ചാരവൃത്തിയുടെ ലോക ചാമ്പ്യന്‍ എന്നായിരുന്നു ഇതിനോടുള്ള ചൈനയുടെ പ്രതികരണം.

Content Highlight: China accuses America of cyberattacks against the country