| Saturday, 10th June 2023, 9:00 am

ആമസോണ്‍ വനത്തില്‍ കാണാതായ നാല് കുട്ടികളെയും ജീവനോടെ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബൊഗോട്ട: കൊളംബിയ വിമാനാപകടത്തില്‍ കാണാതായ നാല് കുട്ടികളെയും ആമസോണ്‍ വനത്തില്‍ ജീവനോടെ കണ്ടെത്തിയതായി കൊളംബിയ പ്രസിഡന്റ് ഗസ്താവോ പെട്രോ. അപകടം നടന്ന് അഞ്ച് ആഴ്ചകള്‍ക്ക് ശേഷമാണ് കുട്ടികളെ കണ്ടെത്തുന്നത്.

അപകടം നടന്നതിന് സമീപത്തുള്ള കൊളംബിയ കാക്വെറ്റ-ഗ്വാവിയര്‍ പ്രവിശ്യയിലെ അതിര്‍ത്തിക്കടുത്തായിട്ടാണ് സൈന്യം കുട്ടികളെ കണ്ടെത്തിയത്.

രാജ്യത്തിനൊരു സന്തോഷ വാര്‍ത്തയെന്ന് ട്വിറ്ററില്‍ കുറിച്ചുകൊണ്ടാണ് കുട്ടികളെ കണ്ടെത്തിയ വിവരം പ്രസിഡന്റ് അറിയിച്ചത്. ‘രാജ്യത്തിനൊരു സന്തോഷ വാര്‍ത്ത. അപകടത്തില്‍ കാണാതായ നാല് കുട്ടികളെയും ആമസോണ്‍ വനത്തില്‍ നിന്നും ജീവനോടെ കണ്ടെത്തിയിരിക്കുന്നു,’ പെട്രോ ട്വിറ്ററില്‍ കുറിച്ചു.

‘അവര്‍ ഒറ്റക്കായിരുന്നു. എന്നാല്‍ അവര്‍ തന്നെ അതിജീവനത്തിനുള്ള വഴി കണ്ടെത്തി. ഇത് എന്നും ഓര്‍ക്കപ്പെടും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവര്‍ കൊളംബിയയുടെ മക്കളാണെന്ന് പറഞ്ഞ പെട്രോ കുട്ടികളെ പരിചരിക്കുന്ന സൈന്യത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചു.

കുട്ടികളിപ്പോള്‍ ചികിത്സയിലാണെന്നും കുട്ടികളുടെ മുത്തച്ഛനുമായി താന്‍ സംസാരിച്ചിരുന്നുവെന്നും പെട്രോ അറിയിച്ചു.

ആമസോണ്‍ പ്രവിശ്യയിലെ അറാറക്വാറയിലൂടെയും ഗ്വാവിയര്‍ പ്രവിശ്യയിലെ സാന്‍ ജോസ് ഡെല്‍ ഗ്വാവിയര്‍ മേഖലയിലൂടെ സഞ്ചരിക്കുന്നതിനിടെ മെയ് ഒന്നിനായിരുന്നു വിമാനാപകടം ഉണ്ടായത്. എന്‍ഞ്ചിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു അപകടം.

അമ്മയും നാല് മക്കളും പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ ഏഴ് പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഒരു വയസുള്ള കുഞ്ഞും പതിമൂന്നും, ഒന്‍പതും നാലും വയസുള്ള കുട്ടികളുമായിരുന്നു അപകടത്തില്‍പ്പെട്ടത്. അമ്മയും പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു.

കുട്ടികള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നും സഹായം തേടി വനത്തിലേക്ക് പോയിട്ടുണ്ടാകുമെന്നുമായിരുന്നു സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്നുമുള്ള പ്രാഥമിക വിവരം.

അപകടത്തിന് പിന്നാലെ കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിരുന്നു. കുട്ടികള്‍ ഉപയോഗിച്ച വെള്ളകുപ്പികളും രണ്ട് കത്രികകളും മുടികെട്ടാന്‍ ഉപയോഗിച്ച റിബ്ബണും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടികളുടെ കാലടയാളങ്ങളും സൈന്യം കണ്ടെത്തി.

നായകളെ ഉപയോഗിച്ചും സൈന്യം തിരച്ചില്‍ നടത്തി. വിമാനങ്ങളും ഹെലികോപ്ടറും ഉപയോഗിച്ചും സൈന്യവും എന്‍ഫോഴ്‌സും തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

ഹുയിറ്റോട്ടോ എന്ന തദ്ദേശീയ വിഭാഗത്തില്‍പ്പെട്ടവരാണ് ഈ കുട്ടികള്‍. അതുകൊണ്ട് തന്നെ പഴങ്ങളെ കുറിച്ചുള്ള അറിവ് ഇവരെ അതിജീവിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷ കുടുംബവും പങ്കുവെച്ചിരുന്നു.

Contemnt Highlight: Chilndren found alive after plain creash in amazon jungle

We use cookies to give you the best possible experience. Learn more