റിയാദ്: സാമൂഹിക അവസ്ഥകളോട് സര്‍ഗാത്മകമായി പ്രതികരിക്കുന്ന കൃതികളുടെ വായനാനുഭവം പങ്കുവെച്ചും സര്‍ഗസംവാദവുമായി ചില്ല സര്‍ഗവേദി സംഘടിപ്പിച്ച പ്രതിമാസ ഒത്തുചേരല്‍ ശ്രദ്ധേയമായി. വി.ആര്‍.സുധീഷിന്റെ “എഴുതിയ കാലം” എന്ന കൃതിയുടെ വായനാനുഭവം പങ്കുവെച്ച് ടി.ജാബിറലി “എന്റെ വായന” എന്ന ശീര്‍ഷകത്തില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രമുഖ സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ അരുന്ധതി റോയിയുടെ വിശദ പഠനത്തോട് കൂടിയുള്ള ഡോ. ബി.ആര്‍.അംബേദ്കറുടെ ആനിഹിലേഷന്‍ ഓഫ് കാസ്റ്റ് “ജാതി ഉന്മൂലനം വ്യാഖ്യാന വിമര്‍ശനങ്ങള്‍ സഹിതം” എന്ന പുസ്തകത്തിന്റെ വായന നിജാസ് നടത്തി.
ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തിന്റെ പുനഃസംഘടന അസാധ്യം എന്നുമാത്രമല്ല ജാതിവ്യവസ്ഥ ഈ സമൂഹത്തെ നശിപ്പിക്കുമെന്നും അംബേദ്കര്‍ തന്റെ പുസ്തകത്തില്‍ പറയുന്നു. അറിവ് നേടാനും അതുവഴി ശാക്തീകരിക്കപ്പെടാനുമുള്ള ബഹുജനങ്ങളുടെ അവസരം നിഷേധിക്കുന്ന വര്‍ണവ്യവസ്ഥ ഇന്നും ഇന്ത്യയില്‍ വിവിധ രൂപങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും കാണുമ്പോള്‍ അംബേദ്കരുടെ പുസ്തകത്തിന്റെ വായന പ്രസക്തമാകുന്നു എന്ന് നിജാസ് പറഞ്ഞു.
ഇന്ത്യയിലെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെയും ജാതിവ്യവസ്ഥയെയും പിന്തുണയ്ക്കുന്ന പ്രത്യയശാസ്ത്ര നിലപാടുകള്‍ വ്യക്തമാക്കുന്ന ഗോള്‍വാള്‍ക്കരുടെ “ബഞ്ച് ഓഫ് തോട്‌സ്” എന്ന പുസ്തകത്തിന്റെ വായന ഷമീം താളാപ്രത്ത് നടത്തി.
അധഃകൃതവര്‍ഗത്തിന്റെ കഥ പറയുന്ന എം.മുകുന്ദന്റെ നോവല്‍ “പുലയപ്പാട്ട്” ഷംല ചീനിക്കല്‍ അവതരിപ്പിച്ചു. തമസ്‌കരിക്കപ്പെട്ട കലാപങ്ങളുടെയും വിലാപങ്ങളുടെയും ചരിത്രമാണ് നോവലിസ്റ്റ് കഥയായി വായനക്കാരന് നല്‍കുന്നതെന്ന് ഷംല പറഞ്ഞു. സാമൂഹികനീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളും മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്‌കൂളില്‍ പഠിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളും ആവിഷ്‌കരിക്കപ്പെടുമ്പോള്‍ മുകുന്ദന്റെ മറ്റു നോവലുകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നു എന്ന് ഷംല കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ ആഴത്തില്‍ ചോദ്യം ചെയ്ത കുമാരനാശാന്റെ “ചണ്ഡാല ഭിക്ഷുകി” സുരേഷ് അവതരിപ്പിച്ചു.
സമൂഹത്തിലെ ഉച്ചനീചത്വത്തിനെതിരെ ആഞ്ഞടിച്ചതും കാവ്യമനോഹാരിത കൊണ്ട് അതിശ്രേഷ്ഠമയതുമായ ഖണ്ഡകാവ്യം ജാത്യാചാരങ്ങളുടെ അര്‍ത്ഥശൂന്യത വെളിവാക്കാനാണ് ശ്രമിക്കുന്നതെന്ന് സുരേഷ് പറഞ്ഞു.
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പി.സായ് നാഥിന്റെ “നല്ലൊരു വരള്‍ച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു” എന്ന കൃതിയുടെ വായന നൗഷാദ് കോര്‍മ്മത്ത് നടത്തി. ഇന്ത്യന്‍ സമൂഹത്തില്‍ ഫ്യൂഡല്‍ സ്വഭാവം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ജാതി ജനജീവിതത്തെ അസന്തുലിതവും അരക്ഷിതവുമാക്കുന്നതും സായ്‌നാഥ് തന്റെ കൃതിയില്‍ പറയുന്നു. അത്യന്തം ദയനീയമായ ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് സായ് നാഥ് പകര്‍ന്നുതരുന്നതെന്ന് നൗഷാദ് വായനാനുഭവം പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
രവിചന്ദ്രന്‍.സിയുടെ “വാസ്തു ലഹരി”യുടെ വായാനാനുഭവം വിജയകുമാര്‍ പങ്കുവച്ചു. നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ നാമാര്‍ജ്ജിച്ച യുക്തിബോധവും പുരോഗമനചിന്തയും വ്യക്തിതലത്തിലും സമൂഹതലത്തിലും നഷ്ടപ്പെടുന്ന കാലത്ത് കൊതിപ്പിച്ചും പേടിപ്പിച്ചും നമ്മെ ഭരിക്കുന്ന അന്ധവിശ്വാസങ്ങളുടെ അടിത്തറയെക്കുറിച്ചും വാസ്തുശാസ്ത്രത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചുമാണ് പറയുന്നതെന്ന് വിജയകുമാര്‍ പറഞ്ഞു.
ഒ.ചന്തുമേനോന്റെ “ഇന്ദുലേഖ” പി.കെ.രാജശേഖരന്റെ പുനര്‍വായനയുമായി നജിം കൊച്ചുകലുങ്ക് അവതരിപ്പിച്ചു. കേരളത്തിന്റെ സമസ്തമേഖലയിലും വിമോചനത്തിനാവശ്യമായ സാംസ്‌കാരികസാഹചര്യമാണ് മലയാളത്തിലെ ആദ്യനോവലായ “ഇന്ദുലേഖ” യിലൂടെ ചന്തുമേനോന്‍ സൃഷ്ടിച്ചതെന്നും മലയാളത്തിലെ ആദ്യനോവലിനെ കാലാകാലങ്ങളായി മിക്ക പ്രസാധകരും മാനഭംഗപ്പെടുത്തുകയായിരുന്നുവെന്നും പി.കെ.രാജശേഖരനെ ഉദ്ധരിച്ചുകൊണ്ട് നജിം പറഞ്ഞു.
പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ ശങ്കര്‍ രചിച്ച “ദ ഗ്രേറ്റ് അണ്‍നോണ്‍” എന്ന കൃതിയുടെ വായനാനുഭവം ആര്‍.മുരളീധരന്‍ പങ്കുവച്ചു. അമേരിക്കന്‍ എഴുത്തുകാരന്‍ ആര്‍തര്‍ ഗോള്‍ഡന്റെ വിഖ്യാതമായ നോവല്‍ “ഒരു ഗയിഷയുടെ ഓര്‍മ്മക്കുറിപ്പുകള്‍” സിയാദ് മണ്ണഞ്ചേരി അവതരിപ്പിച്ചു. പ്രവാസത്തിന്റെ കണ്ണീരും വേദനയും നിറഞ്ഞ ഓര്‍മ്മപുസ്തകം പി.ടി.മുഹമ്മദ് സാദിഖിന്റെ “യത്തീമിന്റെ നാരങ്ങാ മിഠായി”യുടെ വായനാനുഭവം റഫീഖ് പന്നിയങ്കര പങ്കുവെച്ചു. തുടര്‍ന്ന് നടന്ന സര്‍ഗ സംവാദത്തില്‍ എം.ഫൈസല്‍, ജയചന്ദ്രന്‍ നെരുവമ്പ്രം, മന്‍മോഹന്‍, യൂസഫ് പ, പ്രിയ സന്തോഷ്, ഷീബ രാജുഫിലിപ്, അമല്‍ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.