ഞാൻ ഇല്ലായിരുന്നെങ്കിൽ മെസി അന്ന് ഫൈനലിൽ ബ്രസീലിനിനെതിരെ കളിക്കില്ലായിരുന്നു: വെളിപ്പെടുത്തലുമായി റഫറി
Football
ഞാൻ ഇല്ലായിരുന്നെങ്കിൽ മെസി അന്ന് ഫൈനലിൽ ബ്രസീലിനിനെതിരെ കളിക്കില്ലായിരുന്നു: വെളിപ്പെടുത്തലുമായി റഫറി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st September 2024, 5:35 pm

2007 കോപ്പ അമേരിക്കയിലെ അര്‍ജന്റീന-മെക്‌സിക്കോ സെമിഫൈനലില്‍ ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മത്സരം നിയന്ത്രിച്ചിരുന്ന ചിലി റഫറി കാര്‍ലോസ് കാണ്ടിയ. സെമിയില്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസി ആദ്യം തന്നെ യെല്ലോ കാര്‍ഡ് കണ്ടിരുന്നു.

എന്നാല്‍ അവസാന നിമിഷങ്ങളില്‍ മെസിക്ക് വീണ്ടും മഞ്ഞ കാര്‍ഡ് നല്‍കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടും യെല്ലോ കാര്‍ഡ് മനപൂര്‍വം നല്‍കാതിരിക്കുകയായിരുന്നു ചിലിയന്‍ റഫറി. ഈ സംഭവത്തെക്കുറിച്ചാണ് കാര്‍ലോസ് പറഞ്ഞത്. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മെസി ആദ്യം തന്നെ മത്സരത്തില്‍ ഒരു യെല്ലോ കാര്‍ഡ് വാങ്ങിയിരുന്നു. ആ മത്സരത്തില്‍ മൂന്ന് മിനിട്ട് ആയിരുന്നു അധികസമയം ഉണ്ടായിരുന്നത്. മത്സരത്തില്‍ അര്‍ജന്റീന മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയായിരുന്നു. അപ്പോഴാണ് മെസി കളിക്കളത്തില്‍ വീണ്ടും യെല്ലോ കാർഡ് അർഹിക്കുന്ന ഒരു ഫൗള്‍ ചെയ്തത്. അതിന് മെസിക്ക് ഞാന്‍ മഞ്ഞക്കാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ അദ്ദേഹം പുറത്താവുമായിരുന്നു.

ഇതിന് പിന്നാലെ മെസിക്ക് ഫൈനലും നഷ്ടമാവുമായിരുന്നു. ആ സമയത്ത് മെസിക്ക് യെല്ലോ കാര്‍ഡ് നല്‍കിയാല്‍ അദ്ദേഹത്തിന്റെ ജേഴ്‌സി എനിക്ക് ലഭിക്കില്ലെന്ന് ഞാന്‍ കരുതി. അങ്ങനെ അദ്ദേഹത്തിന് ഞാന്‍ കാര്‍ഡ് നല്‍കാതിരിക്കുകയായിരുന്നു. മത്സരശേഷം അദ്ദേഹത്തിന്റെ പതിനെട്ടാം നമ്പര്‍ ജേഴ്‌സി എനിക്ക് ലഭിച്ചു,’ ചിലിയന്‍ റഫറി പറഞ്ഞു.

ആ ടൂര്‍ണമെന്റില്‍ സെമിഫൈനലില്‍ മെക്‌സിക്കോയെ പരാജയപ്പെടുത്തി കലാശ പോരാട്ടത്തിലേക്ക് മുന്നേറിയ അര്‍ജന്റീന ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. ചിരവൈരികളായ ബ്രസീല്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ബ്രസീലിനായി ജോലിയോ ബാപ്പിസ്റ്റ, റോബര്‍ട്ടോ ആയാല, ഡാനി ആല്‍വസ് എന്നിവര്‍ ആയിരുന്നു ഗോളുകള്‍ നേടിയിരുന്നത്.

അതേസമയം കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി അര്‍ജന്റീന കിരീടം ഉയര്‍ത്തിയിരുന്നു. കോപ്പയിലെ അര്‍ജന്റീനയുടെ തുടര്‍ച്ചയായ രണ്ടാം കിരീടവും ചരിത്രത്തിലെ തങ്ങളുടെ പതിനാറാം കിരീടവും ആയിരുന്നു ഇത്. ഇതോടെ 15 കോപ്പ അമേരിക്ക കിരീടങ്ങള്‍ സ്വന്തമാക്കിയ ഉറുഗ്വായെ മറികടന്നുകൊണ്ട് മുന്നേറാനും അര്‍ജന്റീനക്ക് സാധിച്ചു.

 

Content Highlight: Chilean referee Carlos Candia on an incident during the 2007 Copa America semifinals