സാന്റിയാഗോ: സാമൂഹികാവകാശങ്ങളിലും ലിംഗ നീതിയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ചിലിയന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഭരണഘടനാ മാറ്റങ്ങളില്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ മാറ്റങ്ങള്‍ക്കെതിരായി വോട്ട് ചെയ്ത് 60 ശതമാനത്തിലധികം പേര്‍.
ഞായറാഴ്ച നടന്ന ഹിതപരിശോധനയിലെ 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍, 61.9 ശതമാനം പേരും ഭരണഘടനയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തു. 38.1 ശതമാനമാളുകള്‍ പുതിയ ഭരണഘടനയെ അനുകൂലിച്ചുകൊണ്ടും വോട്ട് ചെയ്തു.
41 വര്‍ഷങ്ങള്‍ക്ക് മുമ്പ്, സൈനിക സ്വേച്ഛാധിപതിയായിരുന്ന അഗസ്റ്റോ പിനോഷെയുടെ (Augusto Pinochet) ഭരണകാലത്ത് അംഗീകാരം ലഭിച്ച ചാര്‍ട്ടറാണ് നിലവിലുള്ളത്. ഇതിന് പകരമായി സാമൂഹിക അവകാശങ്ങള്‍, പരിസ്ഥിതി, ലിംഗ സമത്വം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ ഭരണഘടനയായിരുന്നു ഗബ്രിയേല്‍ ബോറിക് (Gabriel Boric) സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.
യാഥാസ്ഥിതിക പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള പുരോഗമനപരമായ ഒരു യുഗത്തിന് പുതിയ ഭരണഘടന തുടക്കമിടുമെന്നായിരുന്നു പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പറഞ്ഞിരുന്നത്.
എന്നാല്‍ ഈ നിര്‍ദിഷ്ട ഭരണഘടനയെ നിരസിച്ചുകൊണ്ടാണ് ഇപ്പോള്‍ ചിലിയിലെ ജനങ്ങള്‍ വോട്ട് ചെയ്തിരിക്കുന്നത്.
”കണ്‍വെന്‍ഷന്‍ ചിലിയില്‍ അവതരിപ്പിച്ച ഭരണഘടനാ നിര്‍ദേശത്തില്‍ ജനങ്ങള്‍ തൃപ്തരല്ലെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. നമ്മള്‍ ജനങ്ങളുടെ ശബ്ദങ്ങള്‍ക്ക് ചെവി കൊടുക്കേണ്ടതുണ്ട്,” പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പ്രതികരിച്ചു.
ഞായറാഴ്ച നടന്ന വോട്ടെടുപ്പിലെ നിരാകരണത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മറ്റൊരു ഡ്രാഫ്റ്റ് തയ്യാറാക്കാന്‍ ചിലിയന്‍ കോണ്‍ഗ്രസുമായും സമൂഹത്തിന്റെ വിവിധ മേഖലകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വലതുപക്ഷ പാര്‍ട്ടികള്‍ പുതിയ ഭരണഘടനയെ തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ക്യാമ്പെയിനുകള്‍ നടത്തിയിരുന്നു.
നിര്‍ദിഷ്ട ചാര്‍ട്ടര്‍ വളരെ ദൈര്‍ഘ്യമേറിയതും വ്യക്തതയില്ലാത്തുമാണെന്നും ഒരു വിഭാഗം വിമര്‍ശനമുന്നയിച്ചിരുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പുതിയ ഭരണഘടന സംബന്ധിച്ച ചര്‍ച്ചകള്‍ ചിലിയില്‍ നടന്നുവരുന്നുണ്ട്.
2019ല്‍ രാജ്യത്ത് നടന്ന അസമത്വത്തിനെതിരായ പ്രതിഷേധറാലികള്‍ അക്രമത്തില്‍ കലാശിക്കുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതോടെ റാലികള്‍ അവസാനിപ്പിക്കാന്‍ നിയമസഭാംഗങ്ങളും പ്രതിഷേധക്കാരും തമ്മിലുണ്ടാക്കിയ ഒരു കരാറില്‍ നിന്നാണ് പുതിയ ഭരണഘടനയുടെ ചര്‍ച്ച ആദ്യം ഉരുത്തിരിഞ്ഞത്.
തൊട്ടടുത്ത വര്‍ഷം, 2020ല്‍ നടത്തിയ വോട്ടെടുപ്പില്‍, 80 ശതമാനത്തോളം ആളുകള്‍ പഴയ ഭരണഘടനയില്‍ മാറ്റം കൊണ്ടുവരുന്നതിനെ അനുകൂലമായി വോട്ട് ചെയ്തിരുന്നു.
Content Highlight: Chilean people votes against the proposed new constitution in referendum