| Wednesday, 24th August 2022, 3:57 pm

തെരഞ്ഞെടുപ്പ് പ്രചരണ സമയത്തെ വാക്ക് പാലിക്കാന്‍ ഗബ്രിയേല്‍ ബോറിക്; തൊഴിലാളി സൗഹൃദ നീക്കവുമായി ചിലി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്റിയാഗോ: തൊഴിലാളി സൗഹൃദ നീക്കവുമായി ചിലിയിലെ പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക്കിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍.

ആഴ്ചയിലെ ജോലി സമയം നിജപ്പെടുത്തുന്നതിനായി ബില്‍ പാസാക്കുന്നതിന് വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് ഗബ്രിയേല്‍ ബോറിക്ക് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. രാജ്യത്ത് ജോലി സമയം ആഴ്ചയില്‍ 40 മണിക്കൂറായി കുറയ്ക്കാനാണ് തീരുമാനം.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് സമയത്ത് ഗബ്രിയേല്‍ ബോറിക് മുന്നോട്ടുവെച്ച് പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ തൊഴില്‍സമയം ആഴ്ചയില്‍ 40- 45 മണിക്കൂര്‍ വരെയായി ചുരുക്കുക എന്നതായിരിക്കും ബില്ലിന്റെ ലക്ഷ്യം. 2017ല്‍ ഇന്നത്തെ ചിലി സര്‍ക്കാരിന്റെ വക്താവും അന്നത്തെ ജനപ്രതിനിധിയുമായിരുന്ന കാമില വല്ലെജോ (Camila Vallejo) ആയിരുന്നു ഈ ബില്‍ ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ പിന്നീട് ഇതിന്റെ തുടര്‍നടപടികളൊന്നും ഉണ്ടായിരുന്നില്ല.

ഇത് സംബന്ധിച്ച് നടപടികള്‍ വേഗത്തിലാക്കുമെന്നാണ് ഇപ്പോള്‍ ചിലി പ്രസിഡന്റ് പറയുന്നത്.

ചിലിയന്‍ ഭരണഘടന പ്രകാരം ബില്ലിന് ബോറിക് ‘അടിയന്തര പ്രാധാന്യം’ നല്‍കിയതോടെ ബില്‍ പരിഗണിക്കാന്‍ നിയമനിര്‍മാതാക്കള്‍ നിര്‍ബന്ധിതരാകും.

ബോറിക് സര്‍ക്കാര്‍ ബില്ലില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ സംബന്ധിച്ച് ജനപ്രതിനിധികള്‍ക്കിടയില്‍ ചര്‍ച്ച നടത്തും. പൊതുഗതാഗത ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയ പ്രത്യേക വിഭാഗങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലി സമയം കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്.

”പുതിയ ചിലിയിലേക്ക്, കൂടുതല്‍ മെച്ചപ്പെട്ട ഒരു ചിലിയിലേക്ക് നമ്മളെ അടുപ്പിക്കുന്നതിന് ഈ മാറ്റങ്ങള്‍ അനിവാര്യമാണ്,” ചൊവ്വാഴ്ച പ്രസിഡന്റിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ ബോറിക് പറഞ്ഞു.

ബില്‍ എത്രയും പെട്ടെന്ന് രണ്ട് ലെജിസ്ലേറ്റീവ് സഭകളിലും വോട്ടിനിട്ട് പാസാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും ബോറിക് കൂട്ടിച്ചേര്‍ത്തു.

ബില്‍ സംബന്ധിച്ച് വര്‍ക്കേഴ്‌സ് ഫെഡറേഷനുകളുമായും തൊഴിലാളി യൂണിയനുകളുമായും വിവിധ കമ്പനികളുടെ പ്രതിനിധികളുമായും ചര്‍ച്ച നടത്തുമെന്നും ഇടത് സര്‍ക്കാരിന്റെ പ്രസിഡന്റായ ബോറിക് വ്യക്തമാക്കി.

Content Highlight: Chilean government under Gabriel Boric sets new push to pass a bill that would reduce working hours in a week

We use cookies to give you the best possible experience. Learn more