ഇസ്രഈലിനെതിരായ വംശഹത്യാ കേസില്‍ കക്ഷിചേരാന്‍ ചിലി
World News
ഇസ്രഈലിനെതിരായ വംശഹത്യാ കേസില്‍ കക്ഷിചേരാന്‍ ചിലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th September 2024, 11:58 am

സാന്‍ന്റിയാഗോ: ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ അതിക്രമങ്ങളില്‍ ഇസ്രഈലിനെതിരെ നടപടിയെടുക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ചിലി. ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത വംശഹത്യാ കേസിന് ജൂണില്‍ ചിലി പ്രസിഡന്റ് ഗബ്രിയേല്‍ ബോറിക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഇസ്രഈല്‍ അതിക്രമങ്ങള്‍ ഗസയിലെ കുട്ടികളെയും സ്ത്രീകളെയും സാരമായി ബാധിക്കുന്നുവെന്നും ലാറ്റിനമേരിക്കന്‍ രാജ്യം കൂടിയായ ചിലി ചൂണ്ടിക്കാട്ടിയിരുന്നു. ഇസ്രഈലി സൈന്യത്തിന്റെ നീക്കത്തിനെതിരെ നാഷണല്‍ കോണ്‍ഗ്രസില്‍ ശക്തമായി പ്രതികരിച്ച, ബോറിക് വംശഹത്യ കേസില്‍ പങ്കുചേരുമെന്നും പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് നെതന്യാഹു സര്‍ക്കാരിനെതിരായ കേസില്‍ ചിലി കക്ഷി ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. വ്യാഴാഴ്ച ചിലിയുടെ അപേക്ഷ ലഭിച്ചതായി അന്താരാഷ്ട്ര നീതിന്യായ കോടതി വ്യക്തമാക്കി. എന്നാല്‍ ചിലിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ല.

നിലവില്‍ മെസ്‌കിക്കോ, ലിബിയ, ഫലസ്തീന്‍, സ്‌പെയിന്‍, കൊളംബിയ, നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ ഇസ്രഈലിനെതിരെ നടപടിയെടുക്കണമെന്ന് അന്താരാഷ്ട്ര കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2023 ഡിസംബര്‍ 31നാണ് ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക വംശഹത്യാ കേസ് ഫയല്‍ ചെയ്യുന്നത്.

തുടര്‍ന്ന് ഗസയിലെ സൈനിക നടപടി ഇസ്രഈലി ഭരണകൂടം അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര കോടതി ഉത്തരവിട്ടിരുന്നു. ഗസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതിനായി റഫയുടെ അതിര്‍ത്തികള്‍ തുറക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ഹരജിയില്‍ ചൂണ്ടിക്കാട്ടുന്ന ആരോപണങ്ങളില്‍ ഐക്യരാഷ്ട്ര സഭയിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തണമെന്നും അന്താരാഷ്ട്ര കോടതി പറഞ്ഞിരുന്നു. ആറ് മാസങ്ങള്‍ക്ക് ശേഷം ഉത്തരവിനെ തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിക്കൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ട് ഇസ്രഈല്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ അന്താരാഷ്ട്ര കോടതിയുടെ നിര്‍ദേശങ്ങളെ മാനിക്കാതെയാണ് ഇസ്രഈല്‍ ഇപ്പോഴും ഗസയില്‍ ആക്രമണം നടത്തുന്നത്. ഗസയ്ക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലേക്കും ഇസ്രഈല്‍ സൈനിക നടപടി വ്യാപിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ തീവ്രവാദം ചെറുക്കുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള നേതാക്കളുടെ വിശദീകരണം.

അതേസമയം നെതന്യാഹുവിനും ഇസ്രഈല്‍ പ്രതിരോധ മന്ത്രിക്കും ഹമാസ് നേതാക്കള്‍ക്കും അന്താരാഷ്ട്ര നീതിന്യായ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് പ്രോസിക്യൂട്ടര്‍ കരിം ഖാന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ നീക്കത്തെ എതിര്‍ത്ത് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രഈല്‍ വിഷയം കോടതിയുടെ പരിധിക്കുള്ളില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടുകയുമുണ്ടായി.

ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ രാജ്യങ്ങള്‍ ഇസ്രഈലിനെതിരായ വംശഹത്യാ കേസില്‍ കക്ഷിചേരുന്നത്.

Content Highlight: Chile to join the genocide case against Israel