World News
നീതിയിലേയ്ക്കും തുല്യതയിലേയ്ക്കും ഒരു ചുവട് കൂടി മുന്നോട്ട്; സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ച് ചിലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 08, 03:06 am
Wednesday, 8th December 2021, 8:36 am

സാന്റിയാഗോ: സ്വവര്‍ഗവിവാഹങ്ങള്‍ നിയമാനുസൃതമാക്കിക്കൊണ്ട് സൗത്ത് അമേരിക്കന്‍ രാജ്യമായ ചിലി. ചൊവ്വാഴ്ചയായിരുന്നു ചിലി കോണ്‍ഗ്രസ് നിയമം പാസാക്കിയത്.

ഒരു പതിറ്റാണ്ടിലേറെയായി സ്വവര്‍ഗ വിവാഹങ്ങള്‍ നിയമാനുസൃതമാക്കാന്‍ വേണ്ടി വിവിധ സംഘടനകളും മറ്റും സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു.

രാജ്യത്ത് ഈ മാസം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടങ്ങള്‍ക്ക് അവസാനം കുറിച്ച് സര്‍ക്കാര്‍ നിര്‍ണായക നീക്കം നടത്തിയത്. പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസും സെനറ്റും ബില്ലിന് അനുകൂലമായാണ് വോട്ട് ചെയ്തത്.

”ഇത് ചരിത്രദിവസമാണ്. നമ്മുടെ രാജ്യം സ്വവര്‍ഗ വിവാഹത്തെ അംഗീകരിച്ചിരിക്കുന്നു. നീതിയുടെ കാര്യത്തിലും തുല്യതയുടെ കാര്യത്തിലും ഒരു ചുവട് കൂടി മുന്നോട്ട്.

പ്രണയം എന്നത് പ്രണയം തന്നെയാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു,” ചിലിയുടെ സാമൂഹിക വികസനവകുപ്പ് മന്ത്രി കര്‍ല റുബിലാര്‍ പ്രതികരിച്ചു.

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 90 ദിവസത്തിനകം ബില്‍ നിയമമാകും. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ബില്ലിനെ സ്വാഗതം ചെയ്തു.

കുഞ്ഞിനെ ദത്തെടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് പുതിയ നിയമം വരുന്നതോട് കൂടി സ്വവര്‍ഗ ദമ്പതികള്‍ക്ക് നിയമപരിരക്ഷ ലഭിക്കും.

അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, കോസ്റ്ററിക്ക, ഉറുഗ്വേ, എന്നിവയാണ് സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയ മറ്റ് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Chile legalised same-sex marriages