|

ഇരുട്ടിലായി ചിലി; വൈദ്യുതി പ്രതിസന്ധിയില്‍ രാജ്യത്ത് അടിയന്തിരാവസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്റിയാഗോ: വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ചിലിയില്‍ അടിയന്തിരാവസ്ഥ. പ്രാദേശിക സമയം രാത്രി 10 മണി മുതല്‍ രാവിലെ ആറ് വരെയാണ് അടിയന്തിരാവസ്ഥ. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് കര്‍ഫ്യൂവും അടിയന്തിരാവസ്ഥയും പ്രഖ്യാപിച്ചതെന്ന് ആഭ്യന്തര മന്ത്രി കരോലിന തോഹ പറഞ്ഞു.

നിലവില്‍ തലസ്ഥാന നഗരിയായ സാന്റിയാഗോ അടക്കം നിലവില്‍ ഇരുട്ടിലായിരിക്കുകയാണ്. 8.4 ദശലക്ഷം ആളുകളാണ് സാന്റിയാഗോയില്‍ മാത്രമായി താമസിക്കുന്നത്.

രാജ്യത്തുടനീളമുള്ള മെട്രോ സര്‍വീസുകള്‍ നിലച്ചതായാണ് വിവരം. രാജ്യത്തെ മൊബൈല്‍ സേവനവും തടസപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളമായി ആയിരക്കണക്കിന് സൈനികരെയും ചിലി ഭരണകൂടം വിന്യസിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ഖനി ചിലിയിലാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ഖനിയുടെ പ്രവര്‍ത്തനം നിലച്ച അവസ്ഥയിലാണ്. സര്‍ക്കാര്‍ ഓഫീസുകളെയും ആശുപത്രികളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. അതേസമയം ആശുപത്രികള്‍, ജയിലുകള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് ബാക്കപ്പ് ജനറേറ്ററുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് തോഹ അറിയിച്ചു.

ചിലിയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ഫുട്‌ബോള്‍ മത്സരങ്ങള്‍, റെസ്റ്റോറന്റുകള്‍, സിനിമാ ബിസിനസ് തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കപ്പെട്ടു. വൈദ്യുതി പ്രതിസന്ധി രാജ്യത്തിന്റെ വരുമാനമാര്‍ഗങ്ങളെ ഭാഗികമായും പൂര്‍ണമായും ബാധിച്ചിട്ടുണ്ട്.

വൈദ്യുതി തടസപ്പെട്ട് അഞ്ച് മണിക്കൂറിലധികം പിന്നിട്ടിട്ടും, ബാധിതമായ 14 പ്രദേശങ്ങളില്‍ ഒന്നില്‍ പോലും ഇതുവരെ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. ആളുകളോട് അവരവരുടെ വീട്ടില്‍ തന്നെ സുരക്ഷിതമായി കഴിയണമെന്ന് ഗതാഗത മന്ത്രി ജുവാന്‍ കാര്‍ലോസ് മുനോസ് അറിയിച്ചു.

പസഫിക് തീരത്ത് 4,300 കിലോമീറ്ററിലധികം (2,600 മൈല്‍) വരുന്ന മേഖലയിലാണ് ചിലി വ്യാപിച്ച് കിടക്കുന്നത്. ചിലിയിലെ ഹൈ-വോള്‍ട്ടേജ് ട്രാന്‍സ്മിഷന്‍ ലൈനിന്റെ തകരാറാണ് രാജ്യത്തിന്റെ വൈദ്യുതി തടസത്തിന് കാരണമായത്.

Content Highlight: Chile in darkness; State of emergency in the country due to power crisis

Latest Stories

Video Stories