ബാറിന് കീഴില്‍ ക്യാപ്റ്റനും ബാഴ്‌സലോണയുടെ വിശ്വസ്ത കാവല്‍ ഭടനുമായ ക്ലോഡയോ ബ്രാവോ, ഡിഫന്‍സിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും ഒരു പോലെ തിളങ്ങുന്ന പരിചയസമ്പന്നനായ ഗാരി മെനഡല്‍, മൈതാനത്ത് പറന്ന് കളിക്കുന്ന ചാള്‍സ് അരാംഗീസ്, ആറുഗോളുമായി നിലവിലെ ടൂര്‍ണ്ണമെന്റ് ടോപ് സ്‌കോററായ എഡ്വോര്‍ഡോ വര്‍ഗാസവ്, ഇവര്‍ക്കൊപ്പം പ്ലെ മേക്കര്‍ അലക്‌സി സാഞ്ചസു കൂടിയാവുമ്പോ, അര്‍ജന്റീനക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് സാരം.
ഹോക്ക് ഐ|വിബീഷ് വിക്രം
രംഗം, 1990 ലെ ലോകക്കപ്പിനുള്ള യോഗ്യതാ മത്സരം. ഏറ്റ് മുട്ടുന്നതോ, രണ്ട് ലാറ്റിനമേരിക്കന്‍ ശക്തികള്‍. മൈതാനത്തിനൊരുവശത്ത മഞ്ഞ ജഴ്‌സിയില്‍ ശക്തരായ ബ്രസീല്‍. മറുവശത്ത് ഫുട്‌ബോളിനെ വന്യമായി സ്‌നേഹിക്കുന്ന ചെമ്പട ചിലി. നിര്‍ണായകമായ മത്സരമാണ്. മത്സരത്തില്‍ തോറ്റാല്‍ ചിലിക്ക് ലോകക്കപ്പ് നഷ്ടമാവും. കളി തുടങ്ങി. ബ്രസീല്‍ ഒരു ഗോളിന് മുന്നിലെത്തി. പെട്ടെന്ന് കാണികള്‍ക്കിടയില്‍ നിന്നും ആരോ കത്തിച്ചു വിട്ട ഒരു പുകപ്പടക്കം മൈതാനത്തേക്ക് വന്നു വീണു. ചിലിയുടെ ഗോള്‍വലയം കാത്ത റോബര്‍ട്ട് റോജയുടെ അരികിലാണ് പടക്കം വന്ന് വീണത്. തലയില്‍ കൈവച്ച് ചിലിയന്‍ ഗോള്‍കീപ്പര്‍ നിലത്തേക്ക് വീണു. അവിടെ കിടന്നുരുണ്ടു. റോജയുടെ തലയില്‍ നിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു.
റോജയെ സ്‌ട്രെക്ച്ചറില്‍ പുറത്തേക്ക് കൊണ്ട് പോയി. കളിതുടരാന്‍ റഫറി ആവശ്യപ്പെട്ടെങ്കിലും ചിലി താരങ്ങള്‍ വിസമ്മതിച്ചു. മത്സരം തുടരാന്‍ വേദി സുരക്ഷിതമല്ലെന്നായിരുന്നു അവരുടെ വാദം. മത്സരം തടസ്സപ്പെട്ടു. പക്ഷെ അധികം വൈകാതെ പുറത്ത് വന്ന വാര്‍ത്ത എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു. മത്സരം തോല്‍ക്കാതിരിക്കാന്‍ ചിലിയൊരുക്കിയ നാടകമായിരുന്നു ഗ്രൗണ്ടില്‍ അരങ്ങേറിയത്. ആശുപത്രിയില്‍ നടത്തിയ ദീര്‍ഘപരിശോധനയില്‍ റോജയുടെ തലയിലെ മുറിവ് മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ളതാണെന്ന് തെളിഞ്ഞു. കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് റോജ സ്വയം മുറിവുണ്ടാക്കുകയായിരുന്നു. തോല്‍ക്കാതിരിക്കാന്‍ സൂത്രപ്പണി ഉപദേശിച്ചതോ പരിശീലകന്‍ ഒര്‍ലാര്‍ഡോ അരമന. കള്ളക്കളി പുറത്തായതോടെ ഇരുവരെയും ഫിഫ വിലക്കി. ഒപ്പം 1994 ലോകക്കപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന ചിലിയെയും വിലക്കി.
ചിലിയുടെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഒരു കറുത്ത ഏട്. പക്ഷെ ചെമ്പടയുടെ ഫുട്‌ബോള്‍ ചരിതം അവിടം കൊണ്ട് അവസാനിച്ചില്ല. കറുത്ത ഏടുകള്‍ മായ്ച്ച് കളഞ്ഞ് ലാറ്റിനമേരിക്കയില്‍ കാല്‍പന്തു കളിയില്‍ ഒരു പുതുശക്തിയായ് ചിലി ഉയര്‍ന്നു. 2010ലും 2014ലും ലോകക്കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. അന്നത്തെ ലോകചാമ്പ്യന്മാരായ സ്‌പെയിനിനെ തകര്‍ത്തായിരുന്നു 2014ലെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം.
ലാറ്റിനമേരിക്കയുടെ സ്വന്തം ടൂര്‍ണ്ണമെന്റായ കോപ്പയിലും സമാനതകളില്ലാത്ത മുന്നേറ്റമായിരുന്നു പിന്നീടങ്ങോട്ട്. 2011ല്‍ സെമിയില്‍ തോറ്റായിരുന്നു പുറത്തായത്. അത്തവണ ചാമ്പ്യന്മാാരായ ഉറുഗ്വോയോടായിരുന്നു തോല്‍വി. ലൂയിസ് സുവാരസിന്റെ ബൂട്ടില്‍ നിന്ന് പിറന്ന എണ്ണം പറഞ്ഞ രണ്ട് ഗോളുകളായിരുന്നു ചിലിയുടെ കിരീടമോഹങ്ങള്‍ തകര്‍ത്തത്.
എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം കോപ്പ സ്വന്തം നാട്ടില്‍ വിരുന്നെത്തിയപ്പോള്‍ കപ്പില്‍ മുത്തമിട്ട് ചിലി പുതുചരിത്രമെഴുതി. ചിലിയുടെ കുതിപ്പില്‍ കീഴടങ്ങിയതോ സാക്ഷാന്‍ മെസ്സിയുടെ അര്‍ജന്റീനയും. നിലവിലെ അര്‍ജന്റീനന്‍ നിരയിലുള്ള ഒട്ടുമിക്ക താരങ്ങളും അന്നും വെള്ളയും നീലയും ജഴ്‌സിയിലുണ്ടായിരുന്നു. പക്ഷെ എതിരാളികളെ ഭയക്കാതെ സ്വന്തം കാണികളുടെ പിന്‍ബലത്തില്‍ കുതിച്ച ചിലി കപ്പില്‍ മുത്തമിട്ടു. നിശ്ചിതസമയത്തും അധികസമയത്തും മത്സരം സമനിലപാലിച്ചതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് ചാമ്പ്യന്മാരെ തീരുമാനിച്ചത്. ഷൂട്ടൗട്ടില്‍ 4-1നായിരുന്നു ചിലിയുടെ വിജയം.
ഒരുവര്‍ഷത്തിനിപ്പുറം ഒരിക്കല്‍കൂടി വിരുന്നെത്തിയ കോപ്പയുടെ ശതാബ്ദി പതിപ്പിന്റെ കലാശപ്പോരില്‍ ഇരുവരും ഒരിക്കല്‍ കൂടി കൊമ്പ് കോര്‍ക്കുന്നു. ചിലി കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലങ്ങുമ്പോ 23 വര്‍ഷത്തെ കിരീട ദാരിദ്രത്തിന് അറുതി വരുത്താനാവും മറഡോണയുടെ പിന്മുറക്കാരുടെ ശ്രമം. ഒപ്പം കഴിഞ്ഞ തവണത്തെ ഫൈനല്‍ തോല്‍വിക്ക് കണക്ക് പറഞ്ഞൊരു പകരം വീട്ടലും.
പക്ഷെ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ അത്രകണ്ട് എളുപ്പമാകില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനയോട് 2-1 ന് പരാജയപ്പെട്ടെങ്കിലും ആ തോല്‍വിയില്‍ നിന്ന ചിലി ടീമെന്ന നിലയില്‍ ഏറെ മുന്നേറിയിരിക്കുന്നു എന്ന് തന്നെയാണ് പിന്നീടുള്ള അവരുടെ പ്രകടനങ്ങള്‍ വിളിച്ച് പറയുന്നത്. മെക്‌സിക്കോയ്‌ക്കെതിരെ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഏഴ് ഗോളിനായിരുന്നു ചിലിയുടെ ജയം. പിന്നാലെ ശക്തരായ കൊളംബിയയെ സെമിയില്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പടുത്തി ഫൈനല്‍ പ്രവേശനവും.
ബാറിന് കീഴില്‍ ക്യാപ്റ്റനും ബാഴ്‌സലോണയുടെ വിശ്വസ്ത കാവല്‍ ഭടനുമായ ക്ലോഡയോ ബ്രാവോ, ഡിഫന്‍സിലും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും ഒരു പോലെ തിളങ്ങുന്ന പരിചയസമ്പന്നനായ ഗാരി മെനഡല്‍, മൈതാനത്ത് പറന്ന് കളിക്കുന്ന ചാള്‍സ് അരാംഗീസ്, ആറുഗോളുമായി നിലവിലെ ടൂര്‍ണ്ണമെന്റ് ടോപ് സ്‌കോററായ എഡ്വോര്‍ഡോ വര്‍ഗാസവ്, ഇവര്‍ക്കൊപ്പം പ്ലെ മേക്കര്‍ അലക്‌സി സാഞ്ചസു കൂടിയാവുമ്പോ, അര്‍ജന്റീനക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്ന് സാരം. ഈസ്റ്റ് റൂഥര്‍ഫോര്‍ഡിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞിരിക്കുന്ന 81,000ത്തില്‍ പരം വരുന്ന കാണികള്‍ക്ക് മുന്നില്‍ ഒരിക്കല്‍കൂടി കോപ്പയുയര്‍ത്തി ചിലി ചിരിക്കുമോ..? കാത്തിരുന്ന് കാണാം…