| Sunday, 30th June 2024, 12:36 pm

100 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യം; അർജന്റീനയെ കരയിപ്പിച്ച് കിരീടം നേടിയവര്‍ നാണക്കേടോടെ മടങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

കോപ്പ അമേരിക്കയില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചിലി-കാനഡ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഗ്രൂപ്പ് എയില്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു തോല്‍വിയും രണ്ട് സമനിലയും അടക്കം രണ്ടു പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ചിലി ഫിനിഷ് ചെയ്തത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം പോലും ജയിക്കാന്‍ സാധിക്കാതെയാണ് രണ്ടുതവണ കോപ്പ അമേരിക്ക ചാമ്പ്യന്മാരായ ചിലി പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും ചിലിക്ക് ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. പെറുവിനെതിരെയും ഇന്ന് നടന്ന കാനഡയ്‌ക്കെതിരെയും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ നിലവിലെ ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയോട് എതിരില്ലാത്ത ഒരു ഗോളിനുമാണ് ചിലി പരാജയപ്പെട്ടത്.

ഇതോടെ ഒരു മോശം നേട്ടമാണ് ചിലിയെ തേടിയെത്തിയത്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചരിത്രത്തില്‍ നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിലി ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും അടിക്കാന്‍ സാധിക്കാതെ പുറത്താവുന്നത്. 2014,2015 വർഷങ്ങളിൽ അർജന്റീനയെ പരാജയപ്പെടുത്തി രണ്ട് തവണ ചിലി അമേരിക്കൻ ഫുട്‍ബോളിന്റെ നെറുകയിൽ എത്തിയിരുന്നു.

അതേസമയം കാനഡക്കെതിരെയുള്ള മത്സരത്തിന്റെ 27 മിനിട്ടില്‍ ചിലി താരമായ ഗബ്രിയേല്‍ സുവാസോ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായിരുന്നു. ഇതോടെ ബാക്കിയുള്ള നിമിഷങ്ങളില്‍ 10 ആളുകളുമായാണ് ചിലി പന്തുതട്ടിയത്. എന്നാല്‍ ഈ അവസരം കൃത്യമായി മുതലെടുക്കാന്‍ കാനഡക്ക്  സാധിച്ചില്ല.

മത്സരത്തിന്റെ 57 ശതമാനം ബോള്‍ പൊസഷനും കാനഡയുടെ അടുത്തായിരുന്നു. ഒമ്പത് ഷോട്ടുകളാണ് ചിലിയുടെ പോസ്റ്റിലേക്ക് കാനഡ ഉതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് എട്ട് ഷോട്ടുകള്‍ കാനഡയുടെ പോസ്റ്റില്‍ ഉതിര്‍ത്ത ചിലിക്ക് നാല് എണ്ണവും ഓണ്‍ ടാര്‍ഗറ്റില്‍ എത്തിക്കാന്‍ സാധിച്ചു.

Content Highlight: Chile Create a Unwanted Record in Copa America

We use cookies to give you the best possible experience. Learn more