| Thursday, 8th June 2023, 9:04 am

സീറ്റുകള്‍ വര്‍ധിപ്പിച്ച് ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന അവസ്ഥ ഒഴിവാക്കണം; ക്ലാസ് മുറികളില്‍ കുട്ടികള്‍ ശ്വാസം മുട്ടുന്ന സാഹചര്യം: പി.എം.എ സലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: ക്ലാസ് മുറികളില്‍ കുട്ടികള്‍ ശ്വാസം മുട്ടുന്ന സാഹചര്യമാണുള്ളതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. സീറ്റുകള്‍ വര്‍ധിപ്പിച്ച് ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

ബാച്ചുകള്‍ വര്‍ധിപ്പിക്കുകയാണ് ഇതിനുള്ള ശാശ്വത പരിഹാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ടില്‍ മലബാറിലെ അവസ്ഥ പരാമര്‍ശിക്കുന്നുണ്ടെന്നും ഈ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും സലാം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസരംഗത്ത് മലബാര്‍ ജില്ലകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി മുസ്‌ലിം ലീഗ് ചൂണ്ടിക്കാട്ടുന്നതാണെന്നും എന്നാല്‍ ഇതുവരെ ഇതിന് ശാശ്വത പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം പരീക്ഷയെഴുതാതെ തന്നെ ലഭിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും പി.എസ്.സി പരീക്ഷ മുതല്‍ കോളേജ് സെനറ്റ് വരെ തിരിമറിയാണെന്നും അദ്ദേഹം ആരോപിച്ചു.

വിദ്യാഭ്യാസ വിവേചനത്തിനെതിരെ മലബാറിലെ കളക്ടറേറ്റുകള്‍ക്ക് മുന്നില്‍ മുസ്‌ലിം ലീഗ് ഇന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ ഉള്‍പ്പെടുന്ന പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ആറ് ജില്ലകളിലാണ് സമരം. ദേശീയ സംസ്ഥാന നേതാക്കള്‍ ഓരോ ജില്ലയിലും പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുമെന്നും സമരം സര്‍ക്കാരിനുള്ള താക്കീതാണെന്നും സലാം അറിയിച്ചു.

മലപ്പുറത്ത് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എയും കോഴിക്കോട് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പിയും പാലക്കാട് അഡ്വ. പി.എം.എ സലാമും കണ്ണൂരില്‍ കെ.പി.എ മജീദ് എം.എല്‍.എയും കാസര്‍ഗോഡ് സി.ടി അഹമ്മദലിയും വയനാട്ടില്‍ അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയും പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യും.

Content Highlight: Childrens suffocatng in class room : PMA Salam

We use cookies to give you the best possible experience. Learn more