ന്യൂദല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മാനസികാരോഗ്യ സേവനങ്ങള്‍ നടപ്പിലാക്കാനൊരുങ്ങി ദല്‍ഹി സര്‍ക്കാര്‍.
20 സ്‌കൂളുകളിലായി 20000 ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കിയ പരീക്ഷണഘട്ടം വിജയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംരഭത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രി അതിഷി വിദ്യാഭ്യാസ ഡയറക്ട്രേറ്റിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.
വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൂര്‍ണപിന്തുണ ഉറപ്പാക്കാനാണ് എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും കൗണ്‍സിലിങ്ങ് വ്യാപിപ്പിക്കുന്നതെന്നാണ് വിദ്യാഭ്യാസ ഡയറക്ട്രേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ഒരുവര്‍ഷം നീണ്ടുനിന്ന പൈലറ്റ് സര്‍വേയിലൂടെയാണ് സംരഭം എല്ലാ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്ന തീരുമാനത്തിലേക്ക് ഡയറക്ട്രേറ്റ് എത്തുന്നത്. വിദ്യാഭ്യാസ- വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സിലര്‍മാര്‍ (ഇ.വി.ജി.സി) ഈ ഒരു വര്‍ഷക്കാലം നടത്തിയ പഠനത്തില്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തിന് പിന്തുണ നല്‍കണമെന്ന തീരുമാനത്തിലേക്കെത്തുകയായിരുന്നു.
‘പൈലറ്റ് സര്‍വേയില്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സാമൂഹികവും വൈകാരികവുമായ ഗ്രൂപ്പ് സെഷനുകളും പഠനപരിപാടികളും ഉള്‍പ്പെടുത്തിയിരുന്നു. ഇതിലൂടെ വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദം നിയന്ത്രിക്കാനും ആരോഗ്യത്തോടെയിരിക്കാനും സഹായിച്ചു,’ അതിഷി അഭിപ്രായപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെയും കൗണ്‍സിലര്‍മാരുടെയും ഫീഡ്ബാക്കുകള്‍ ഈ സംരഭം ആരംഭിക്കുന്നതിനും വിപുലീകരിക്കാനും സഹായകമായെന്നും മന്ത്രി പറഞ്ഞു.
അതോടൊപ്പം മാനസികാരോഗ്യത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ആരോഗ്യമുള്ള മനസുള്ള തലമുറയ്ക്ക് മാത്രമേ സമൂഹത്തിനും രാജ്യത്തിനും മികച്ച സേവനങ്ങള്‍ നല്‍കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ബാല്യകാലം മുതല്‍ പല കാരണങ്ങള്‍ക്കൊണ്ടും വിദ്യാര്‍ത്ഥികള്‍ സമ്മര്‍ദത്തിലാവുന്നുണ്ടെന്നും ഇത് ഇവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും മനശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടതായും പ്രസ്താവനയില്‍ പറയുന്നു.
ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സമ്മര്‍ദത്തിന്റെ കാരണങ്ങള്‍ പരിഹരിക്കാനും ഇതിലൂടെ ഇവരുടെ മാനസികാരോഗ്യത്തെ അധ്യാപകരുടെയും കൗണ്‍സിലര്‍മാരുടെയും പങ്കാളിത്തത്തോടെ പരിപോഷിപ്പിക്കാനുമാണ് നിലവില്‍ സര്‍ക്കാര്‍ സകൂളുകളിലേക്ക് ഈ പദ്ധതി കൊണ്ടുവരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
Content Highlight: childrens mental health; delhi government to implement counseling in schools