കൊല്ലം: ഉടമസ്ഥന്‍ വിറ്റ ആട്ടിന്‍കുട്ടികളെ കാണാനായി ആടിനെ വാങ്ങിയ ആളിന്റെ വീട് തേടിപ്പിടിച്ച് എത്തിയ രണ്ട് കുട്ടികളുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.
ആട്ടിന്‍കുട്ടികളെ കാണാനായി എത്തിയെങ്കിലും ഉടമസ്ഥന്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ പുറത്ത് ഒരു കത്തെഴുതി വെച്ച് പോകുകയായിരുന്നു അവര്‍. ഇനി വരുമ്പോള്‍ ആട്ടിന്‍കുട്ടികളെ കാണാനുള്ള അനുവാദം തരണം എന്നാണ് ഇവര്‍ കത്തില്‍ അപേക്ഷിക്കുന്നത്.
” പ്രിയപ്പെട്ട അങ്കിള്‍,
എനിക്കും എന്റെ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാന്‍ ഒരു അനുവാദം തരണം. ഞങ്ങള്‍ക്ക് അതിനെ കാണാതിരിക്കാന്‍ പറ്റില്ല. പെര്‍മിഷന്‍ തരും എന്ന ഉറപ്പോടെ ഞാന്‍ നിര്‍ത്തുന്നു
എന്ന്
ആടുകളെ വില്‍ക്കപ്പെട്ട വീട്ടിലെ കുട്ടികള്‍” – ഇതായിരുന്നു കത്തിലെ വാചകങ്ങള്‍.
നിതിന്‍ ജി നെടുമ്പിനാല്‍ ആണ് ചെറിയൊരു കുറിപ്പോടു കൂടി കുട്ടികളുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
” ജോലി കഴിഞ്ഞ് എന്നും ഉച്ചയ്ക്ക് വക്കീലിന്റെ വീട്ടില്‍ അല്പനേരം വിശ്രമിക്കാറുണ്ട്. ഇന്നും പതിവ് പോലെ ചെന്നപ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. പുറത്തിരുന്ന് returns എഴുതുമ്പോള്‍ ഏതോ കുട്ടികള്‍ കൊണ്ടുവെച്ച ഈ കത്ത് എന്റെ ശ്രദ്ധയില്‍പ്പെട്ടു.. ഒന്ന് വായിച്ചപ്പോള്‍ തന്നെ ഉള്ളില്‍ വല്ലാത്തൊരു കുളിര്‍മ തോന്നി. ആ കുട്ടികളുടെ വീട്ടില്‍ നിന്നും വക്കീല്‍ വാങ്ങിയ ആട്ടിന്‍കുട്ടികളെ കാണാനെത്തിയതാണ് കുട്ടികള്‍..!
വന്നോപ്പോള്‍ വീട്ടില്‍ ആരും ഇല്ലാത്തതിനാല്‍ ഇനി വരുമ്പോള്‍ ആട്ടിന്‍കുട്ടികളെ കാണാനുള്ള അനുവാദം തരണം എന്ന അപേക്ഷയാണ് കത്തില്‍…!
ഉടമസ്ഥന്‍ വിറ്റിട്ടും,,,വാങ്ങിയ ആളിന്റെ വീട് തേടിപ്പിടിച്ച് ഇതുപോലൊരു കത്തെഴുതിയ ആ കുട്ടികള്‍ നല്‍കുന്ന സന്ദേശം വളരെ വലുതാണ്..
‘എനിക്കും അനിയനും അതിനെ(ആടിന്‍കുട്ടിയെ) കാണാതിരിക്കാന്‍ കഴിയില്ല’ എന്ന ഒറ്റ വരി മതി സ്‌നേഹം മരിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്തെ മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കാന്‍.. – നിതിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.