| Sunday, 12th August 2018, 10:22 pm

കേരളത്തിന്റെ ദുരന്തത്തിന് കുടുക്കപൊട്ടിച്ച് കുഞ്ഞു കരങ്ങളുടെ കൈത്താങ്ങ്; അഭിനന്ദനങ്ങളുമായി സോഷ്യല്‍മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്വന്തമായി ഒരു പുതിയ സ്റ്റഡി ടേബിള്‍ വാങ്ങണമെന്നായിരുന്നു ആച്ചുവിന്റെ ആഗ്രഹം, രണ്ടാം ക്ലാസുകാരി ഫാത്തിമ നദയ്ക്ക് ഓണാവധിക്ക് ഒരു സൈക്കിള്‍ വാങ്ങണമെന്നും. ഇതിനായി രണ്ടു പേരും ചെയ്തിരുന്നത് കിട്ടുന്ന കാശെല്ലാം ഒരു കുടുക്കയില് ഇട്ടുവെയ്ക്കുകയായിരുന്നു.

എന്നാല്‍ തല്‍ക്കാലം സ്റ്റഡി ടേബിളും സൈക്കിളും വേണ്ടെന്നാണ് രണ്ടാളും അവരുടെ അച്ഛന്‍മാരോട് പറഞ്ഞത്. പകരം തങ്ങളുടെ കുഞ്ഞ് സമ്പാദ്യം കേരളം നേരിടുന്ന ഈ മഹാമാരിയെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയിരിക്കുകയാണ് രണ്ട് പേരും.

നാലക്ക സംഖ്യയാണ് മാധ്യമപ്രവര്‍ത്തകനായ സലീഷിന്റെ മകന്‍ ആച്ചു കുടുക്കപൊട്ടിച്ചപ്പോള്‍ കിട്ടിയത്. സ്റ്റഡി ടേബിള്‍ വേണ്ട ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയാല്‍ മതിയെന്ന് അച്ഛനോട് ആച്ചു പറയുകയായിരുന്നു.

Also Read മുഖ്യമന്ത്രി “കൈനീട്ടുമ്പോള്‍…”; കൊടിവ്യത്യാസങ്ങള്‍ക്കപ്പുറം എല്ലാവരേയും ഒന്നിപ്പിക്കുന്ന ചില നന്മകള്‍ നമ്മുടെ രാഷ്ട്രീയത്തില്‍ ബാക്കിയുണ്ട്

എഴുത്തുകാരന്‍ കൂടിയായ റഹീം പൊന്നാടിന്റെ മകളാണ് രണ്ടാം ക്ലാസുകാരിയായ ഫാത്തിമ നദ, സൈക്കിള്‍ വാങ്ങാന്‍ സ്വരുകൂട്ടിയിരുന്ന കുടുക്ക പൊട്ടിച്ചപ്പോള്‍ 1196 രൂപയാണ് ഉണ്ടായിരുന്നത്.

സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങള്‍ വരുന്നത്. ആച്ചുവിന്റെയും ഫാത്തിമയുടെയും തീരുമാനത്തെ കൈയ്യടിച്ച് സ്വീകരിച്ചിരിക്കുകയാണ് സോഷ്യല്‍മീഡിയ.

8316കോടി രൂപയുടെ നഷ്ടമാണ് കാലവര്‍ഷക്കെടുതി മൂലം കേരളത്തിന് ഉണ്ടായിരികുന്നതെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. കേരളത്തിന് അടിയന്തരസഹായമായി 100 കോടി രൂപ നല്‍കുമെന്ന് രാജ്നാഥ് സിങ്ങ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ സഹായങ്ങള്‍ ഉണ്ടാവുമെന്നും രാജ്നാഥ് സിങ്ങ് അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ ഉണ്ടായിരിക്കുന്നത് ഗൗരവകരമായ മഴക്കെടുതിയാണെന്നും, കേന്ദ്രത്തിന്റെ എല്ലാ സാഹായങ്ങളും ഉണ്ടാകുമെന്നും, സംസ്ഥാനവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു.

കേരളത്തിന്റെ ദുരന്തത്തിന് കുടുക്കപൊട്ടിച്ച് കുഞ്ഞു കരങ്ങളുടെ കൈത്താങ്ങ്; അഭിനന്ദനങ്ങളുമായി സോഷ്യല്‍മീഡിയ

We use cookies to give you the best possible experience. Learn more