| Thursday, 26th December 2019, 7:35 pm

ശിശുദിനം നെഹ്‌റുവിന്റെ ജന്മദിനത്തില്‍ വേണ്ടെന്ന് ബി.ജെ.പി എം.പി മനോജ് തിവാരി; സിഖ് വോട്ട് ലക്ഷ്യമിട്ട് പ്രധാനമന്ത്രിക്ക് കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് ശിശുദിനമായി ആഘോഷിക്കുന്നത് മാറ്റണമെന്ന് ദല്‍ഹി ബി.ജെ.പി അധ്യക്ഷനും എം.പിയുമായ മനോജ് തിവാരി. ശിശുദിനത്തിന്റെ തിയതി ഡിസംബര്‍ 26 ആക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് തിവാരി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി.

പത്താം സിഖ് ഗുരുവായ ഗോബിന്ദ് സിങിനോടുള്ള ബഹുമാന സൂചകമായി ഡിസംബര്‍ 26ന് ശിശുദിനം ആചരിക്കണമെന്നാണ് തിവാരി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.

‘മഹത്തായ ത്യാഗങ്ങള്‍ ചെയ്ത ധാരാളം കുട്ടികള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ സാഹിബ്‌സാദെ ജോരവാര്‍ സിങ്ങും സാഹിബ്‌സാദെ ഫത്തേ സിങ്ങും (ഗുരു ഗോബിന്ദ് സിങ്ങിന്റെ മക്കള്‍) നടത്തിയ ത്യാഗം പരമപ്രധാനമാണ്. 1705 ല്‍ ഈ ദിവസം ധര്‍മ്മം സംരക്ഷിക്കാനായി അവര്‍ പഞ്ചാബിലെ സിര്‍ഹിന്ദില്‍ ജീവന്‍ ബലിയര്‍പ്പിച്ചു’, കത്തില്‍ തിവാരി പറയുന്നതിങ്ങനെ.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അവരുടെ രക്തസാക്ഷി ദിനം ശിശുദിനമായി ആഘോഷിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മനോജ് തിവാരി പറഞ്ഞു. അങ്ങനെ ചെയ്യുന്നത് മറ്റ് കുട്ടികള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം വാദിക്കുന്നു.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മനോജ് തിവാരിയുടെ കത്ത്. ദല്‍ഹിയിലെ വലിയൊരു വിഭാഗം സിഖ് വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് തിവാരിയുടെ നീക്കമെന്നാണ് വിവരം. കൂടാതെ, ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രധാനിയുമാണ് ഇദ്ദേഹം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more