Kerala News
കുട്ടികള്‍ സീരിയലില്‍ അഭിനയിക്കുമ്പോള്‍ ബാലവേലാ നിരോധന നിയമം പാലിക്കണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 11, 02:43 am
Thursday, 11th February 2021, 8:13 am

തിരുവന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ച് സീരിയലുകളും ദൃശ്യ, ശ്രവ്യ പരിപാടികളും അവതരിപ്പിക്കുമ്പോള്‍ ബാലവേലാ നിരോധന നിയമം പാലിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവായി. ഒരു സീരിയലുമായി ബന്ധപ്പെട്ട പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് കമ്മീഷന്‍ അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്, കെ.നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിറക്കിയത്.

കുട്ടികളെ പങ്കെടുപ്പിച്ചു നടത്തുന്ന എല്ലാ ഓഡിയോ വീഡിയോ ഷോകള്‍ക്കും ഉത്തരവ് ബാധകമാണ്. ബാലവേലാ നിരോധന നിയമം അനുസരിച്ച് ഇത്തരം പരിപാടികള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റിന്റെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങണമെന്ന് ഉത്തരവില്‍ പറയുന്നു.

നിയമാനുസൃത അപേക്ഷയും എത്ര കുട്ടികള്‍ പങ്കെടുക്കുന്നുവെന്ന വിവരവും രക്ഷിതാക്കളുടെ സമ്മതപത്രവും ജില്ലാ മജിസ്‌ട്രേറ്റിന് സമര്‍പ്പിച്ചിരിക്കണം.

കുട്ടികളെ ദിവസം അഞ്ചു മണിക്കൂറോ തുടര്‍ച്ചയായി മൂന്നു മണിക്കൂറോ ഷോയില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ല. കുട്ടികളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തണം. കുട്ടിക്കു കിട്ടുന്ന വരുമാനത്തില്‍ 20 ശതമാനത്തില്‍ കുറയാതെ ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപിക്കണം. പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക കുട്ടിക്കു ലഭ്യമാകണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Children who work in films and tv shows need to be protected