കായംകുളം: ആലപ്പുഴയില്‍ മോഷണ കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മര്‍ദിച്ച കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് അറസ്റ്റില്‍. കായകുളം സ്വദേശി ആലംപള്ളി മനോജാണ് അറസ്റ്റിലായത്. ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റാണ് മനോജെന്ന് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഈ കേസില്‍ മനോജിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നെങ്കിലും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്ന് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. പ്രതിക്കെതിരെ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവി കായംകുളം ഡി.വൈ.എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഷാഫിയെന്ന 14 വയസ്സുള്ള ആണ്‍കുട്ടിയെ പ്രദേശത്തെ ബി.ജെ.പി നേതാവ് കൂടിയായ കാപ്പില്‍ ജിജിയെന്ന് അറിയപ്പെടുന്ന മനോജ് ക്രൂരമായി മര്‍ദിച്ചത്. വീട്ടിലെ ആക്രിസാധനങ്ങള്‍ അനിയനോടൊപ്പം സമീപത്തെ ആക്രിക്കടയില്‍ വില്‍ക്കാന്‍ പോകുമ്പോഴാണ് ഷാഫിയെ മനോജ് മര്‍ദിച്ചത്.
ആക്രിസാധനങ്ങള്‍ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഷാഫിയെ കഴുത്തിന് പിടിച്ച് മര്‍ദിക്കുകയും ഷാഫിയുടെ സൈക്കില്‍ എടുത്ത് എറിയുകയും ചെയ്തു. കൂടെയുണ്ടായിരുന്നു ഷാഫിയുടെ അനിയനും മര്‍ദനമേറ്റിരുന്നു.
ഇത് സംബന്ധിച്ച് തിങ്കളാഴ്ച തന്നെ കായംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. കായംകുളം സി.ഐ.യുടെ നേതൃത്വത്തില്‍ ഒരു സൈക്കിള്‍ വാങ്ങി നല്‍കി വിഷയം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. പ്രതിയുടെ രാഷ്ട്രീയ സ്വാധീനമാണ് ഇത്തരത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമം നടത്തിയതിന് പിന്നിലെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
എന്നാല്‍ കുട്ടിയുടെ ആരോഗ്യ നില കൂടുതല്‍ മോശമായതോടെ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. പിന്നീട് കായംകുളം ഡി.വൈ.എസ്.പിയുടെ നിര്‍ദേശാനുസരണം കേസെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമായിരുന്നു ചുമത്തിയിരുന്നത്.
ശേഷം മനോജിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുയും ചെയ്തു. എന്നാല്‍ വിഷയം സംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് എസ്.പി. വിഷയത്തില്‍ ഇടപെട്ട് മനോജിനെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.