കുട്ടികളെ പീഡിപ്പിച്ചു; മുക്കത്ത് അധ്യാപകനെതിരെ കേസ്
Kerala News
കുട്ടികളെ പീഡിപ്പിച്ചു; മുക്കത്ത് അധ്യാപകനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2024, 8:02 am

മുക്കം: സ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ നിരന്തരമായി പീഡനത്തിനിരയാക്കിയതായി പരാതി. മുക്കം നഗരത്തിലെ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ അധ്യാപകനെതിരെ കേസെടുത്തു.

അഞ്ചാം ക്ലാസ് മുതല്‍ ഏഴാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ പീഡനത്തിനിരയാക്കിയതായാണ് പരാതിയില്‍ പറയുന്നത്.

ശിശുക്ഷേമ സമിതിക്ക് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ സ്‌കൂള്‍ അധ്യാപകന്റെ പീഡനത്തിന് നിരവധി കുട്ടികള്‍ ഇരയായിരുന്നതായാണ് വിവരം.

സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെ അധ്യാപികയോട് കുട്ടികള്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ആരോപണവിധേയനായ അധ്യാപകനെ സംരക്ഷിച്ചുകൊണ്ട് കൗണ്‍സിലിങ്ങ് നടത്തിയ അധ്യാപികയെ സസ്‌പെന്റ് ചെയ്യുന്ന നടപടിയാണ് സ്‌കൂള്‍ കൈക്കൊണ്ടത്.


കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതി കുട്ടികളുടെ മൊഴിയെടുത്തിരുന്നു. എന്നാല്‍ മൊഴിയില്‍ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചതായുള്ള വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് മുക്കം എസ്.എച്ച്.ഒ പറഞ്ഞത്.

അധികൃതരുടെ സമ്മര്‍ദം കാരണം കുട്ടികള്‍ പൊലീസില്‍ മൊഴി മാറ്റി പറഞ്ഞതായിരിക്കാമെന്നാണ് ലഭിക്കുന്ന വിവരം.

ചെറിയ കുട്ടികളടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ അധ്യാപകന്റെ പീഡനത്തിന് ഇരയായതായി മുതിര്‍ന്ന കുട്ടികളും വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇത് വരെ അധ്യാപകനെതിരെ സ്‌കൂള്‍ അധികൃതര്‍ നടപടിയൊന്നുമെടുത്തിട്ടില്ല.

Content Highlight: children were molested; case against teacher in mukkam