കിടന്നുറങ്ങാന്‍ ഇടമില്ല; കോഴിക്കൂട്ടില്‍ പോലും കുട്ടികള്‍ക്ക് കിടപ്പാടമൊരുക്കി പലസ്തീന്‍ ജനത
World
കിടന്നുറങ്ങാന്‍ ഇടമില്ല; കോഴിക്കൂട്ടില്‍ പോലും കുട്ടികള്‍ക്ക് കിടപ്പാടമൊരുക്കി പലസ്തീന്‍ ജനത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th February 2024, 8:36 am

ഗസ: കിടപ്പാടം നഷ്ടപ്പെട്ടതിനാൽ കോഴിക്കൂട്ടില്‍ കുട്ടികളെ കിടത്തി ഉറക്കി പലസ്തീനിലെ ഒരു പിതാവ്. റഫയിലെ ആളൊഴിഞ്ഞ ഒരു ഫാമിലെ കോഴിക്കൂട്ടിലാണ് കുട്ടികള്‍ക്ക് കിടന്നുറങ്ങാന്‍ പിതാവിന് കിടക്ക ഒരുക്കേണ്ടി വന്നത്. റാഫത്ത് ലുക്മാന്‍ എന്ന പിതാവാണ് തന്റെ ദയനീയാവസ്ഥ മാധ്യമങ്ങളോട് പറഞ്ഞത്.

അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നവജാത ശിശുക്കളും കുട്ടികളും അടങ്ങുന്ന ലുക്മാന്റെ 32 അംഗ കുടുംബമാണ് ഫാമില്‍ അഭയം തേടിയത്. പോകാന്‍ മറ്റൊരു ഇടമില്ലാത്തതിനാലാണ് ഫാമിലേക്ക് വരാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

‘കുറച്ച് ദിവസം ഇവിടെ താമസിച്ച് എല്ലാം ഒതുങ്ങിയ ശേഷം പോകാനായിരുന്നു തീരുമാനം. അതിനാല്‍ എല്ലാം സഹിച്ച് ഇവിടെ നിന്നു. പക്ഷെ യുദ്ധം പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടു. എന്റെ മക്കള്‍ക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടായെന്ന് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഇത്തരമൊരു കുട്ടിക്കലാമാണല്ലോ അവര്‍ക്ക് കൊടുക്കാന്‍ സാധിച്ചതെന്നോർത്ത് അവരുടെ മുഖത്തേക്ക് നോക്കുമ്പോഴെല്ലാം എന്റെ ഹൃദയം തകരുകയാണ്. പക്ഷെ ഞാന്‍ വേറെന്ത് ചെയ്യാനാണ്’, ലുക്മാന്‍ പറഞ്ഞു.

എല്ലാവരും ഇപ്പോള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടെന്ന് ലുക്മാന്റെ 12 വയസുള്ള മകള്‍ പറഞ്ഞു. മുമ്പ് ഒരു വീടും നല്ലൊരു കിടപ്പുമുറിയും ഉണ്ടായിരുന്നെന്ന കാര്യം ഓര്‍ക്കാന്‍ പോലും സാധിക്കുന്നില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളാരും മരിച്ചില്ല എന്നതും മാതാപിതാക്കള്‍ ജീവനോടെ ഉണ്ടെന്നതിനാലും ഞങ്ങള്‍ ഇപ്പോഴും ഭാഗ്യവാന്മാരാണ്. സത്യത്തില്‍ കോഴിക്കൂടിൽ ഉറങ്ങാന്‍ എനിക്ക് ഇപ്പോഴും ഭയമാണ്. അവിടെ രാത്രിയാകുമ്പോള്‍ വലിയ തണുപ്പും ഇരുട്ടുമാണ്. അത് വല്ലാതെ ഭയപ്പെടുത്താറുണ്ട്’, മകള്‍ പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഇസ്രഈല്‍ ആക്രമണം ആരംഭിച്ചത് മുതലുള്ള ഗസയിലെ മനുഷ്യരുടെ ജീവിതമാണിത്. ലക്ഷക്കണക്കിന് മനുഷ്യര്‍ക്കാണ് കിടപ്പാടം നഷ്ടപ്പെട്ട് തെരുവുകളിലെ ടെന്റുകളിലും തിങ്ങി നിറഞ്ഞ ക്യാമ്പുകളിലും അഭയം തേടേണ്ടി വന്നത്.

ഗസയിലെ 23 ലക്ഷത്തോളം വരുന്ന ജനങ്ങളില്‍ 85 ശതമാനം പേര്‍ക്കാണ് കിടപ്പാടം നഷ്ടപ്പെട്ടത്. 64 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള റഫയില്‍ ലക്ഷക്കണക്കിന് പലസ്തീനികളാണ് അഭയം തേടിയത്. ജനങ്ങളാല്‍ തിങ്ങിനിറഞ്ഞ റഫയില്‍ പുതിയൊരു ടെന്റ് സ്ഥാപിക്കാന്‍ പോലും മതിയായ സ്ഥലം ലഭിക്കാത്ത സാഹചര്യമാണ്.

Contant Highlight: Children sleep in chicken cages in Rafah